Sub Lead

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; ഒരു എംഎല്‍എ കൂടി രാജിവച്ചു

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; ഒരു എംഎല്‍എ കൂടി രാജിവച്ചു
X

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. ശികോഹോബാദില്‍നിന്നുള്ള ബിജെപി എംഎല്‍എ മുകേഷ് വര്‍മയാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയില്‍നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ. ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന അവകാശവാദവുമായി മല്‍സരത്തിനിറങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് നേതാക്കളുടെ കൂട്ടരാജി. പിന്നാക്ക സമുദായത്തില്‍പ്പെട്ട നേതാവാണ് ഡോക്ടര്‍ കൂടിയായ മുകേഷ് വര്‍മ.

പിന്നാക്ക സമുദായങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വര്‍മയും രാജി നല്‍കിയിരിക്കുന്നത്. സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്റെ പാത ഞങ്ങള്‍ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും. ഇനിയും നേതാക്കള്‍ ബിജെപി വിട്ടുവരും- രാജി വിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വര്‍മ പറഞ്ഞു. കുര്‍ണി വിഭാഗത്തില്‍പ്പെട്ട നേതാവാണ് മുകേഷ് വര്‍മ. യാദവസമുദായം കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുര്‍ണി.

മുകേഷ് വെര്‍മ ബിഎസ്പിയില്‍നിന്നാണ് ബിജെപിയിലെത്തിയത്. യുപിയിലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍നിന്നും ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ഒരു മന്ത്രിയും കൂടി ഉള്‍പ്പടെ മറ്റ് എംഎല്‍എമാര്‍ ബിജെപി വിട്ടത്. ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന മന്ത്രിയും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലെ ശക്തനായ നേതാവുമായിരുന്നു സ്വാമി പ്രസാദ് മൗര്യ. ഇയാള്‍ക്ക് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിങ് ചൗഹാനും രാജിവച്ചിരുന്നു. 24 മണിക്കൂറിനകം രണ്ട് സിറ്റിങ് മന്ത്രിമാരുള്‍പ്പടെ അഞ്ച് എംഎല്‍എമാര്‍ യുപി ബിജെപിയില്‍ നിന്ന് പുറത്തുപോയത് യോഗി പാളയത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പിന്നാക്ക വിഭാഗക്കാരെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നാണ് രാജിക്കത്തില്‍ ദാരാ സിങ് ചൗഹാന്‍ തുറന്നടിച്ചത്. 'സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാളി', എന്ന തലക്കെട്ടോടെ ദാരാസിങ്ങുമായി നില്‍ക്കുന്ന ചിത്രം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ദലിതുകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും യോഗി സര്‍ക്കാരിന് കീഴില്‍ യാതൊരു പരിഗണനയുമില്ലെന്ന് സ്വാമി പ്രസാദ് മൗര്യയും ആരോപിച്ചു.

സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുവരെ എന്‍ഡിഎ സര്‍ക്കാരില്‍നിന്ന് രാജിവച്ചത് രണ്ട് മന്ത്രിമാരടക്കം ഏഴ് എംഎല്‍എമാരാണ്. ബന്ദ ജില്ലയിലെ തിന്ദ്‌വാരിയില്‍നിന്നുള്ള ബ്രിജേഷ് കുമാര്‍ പ്രജാപതി, മൂന്ന് തവണ തുടര്‍ച്ചയായി ഷാജഹാന്‍പൂരിലെ തില്‍ഹാറില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട റോഷന്‍ലാല്‍ വെര്‍മ, ബില്‍ഹൗര്‍ എംഎല്‍എ ഭഗവതി സാഗര്‍, രണ്ട് മന്ത്രിമാര്‍ എന്നിവരാണ് രാജിവച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോവുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

Next Story

RELATED STORIES

Share it