Sub Lead

ഉന്നാവോ ബലാല്‍സംഗക്കേസ്: ഇരയുടെ ജീവന് ഗുരുതര ഭീഷണിയെന്ന് സിബിഐ

കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയെ സുരക്ഷിതമായി പരിപാലിക്കേണ്ടതുണ്ട്. ഇരക്കു ശക്തമായ സുരക്ഷയൊരുക്കണം- സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തിന് അകത്തോ ഇതര സംസ്ഥാനങ്ങളിലോ പെണ്‍കുട്ടിയേയും കുടുംബത്തേയും സുരക്ഷിതമായി താമസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു

ഉന്നാവോ ബലാല്‍സംഗക്കേസ്: ഇരയുടെ ജീവന് ഗുരുതര ഭീഷണിയെന്ന് സിബിഐ
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ബലാല്‍സംഗം ചെയ്‌തെന്നു പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ജീവനു ഗുരുതര ഭീഷണിയെന്ന് സിബിഐ കോടതിയില്‍. സെന്‍ഗാറിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നു നിരന്തരം ഭീഷണി നേരിട്ടിരുന്ന പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കു ട്രക്കിടിച്ചു കയറ്റിയതിനെ തുടര്‍ന്നു എയിംസില്‍ ചികില്‍സയില്‍ കഴിയുകയാണ് നിലവില്‍ പെണ്‍കുട്ടി. ഇക്കഴിഞ്ഞ ജൂലൈയിലുണ്ടായ കാര്‍ അപകടത്തില്‍ പെണ്‍കുട്ടിക്കു ഗുരുതര പരിക്കേല്‍ക്കുകയും രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അപകടം സെന്‍ഗാറും കൂട്ടാളികളും നടത്തിയതാണെന്നു ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയെ സുരക്ഷിതമായി പരിപാലിക്കേണ്ടതുണ്ട്. ഇരക്കു ശക്തമായ സുരക്ഷയൊരുക്കണം- സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തിന് അകത്തോ ഇതര സംസ്ഥാനങ്ങളിലോ പെണ്‍കുട്ടിയേയും കുടുംബത്തേയും സുരക്ഷിതമായി താമസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇരയേയും അമ്മയേയും മൂന്ന് സഹോദരങ്ങളേയും സുരക്ഷിതമായി താമസിപ്പിക്കാന്‍ എന്തു നടപടികളെടുക്കാനാവും എന്ന് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ജഡ്ജി ധര്‍മേഷ് ശര്‍മ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ നേരത്തെ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം ലഭിക്കാറുണ്ട്. ജീവന്‍ വേണമെങ്കില്‍ മൊഴി മാറ്റിപ്പറയണം. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കില്‍ ജീവന്‍ നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു ജയിലില്‍ നിന്നും കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നത്. തങ്ങളുടെ സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നു എംഎല്‍എയുടെ ആളുകളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുല്‍ദീപിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോഴേ ഭീഷണികള്‍ തുടര്‍ന്നിരുന്നു. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി. കുല്‍ദീപിനെതിരേ പരാതി നല്‍കിയാലും സര്‍ക്കാര്‍ എംഎല്‍എയ്‌ക്കൊപ്പമായിരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ജൂലൈയില്‍ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലായിരുന്നു. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നിന് ലഖ്‌നോവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.

Next Story

RELATED STORIES

Share it