Sub Lead

യാദവരും മുസ്‌ലിംകളും ''കൈയ്യേറിയ'' ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

യാദവരും മുസ്‌ലിംകളും കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
X

ലഖ്‌നോ: യാദവരും മുസ്‌ലിംകളും കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വര്‍ഗീയ-ജാതീയ ഉത്തരവ് വിവാദമായി. സംസ്ഥാനത്തെ 57,691 പഞ്ചായത്തുകളുടെ ഭൂമിയും കുളങ്ങളും മൈതാനങ്ങളും ശ്മശാനങ്ങളും കെട്ടിടങ്ങളും യാദവരും മുസ്‌ലിംകളും കൈയ്യേറിയിട്ടുണ്ടെങ്കില്‍ അവ തിരിച്ചുപിടിക്കണമെന്നാണ് പഞ്ചായത്ത് രാജ് ഡയറക്ടര്‍ തിങ്കളാഴ്ച്ച ഉത്തരവിട്ടത്.

സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍, പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് എങ്ങനെയാണ് സര്‍ക്കാരിന് പറയാനാവുക എന്ന് അദ്ദേഹം ചോദിച്ചു. '' ഇക്കാര്യത്തില്‍ കോടതി ഇടപെടണം. ഇത് ഭരണഘടനാ വിരുദ്ധമാണ്. പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ ആക്രമിക്കും തോറും പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടും.''- അദ്ദേഹം പറഞ്ഞു.

തീവ്രമായ ജാതീയതയും വര്‍ഗീയതയുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി.'' യാദവരെയും മുസ് ലിംകളെയും ഭൂമി കൈയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധവും ജാതീയവും വര്‍ഗീയവുമാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവേചനം കാണിക്കരുതെന്ന ചട്ടത്തിനും ഇത് എതിരാണ്. കുറ്റവാളികളായ മന്ത്രിമാരെയും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിക്കണം.''-അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും ഉത്തരവ് പിന്‍വലിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it