Sub Lead

റെജാസിനെതിരെ യുഎപിഎ ചുമത്തി

റെജാസിനെതിരെ യുഎപിഎ ചുമത്തി
X

നാഗ്പൂര്‍: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റെജാസ് എം ഷീബ സിദ്ദീഖി(26)നെതിരെ നാഗ്പൂര്‍ പോലിസ് യുഎപിഎ ചുമത്തി. മേയ് 14ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. നിരോധിത സംഘടനയിലെ അംഗത്വം, നിരോധിത സംഘടനക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് ഈ വകുപ്പുകളിലെ കുറ്റം. ഇതിന് പുറമെ ഇന്ത്യാ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കല്‍, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍ എന്നീ വകുപ്പുകളും കേസിലുണ്ട്. റെജാസിനെ പത്ത് ദിവസം കൂടി ചോദ്യം ചെയ്യണമെന്നാണ് പോലിസിന്റെ ആവശ്യം.

തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നാഗ്പൂരില്‍ വച്ച് റെജാസിനെ പോലിസ് അറസ്റ്റ് ചെയ്തത്. പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ കഗാര്‍ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമര്‍ശിച്ചതായും എഫ്‌ഐആറിലുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റെജാസ് ചോദിച്ചതായും ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ് റെജാസെന്ന് പോലിസ് ആരോപിക്കുന്നുണ്ട്. ഡല്‍ഹി സര്‍വകാലാശാല പ്രഫസറായിരുന്ന പ്രഫ. ജി ആന്‍ സായ്ബാബയെ കുറിച്ചുള്ള പുസ്തകം, മാര്‍ക്‌സിത്തെ കുറിച്ചുള്ള പുസ്തകം തുടങ്ങിയവയും വിധ്വംസക സാഹിത്യമെന്ന പോലെ പിടിച്ചെടുത്തിട്ടുണ്ട്.

ക്യാംപയിന്‍ എഗെയിന്‍സ്റ്റ് സ്‌റ്റേറ്റ് റിപ്രഷന്‍ എന്ന സംഘടന ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റെജാസ് പങ്കെടുത്തിരുന്നത്. ഡോക്യുമെന്ററി സംവിധായകന്‍ സഞജയ് ഖാഖ്, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയാണിത്. അവിടെ നിന്നു മടങ്ങുമ്പോഴാണ് നാഗ്പൂരില്‍ എത്തിയത്.

കേരള സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് പഠിച്ച റെജാസ്, മനുഷ്യാവകാശം, അടിച്ചമര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ മക്തൂബ്, കൗണ്ടര്‍ കറന്റ്‌സ്, ഒബ്‌സര്‍വര്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതാറുണ്ടായിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഡിഎസ്എ) എന്ന വിദ്യാര്‍ഥി സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റെജാസിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്. കശ്മീരികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിന് ഏപ്രില്‍ 29ന് പോലിസ് കേസെടുത്തിരുന്നു. കളമശേരിയില്‍ മാര്‍ട്ടിന്‍ എന്നയാള്‍ നടത്തിയ ബോംബാക്രമണത്തില്‍ മുസ്‌ലിംകളെ കസ്റ്റഡിയില്‍ എടുത്തതിനെ വിമര്‍ശിച്ചതിനും റെജാസിനെതിരെ നേരത്തെ പോലിസ് കേസെടുത്തിരുന്നു. കൊടകിലെ ആദിവാസി യുവാവിന്റെ മരണം റിപോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Next Story

RELATED STORIES

Share it