Sub Lead

സി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്

പെരിന്തല്‍മണ്ണ എഎസ്പി ഓഫിസില്‍ ഒരാഴ്ചയ്ക്കകം ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്തിന് ഇക്കഴിഞ്ഞ 16ന് പോലിസ് നോട്ടീസ് അയച്ചിരുന്നു

സി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്
X

പെരിന്തല്‍മണ്ണ: സിപിഐ മാവോയിസ്റ്റ് നേതാവ്‌ സി പി ജലീല്‍ വയനാട് വൈത്തിരിയില്‍ പോലിസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ചതിനു സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യുഎപിഎ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. 'ധീര രക്തസാക്ഷി സഖാവ് സി പി ജലീലിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടര്‍ബോള്‍ട്ട് ഭീകരസേനയെ പിരിച്ചുവിടുക' തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചാണ് ജീലിലിന്റെ സഹോദരന്‍ സി പി നഹാസ്, ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍ എന്നിവര്‍ക്കെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തത്. യുഎപിഎ സെക്്ഷന്‍ 39(1), എ(1) (2), ഐപിസി 124(എ), 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശനാണ് കേസന്വേഷിക്കുന്നത്. പെരിന്തല്‍മണ്ണ എഎസ്പി ഓഫിസില്‍ ഒരാഴ്ചയ്ക്കകം ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്തിന് ഇക്കഴിഞ്ഞ 16ന് പോലിസ് നോട്ടീസ് അയച്ചിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന് അനുഭാവം പ്രകടിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമായ പോസ്റ്റര്‍ പതിച്ചതായി ശ്രദ്ധയില്‍പെട്ടെന്നും പോസ്റ്ററില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളിലൊന്ന് താങ്കളുടെ വിലാസത്തിലുള്ളതാണെന്നും നോട്ടീസിലുള്ളത്. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന വിധത്തില്‍ സമൂഹത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റര്‍ പതിച്ചതെന്നും പോലിസ് വ്യക്തമാക്കുന്നു.

അതേസമയം, സി പി ജലീല്‍ വധവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറെ ചര്‍ച്ചയായപ്പോള്‍ പോസ്റ്റര്‍ പതിച്ചതിനൊന്നും യുഎപിഎ ചുമത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലിസിനു നിര്‍ദേശം നല്‍കിയതായി അറിയിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിടുമ്പോള്‍ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചാണ് വീണ്ടും യുഎപിഎ ചുമത്തിയിട്ടുള്ളത്. എന്നാല്‍, കള്ളക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും പുരോഗമന യുവജന പ്രസ്ഥാനം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it