Sub Lead

സൗദിയുടെ വ്യോമാക്രമണം; യെമനില്‍ നിന്ന് ''ഭീകരവിരുദ്ധ'' സേനയെ പിന്‍വലിക്കുമെന്ന് യുഎഇ

സൗദിയുടെ വ്യോമാക്രമണം; യെമനില്‍ നിന്ന് ഭീകരവിരുദ്ധ സേനയെ പിന്‍വലിക്കുമെന്ന് യുഎഇ
X

അബൂദബി: യെമനില്‍ നിന്നും 'ഭീകരവിരുദ്ധ'' സേനയെ പിന്‍വലിക്കുമെന്ന് യുഎഇ. തെക്കന്‍ യെമനിലെ എസ്ടിസി സംഘടനക്ക് ആയുധങ്ങളുമായി യുഎഇയിലെ ഫുജൈറയില്‍ നിന്നും എത്തിയ കപ്പലുകളെ യെമനിലെ മുക്കാല തുറമുഖത്ത് വച്ച് സൗദി സൈന്യം ആക്രമിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം. സാഹചര്യങ്ങള്‍ പരിശോധിച്ചാണ് പുതിയ തീരുമാനമെടുത്തതെന്ന് യുഎഇ അറിയിച്ചു. 'സമീപകാല സംഭവവികാസങ്ങളുടെയും ഭീകരവിരുദ്ധ ദൗത്യങ്ങളുടെ സുരക്ഷയിലും പുതിയ തീരുമാനം പ്രഖ്യാപിക്കുകയാണ്. യെമനില്‍ ശേഷിക്കുന്ന ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ സ്വന്തം ഇഷ്ടപ്രകാരം പിരിച്ചുവിടുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലായിരിക്കും അത് ചെയ്യുക.''-പ്രസ്താവന പറയുന്നു.

ഹദ്രമൗത്ത് പ്രദേശത്ത് യുഎഇ പിന്തുണയുള്ള എസ്ടിസി നടത്തുന്ന സൈനികനീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സൗദി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്ടിസി സൈനികനീക്കം തുടര്‍ന്നാല്‍, യെമനിലെ സംഘര്‍ഷം രൂക്ഷമാവാതിരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി സഖ്യം വക്താവ് ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞിരുന്നു. എസ്ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ മേധാവി റഷാദ് അല്‍ അലിമിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സൗദി സഖ്യം നിലപാട് വ്യക്തമാക്കിയതും ആക്രമണം നടത്തിയതും.

ആദ്യകാലത്ത് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എസ്ടിസി പിന്നീട് സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് അവിടെ ഭരണവും ആരംഭിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഡിസംബറില്‍ പിടിച്ച ഈ പ്രദേശങ്ങളില്‍ നിന്നും എസ്ടിസി പിന്‍മാറണമെന്ന് സൗദി സഖ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എസ്ടിസി ഈ ആവശ്യം നിരസിച്ചു.

യെമന്‍-സൗദി അതിര്‍ത്തിയില്‍ അന്‍സാറുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നത് മാത്രമാണ് തങ്ങളുടെ നിലപാടെന്നാണ് സൗദി പറയുന്നത്. എന്നാല്‍, പ്രദേശത്തെ പ്രധാന തുറമുഖങ്ങളും കപ്പല്‍പാതകളും നിയന്ത്രിക്കലാണ് യുഎഇയുടെ ആവശ്യം. ഏഥന്‍ കേന്ദ്രമായ സര്‍ക്കാരിന് കീഴില്‍ യെമനെ ഐക്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍, തെക്കന്‍ യെമനെ പ്രത്യേക രാജ്യമാക്കലാണ് എസ്ടിസിയുടെ ലക്ഷ്യം. അതേസമയം, എസ്ടിസിയും സൗദി സഖ്യവും തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് ഇസ്രായേലിനെ സഹായിക്കാനാണെന്ന് സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ല സര്‍ക്കാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it