Sub Lead

ഉന്നാവോ കേസ് പ്രതിയായ എംഎല്‍എയെ ഉള്‍പെടുത്തി ബിജെപി പരസ്യം

ഉന്നാവോ കേസ് പ്രതിയായ എംഎല്‍എയെ ഉള്‍പെടുത്തി ബിജെപി പരസ്യം
X

ലഖ്‌നോ: പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ അന്വേഷണം നേരിടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ഉള്‍പെടുത്തി ബിജെപി പരസ്യം. ഉത്തര്‍പ്രദേശിലെ ഹിന്ദി പത്രത്തിന്റെ ആദ്യ പേജിലാണ് പീഡനക്കേസ് പ്രതിയെ ഉള്‍പെടുത്തി ബിജെപി പരസ്യം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളും അടങ്ങുന്നതാണ് പരസ്യം.

ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. പിന്നീട് സംഭവത്തില്‍ കേസെടുക്കുകയും ഈ മാസം ഒന്നിന് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നു ബിജെപി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മുഖം മിനുക്കല്‍ നടപടി മാത്രമാണെന്നു വ്യക്തമാക്കുന്നതാണ് പരസ്യത്തില്‍ സെന്‍ഗറിനെ ഉള്‍പെടുത്തിയ നടപടി. ഹീന കുറ്റകൃത്യം ചെയ്ത് ജയിലില്‍ കഴിയുന്ന സെനഗറിനെ ഹീറോയായാണ് ബിജെപി കാണുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചു.

അതേസമയം പരസ്യം അച്ചടിച്ച് വന്നത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിപ്പിച്ചു കൊലപാതകത്തിനു ശ്രമിച്ച സംഭവവും കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.

അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഈ കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ നേരത്തെ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കില്‍ ജീവന്‍ നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു ജയിലില്‍ നിന്നും കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നത്. തങ്ങളുടെ സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നു എംഎല്‍എയുടെ ആളുകളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുല്‍ദീപിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോഴേ ഭീഷണികള്‍ തുടര്‍ന്നിരുന്നു. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി. കുല്‍ദീപിനെതിരേ പരാതി നല്‍കിയാലും സര്‍ക്കാര്‍ എംഎല്‍എയ്‌ക്കൊപ്പമായിരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലായിരുന്നു. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്.

Next Story

RELATED STORIES

Share it