ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് മുന്നിൽ അമേരിക്ക മുട്ടുകുത്തിയ സ്ഥലം
മുഹമ്മദ് ഫഹീം ടി സി
ഹാഫിസ് ഷിറാസിയും സഅദി ഷിറാസിയും അന്ത്യവിശ്രമിക്കുന്ന ഷിറാസ് നഗരത്തിലൂടെ ശാഹ് ചിറാഗും വക്കീൽ ബസാറും പിങ്ക് മോസ്‌കും സന്ദർശിച്ചു കൊണ്ട് ഭൂമിയുടെ പകുതി (നിസ്‌ഫെ ജഹാൻ) എന്ന് അറിയപ്പെട്ടിരുന്ന ഇസ്ഫഹാനിലെ നക്‌ശെ ജഹാൻ സ്ക്വയറും കൈസരിയ ബസാറും സഞ്ചരിച്ചു കൊണ്ട് ഞാൻ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ എത്തി.
ടെഹ്‌റാൻ....നമ്മുടെ സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന സ്ഥലം. നമ്മളിൽ പലരും കരുതുന്നുണ്ടാവുക ഇറാൻ എന്നാൽ വലിയ പുരോഗതിയൊന്നും ഇല്ലാത്ത ഒരു നാട് എന്നാവും. എന്നാൽ നിങ്ങൾ ടെഹ്റാനിൽ വന്നു കഴിഞ്ഞാൽ ഇത് ഇറാനിൽ തന്നെയാണോ എന്ന് കരുതിപ്പോകും. അത്രയും വികസിതമായ വീതിയുള്ള റോഡുകളുള്ള നഗരത്തിലെ ഏത് ഭാഗത്തേക്കും മെട്രോയിൽ സഞ്ചരിക്കാൻ കഴിയുന്ന ഏതൊരു വികസിത രാജ്യത്തെയും പോലെയുള്ള തലസ്ഥാനമാണ് ടെഹ്‌റാൻ. ബസ്സുകൾക്ക് പ്രത്യേക ലൈനുകൾ നീളം കൂടിയ ട്രോളി ബസ്സുകൾ സുന്ദരമായ കെട്ടിടങ്ങൾ ജനങ്ങളുടെ വേഷവിധാനങ്ങളിൽ പോലും നമുക്ക് അത് മനസ്സിലാക്കുവാൻ സാധിക്കും.
ടെഹ്റാനിലെ ചരിത്ര പ്രസിദ്ധമായ ആസാദി സ്ക്വയറും മിലിറ്ററി മ്യുസിയവും തജ്‍രീഷും ഗൊലിസ്താൻ പാലാസുമൊക്കെ കണ്ടുവെങ്കിലും അതിനേക്കാളുമേറെ എന്നെ ആകർഷിച്ച ഒരു സ്ഥലമുണ്ട്. അമേരിക്ക ഇറാന്റെ മേൽ ഉപരോധം ഏർപ്പെടുത്താൻ ഇടയാക്കിയ സംഭവം നടന്ന ആ സ്ഥലത്തേക്ക് ഞാൻ നടന്നു. വലിയ ഗേറ്റിന് മുന്നിലുള്ള ബോർഡിൽ എഴുതിയ പേര് ഞാൻ വായിച്ചു....
" US Den of Espionage, Former US Embassy" (മുൻ US എംബസി, അമേരിക്കൻ ചാരവൃത്തിയുടെ കേന്ദ്രം).
1979 ഫെബ്രുവരിയിലെ വിപ്ലവം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കു ശേഷം, കൃത്യമായി പറഞ്ഞാൽ നവംബർ നാലാം തിയ്യതി കുറച്ചു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഈ ഗേറ്റും മതിലും ചാടിക്കടന്നു കൊണ്ട് അമേരിക്കൻ എംബസിയുടെ അകത്തു കടന്നു. എംബസിയുടെ അകത്തു പ്രവേശിച്ച വിദ്യാർത്ഥികൾ അകത്തുണ്ടായിരുന്ന അറുപതിൽ അധികം എംബസി ഉദ്യോഗസ്ഥരെ ബന്തികളാക്കി. ഒന്നും രണ്ടും ദിവസമല്ല നീണ്ട 444 ദിവസം.! യഥാർത്ഥത്തിൽ ഏതാനും മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങളോ എംബസി കയ്യടക്കി ഉദ്യോഗസ്ഥരെ ബന്തികളാക്കാനായിരുന്നു വിദ്യാർത്ഥികൾ ഉദ്ദേശിച്ചിരുന്നത്. അമേരിക്കയിൽ അഭയം തേടിയ ഇറാന്റെ മുൻ രാജാവ് റെസ ഷായെ വിട്ടു കൊടുക്കാനും അമേരിക്ക മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കൾ തിരിച്ചു നൽകണമെന്നുമുള്ള ആവശ്യം അറിയിക്കാനുമായിരുന്നു ഇങ്ങനെ ഒരു സമരമുറ വിദ്യാർത്ഥികൾ ആവിഷ്കരിച്ചത്. കുറച്ചു കഴിഞ്ഞാൽ ഇറാൻ ഭരണകൂടം ഇടപെട്ട് കൊണ്ട് ബന്തികളെ മോചിപ്പിക്കും എന്ന് കരുതിയ വിദ്യാർത്ഥികളെ ഞെട്ടിച്ച് കൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ കൊമെയ്‌നിയുടെ സന്ദേശം വന്നു. "ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തിനേക്കാളും വലിയ വിപ്ലവമാണിത്" എന്നാണ് കൊമെയ്‌നി പറഞ്ഞത്. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ബന്തികളെ മോചിപ്പിക്കില്ലെന്ന് കൊമെയിനിയും പറഞ്ഞതോടെ ബന്തി നാടകം വേറൊരു തലത്തിലേക്ക് മാറുകയായിരുന്നു. ഒടുവിൽ ഒരു വർഷത്തിന് ശേഷം നടന്ന ചർച്ചകൾക്കൊടുവിൽ അമേരിക്ക ഉപരോധം പിൻവലിച്ചതോടെ ബന്തികളെ മോചിപ്പിക്കുകയാണുണ്ടായത്.
ഞാൻ ടിക്കറ്റ് എടുത്തു ഗേറ്റിന്റെ അകത്തു കയറി. മുന്നിൽ ഉള്ള കൊടിമരത്തിൽ ഇപ്പോഴും അമേരിക്കൻ പതാകയുണ്ട്. തല കീഴായി താഴ്ത്തിക്കെട്ടി കീറിപ്പറിഞ്ഞിരിക്കുന്നു എന്ന് മാത്രം. ഞാൻ എംബസിയുടെ അകത്തേക്ക് നടന്നു. എംബസി കയ്യേറിയ സമയത്ത് ലഭിച്ച സുപ്രധാന രേഖകളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ചുമരുകളിലുള്ള ചിത്രങ്ങൾ നോക്കി അങ്ങനെ നിൽകുമ്പോൾ അവിടെയുള്ള ഗൈഡ് വന്നു പരിചയപ്പെട്ടു. അലി എന്നാണ് പേര്. അലി എന്നെയും മറ്റു രണ്ട് ടൂറിസ്റ്റുകളെയും കൂട്ടി എംബസിയിൽ നടന്നു കൊണ്ടിരുന്ന പ്രവർത്തനങ്ങൾ കാണിച്ചു തരികയും വിശദീകരിച്ച് തരികയും ചെയ്തു. ശരിക്കും ചാരവൃത്തിയുടെ ഒരു കേന്ദ്രം തന്നെയായിരുന്നു അമേരിക്കൻ എംബസി. ചാരപ്പണിക്ക് വേണ്ടി പലതരം മിഷിനറികളാണ് അവിടെ ഉപയോഗിച്ചിരുന്നത്. ഇനി ആവശ്യം വന്നാൽ എല്ലാ രേഖകളും നശിപ്പിച്ചു കളയാനുള്ള മെഷിനറികളും ഉണ്ട്. എംബസി കയ്യേറിയ സമയത്ത് എംബസി ഉദ്യോഗസ്ഥർ ഇങ്ങനെ കുറെ രേഖകൾ നശിപ്പിച്ചിരുന്നു. എന്നാൽ ഇറാനികൾ അതിൽ നല്ലൊരു പങ്കും യോജിപ്പിച്ചു വീണ്ടെടുക്കുകയാണ് ഉണ്ടായത്. ഇങ്ങനെ ലഭിച്ച പല സുപ്രധാന രേഖകളെ കുറിച്ചും പിന്നീട് കുറെ പുസ്തകങ്ങൾ തന്നെ ഇറക്കുകയുണ്ടായി.
ചുമരുകളിൽ വിപ്ലവകാരികൾ എഴുതിവെച്ച സന്ദേശങ്ങൾ ഇപ്പോഴും കാണാം. വളരെ സങ്കീർണമായിരുന്നു എംബസിയുടെ പ്രവർത്തനങ്ങൾ. ചില റൂമുകളിൽ എന്താണ് നടക്കുന്നത് എന്ന് എംബസി ഉദ്യോഗസ്ഥർക്ക് പോലും അറിയില്ലായിരുന്നു. സംസാരം പുറത്തു കേൾക്കാതിരിക്കാനായി സൗണ്ട് പ്രൂഫ് റൂമും സിഗ്നൽ ജാമറുകളും ഉപയോഗിച്ചിരുന്നു. അതെല്ലാം ഗൈഡ് ഞങ്ങൾക്ക് കൃത്യമായി വിവരിച്ചു തന്നു. ഒടുവിൽ ബന്തി നാടകത്തെ കുറിച്ചുള്ള ഒരു വീഡിയോ പ്രസന്റേഷനും കാണിച്ചിട്ടാണ് ഞങ്ങളെ വിട്ടത്.
എംബസിയുടെ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ അമേരിക്ക ബന്തികളെ മോചിപ്പിക്കാൻ ശ്രമിച്ച സംഭവങ്ങളെ കുറിച്ചും പരാമർശിക്കേണ്ടതുണ്ട്. എംബസി കയ്യേറുമ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട ആറ് അമേരിക്കൻ ഉദ്യോഗസ്ഥർ കനേഡിയൻ എംബസിയിൽ അഭയം തേടിയിരുന്നു. ഇവരെ പിന്നീട് രണ്ടു മാസത്തിനു ശേഷം കനേഡിയൻ പാസ്‌പോർട് ഉപയോഗിച്ച് കൊണ്ട് ഇറാനിൽ നിന്നും പുറത്തെത്തിക്കുകയാണ് ചെയ്തത്. ഈ സംഭവത്തെ ആസ്പദമാക്കി "ആർഗോ" എന്ന പേരിൽ ഒരു ഇംഗ്ലീഷ് സിനിമയും ഇറങ്ങിയിരുന്നു. എന്നാൽ ബാക്കിയുള്ള ബന്തികളെ മോചിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം വലിയ പരാജയത്തിലാണ് കലാശിച്ചത്. നൂറിൽ അധികം അമേരിക്കൻ സൈനികരെയും കൊണ്ട് എട്ട് ഹെലികോപ്റ്ററുകളും സൈനിക വിമാനങ്ങളും ടെഹ്‌റാൻ ലക്ഷ്യമാക്കി നീങ്ങി. എന്നാൽ വഴി മദ്ധ്യേ നടന്ന അപകടങ്ങളിൽ മൂന്നു ഹെലികോപ്റ്ററുകളും ഒരു വിമാനവും നഷ്ടപ്പെട്ടു. കൂടാതെ ഒൻപത് അമേരിക്കൻ സൈനികർ മരണപ്പെടുകയും ചെയ്തു. ഇതോടെ സൈനിക നീക്കം ഉപേക്ഷിച്ച് മടങ്ങുകയാണ് ചെയ്തത്. പിന്നീട് അമേരിക്കൻ ബന്തികളെ ഇറാൻ ഭരണകൂടം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മാറ്റിപ്പാർപ്പിച്ചതോടെ രക്ഷാ ദൗത്യം അസാധ്യമായി.
ഗൈഡ് അലിയോട് നന്ദി പറഞ്ഞു കൊണ്ട് ഞാൻ എംബസിയിൽ നിന്നും പുറത്തിറങ്ങി. അടുത്ത് കണ്ട ബെഞ്ചിൽ എംബസിയും നോക്കി കുറച്ചു നേരം ഇരുന്നു. എന്റെ മനസ്സ് അപ്പോഴും 1979 നവമ്പറിലെ ആ പ്രഭാധത്തിലായിരുന്നു. ലോക ശക്തിയായ അമേരിക്കയുടെ എംബസി കയ്യേറിയ ആ വിദ്യാർത്ഥികളുടെ ഇച്ഛാ ശക്തിയെ കുറിച്ച് ഞാൻ ചിന്തിച്ചു. സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി തങ്ങളുടെ യൗവനം സമർപ്പിച്ചവരായിരുന്നു അവർ. അവരുടെ ഇച്ഛാശക്തിക്കു മുന്നിൽ അമേരിക്ക എന്ന ലോക ശക്തിക്ക് മുട്ടുമടക്കേണ്ടി വന്നു. ഇത് പോലെ ഒരു രാജ്യം നേരിടുന്ന ഭീഷണിയെ പ്രതിരോധിക്കുവാൻ ആ രാജ്യത്തിന്റെ യുവ തലമുറ തങ്ങളുടെ യൗവനം സമർപ്പിക്കുമ്പോഴാണ് പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
എംബസിയുടെ മതിലുകൾ നിറയെ അമേരിക്കൻ വിരുദ്ധ ഗ്രാഫിറ്റികളാണ്. അമേരിക്കൻ സാമ്രാജ്യത്തത്തോടുള്ള അടങ്ങാത്ത അമർശമാണ് ഓരോ ചിത്രങ്ങളിലും കാണാൻ സാധിക്കുക. ഇന്ന് എല്ലാ വർഷവും നവംബർ നാലാം തിയ്യതി അമേരിക്കൻ എംബസി കയ്യേറിയ ദിനം ആഘോഷിക്കുകയാണ് ഇറാൻ. സാമ്രജ്യത്ത ദാർഷ്ട്യത്തിനെതിരെ രാജ്യത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങളിൽ വമ്പിച്ച റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചു കൊണ്ട് തങ്ങൾ തോൽക്കാൻ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുകയാണ് ഒരു ജനത.
RELATED STORIES
സ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTകൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT