Sub Lead

യുക്രെയിന്‍ തിരിച്ചടി തുടങ്ങി; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഹെലികോപ്റ്ററും വെടിവച്ചിട്ടു

വിമാനങ്ങളിലുണ്ടായിരുന്ന റഷ്യന്‍ സൈനികരെ യുക്രെയിന്‍ പിടിച്ചുവച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. നരകത്തിലേക്ക് സ്വാഗതം എന്നാണ് യുക്രെയിന്‍ റഷ്യയ്ക്ക് നല്‍കിയ മറുപടി.

യുക്രെയിന്‍ തിരിച്ചടി തുടങ്ങി; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഹെലികോപ്റ്ററും വെടിവച്ചിട്ടു
X

മോസ്‌കോ: കര, വ്യോമ, നാവികസേനകളുടെ അകമ്പടിയോടെ ഇരച്ചുകയറിയ റഷ്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കി യുക്രെയിന്‍. റഷ്യന്‍ ആക്രമണത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കിഴക്കന്‍ യുക്രെയിനില്‍ അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രെയിന്‍ സൈന്യം അവകാശപ്പെട്ടു. ഒരു റഷ്യന്‍ ഹെലികോപ്റ്ററും തകര്‍ത്തതായി റിപോര്‍ട്ടുണ്ട്. ജോയിന്റ് ഫോഴ്‌സ് ഓപറേഷനില്‍ പ്രദേശത്ത് റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടുണ്ട്- ആര്‍മി ജനറല്‍ സ്റ്റാഫ് പറഞ്ഞു.

വിമാനങ്ങളിലുണ്ടായിരുന്ന റഷ്യന്‍ സൈനികരെ യുക്രെയിന്‍ പിടിച്ചുവച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. നരകത്തിലേക്ക് സ്വാഗതം എന്നാണ് യുക്രെയിന്‍ റഷ്യയ്ക്ക് നല്‍കിയ മറുപടി. രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിക്കാന്‍ യുക്രെയിന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു.

ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്ന് അഭ്യര്‍ഥിച്ച യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി സൈന്യം തിരിച്ചടിക്കുകയാണെന്ന് അറിയിച്ചു. തൊട്ടുപിന്നാലെയാണ് 5 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയിന്‍ അവകാശപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിലല്ല ആക്രമണമെന്ന് റഷ്യ അറിയിച്ചെങ്കിലും പുറത്തുവന്ന ദൃശ്യങ്ങളില്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് വ്യക്തമാണ്. യുക്രെയിന്‍ നഗരങ്ങളായ ഒഡേസയിലും മാരിയോപോളിലും റഷ്യന്‍ സൈന്യമെത്തി.

ആക്രമണം യുക്രെയിന്‍ സൈനിക സംവിധാനങ്ങള്‍ക്കുനേരെയെന്ന് റഷ്യ അവകാശപ്പെട്ടു. നഗരങ്ങള്‍ക്കുനേരേ മിസൈല്‍ ആക്രമണം നടത്തില്ലെന്നും റഷ്യന്‍ പ്രതിരോധവകുപ്പ് ഉറപ്പുനല്‍കി. രണ്ട് പട്ടണങ്ങള്‍ റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. യുക്രെയിന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയിനിലെ സൈനികനടപടി അനിവാര്യമെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രെയിനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

പ്രതിരോധത്തിന് മുതിരരുതെന്ന്് യുക്രെയിന്‍ സൈന്യത്തിന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയിന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. മാനുഷികത പരിഗണിച്ച് സൈന്യത്തെ തിരികെ വിളിക്കണമെന്ന് റഷ്യയോട് യുഎന്‍ അഭ്യര്‍ഥിച്ചു. അതേസമയം, റഷ്യയുടേത് നീതികരിക്കാനാത്ത നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും നാറ്റോ സഖ്യവും ഉചിത മറുപടി നല്‍കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ബൈഡന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it