Sub Lead

കത്വ കേസ് അന്തിമഘട്ടത്തില്‍; ജമ്മുവിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ?

പ്രതിഭാഗം അഭിഭാഷകര്‍ തിങ്കളാഴ്ച്ച അവരുടെ അന്തിമവാദം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജെ കെ ചോപ്രയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ വിഭാഗം തങ്ങളുടെ അന്തിമ പ്രസ്താവന നടത്തും. അതിന് ശേഷമായിരിക്കും വിധിപ്രസ്താവം നടക്കുക.

കത്വ കേസ് അന്തിമഘട്ടത്തില്‍; ജമ്മുവിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ?
X

പത്താന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തില്‍. രാജ്യവ്യാപക പ്രതിഷേധത്തിനിടയായ കേസിന്റെ വിചാരണ നടക്കുന്നത് പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലാണ്. പ്രതിഭാഗം അഭിഭാഷകര്‍ തിങ്കളാഴ്ച്ച അവരുടെ അന്തിമവാദം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജെ കെ ചോപ്രയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ വിഭാഗം തങ്ങളുടെ അന്തിമ പ്രസ്താവന നടത്തും. അതിന് ശേഷമായിരിക്കും വിധിപ്രസ്താവം നടക്കുക.

കത്വ കേസിലെ പ്രതികളെ മുഴുവന്‍ വെറുതെ വിട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ പറഞ്ഞതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രണ്ടും വാസ്തവമല്ലെന്നാണ് വ്യക്തമാവുന്നത്.

ജമ്മു കശ്മീരില്‍ നിന്ന് കേസ് പത്താന്‍കോട്ടിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ് വന്നതിന് ശേഷം കഴിഞ്ഞ ജൂണ്‍ മുതല്‍ അതിവേഗതയിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജമ്മു കശ്മീരിലെ സംഘപരിവാര അനുകൂലികളായ അഭിഭാഷകര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് ക്രൈംബ്രാഞ്ചിനെ തടഞ്ഞതിനെ തുടര്‍ന്നാണ് കേസ് പഞ്ചാബിലേക്കു മാറ്റിയത്.

കേസ് ഏറ്റെടുത്ത ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച് പ്രായ പൂര്‍ത്തിയാകാത്ത ഒരാളും രണ്ട് പോലിസുകാരുമുള്‍പ്പെടെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. ഭരണകക്ഷികളായ പിഡിപിയും ബിജെപിയും തമ്മില്‍ ഭിന്നത ഉടലെടുക്കാനുള്ള പ്രധാന കാരണം ഈ കേസായിരുന്നു. കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ചൗധരി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ രണ്ട് ബിജെപി എംഎല്‍എമാരെ പുറത്താക്കേണ്ടി വന്നിരുന്നു.

ഗ്രാമ മുഖ്യന്‍ സന്‍ജി റാം, മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത ഇയാളുടെ മരുമകന്‍, സുഹൃത്ത് ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സന്‍ജി റാമില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങി പ്രധാന തെളിവുകള്‍ നശിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത എന്നിവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

എട്ടില്‍ ഏഴ് പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ജില്ലാ, സെഷന്‍സ് ജഡ്ജിമാര്‍ ചുമത്തിയത്. പ്രായം സംബന്ധിച്ച തര്‍ക്കം ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരായ വിചാരണ ആരംഭിച്ചിട്ടില്ല.

സുപ്രിം കോടതി ഇടപെടലിനെ തുടര്‍ന്ന് ഏഴ് പ്രതികളെയും ഗുര്‍ദാസ്പൂര്‍ ജയിലിലേക്കു മാറ്റിയിരുന്നു. ഏപ്രില്‍ 9നാണ് ക്രൈംബ്രാഞ്ച് കത്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ പോലിസിനെ തടയാന്‍ ശ്രമിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ജനുവരി 10ന് തട്ടിക്കൊണ്ടുപോകപ്പെട്ട എട്ട് വയസ്സുകാരിയെ കത്വ ജില്ലയിലെ ചെറിയ ഗ്രാമീണ ക്ഷേത്രത്തില്‍ നാല് ദിവസത്തോളം മയക്കുമരുന്ന് നല്‍കി ബലാല്‍സംഗത്തിനിരയാക്കിയതായും ഇതേ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നാടോടികളെ പ്രദേശത്ത് നിന്ന് ഓടിക്കാന്‍ തയ്യാറാക്കിയ ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു തട്ടിക്കൊണ്ടു പോകവും ബലാല്‍സംഗവും കൊലപാതകവുമെന്നും 15 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

ഇരയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അമിത ഡോസില്‍ മയക്കു മരുന്ന് നല്‍കിയതായുള്ള തെളിവുകള്‍ വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു. ഇത് കുട്ടിയെ കോമയിലേക്ക് നയിച്ചിരിക്കാമെന്നും അതുകൊണ്ടാവാം ഇത്രയും ദിവസം പീഡനത്തിനിരയാക്കിയപ്പോഴും കുട്ടിക്ക് കരയാനോ പ്രതികരിക്കാനോ സാധിക്കാതിരുന്നതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it