Sub Lead

യുപി സര്‍ക്കാരിന് കനത്ത തിരിച്ചടി; പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുന്നത് കുറ്റകൃത്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അനുമതിയില്ലാതെ കശാപ്പിനായി മൃഗങ്ങളെ കൊണ്ടുപോവുന്നു എന്ന കുറ്റത്തിന് വാഹനം പിടിച്ചെടുക്കാന്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

യുപി സര്‍ക്കാരിന് കനത്ത തിരിച്ചടി; പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുന്നത് കുറ്റകൃത്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി
X

Transportation of cows not an offence: Allahabad HC: പശുക്കടത്ത് ആരോപിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഹിന്ദുത്വര്‍ക്ക് ഒത്താശ പാടുകയും ചെയ്യുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന് അകത്ത് പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുന്നത് കുറ്റകൃത്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഗോവധ നിരോധന നിയമത്തിന്റെ ലംഘനമായി ഇതിനെ കണക്കാക്കാനാവില്ല. അനുമതിയില്ലാതെ കശാപ്പിനായി മൃഗങ്ങളെ കൊണ്ടുപോവുന്നു എന്ന കുറ്റത്തിന് വാഹനം പിടിച്ചെടുക്കാന്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

സംസ്ഥാനത്തിനകത്ത് പശുക്കളെയും പശുക്കുട്ടികളെയും കൊണ്ടുപോവുന്നതിന് അനുമതി ആവശ്യമില്ലെന്ന് മുഹമ്മദ് ഷാക്കിബ് എന്നയാളുടെ ഹരജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് അസ്‌ലം വ്യക്തമാക്കി. 2021 ആഗസ്തിലാണ് നിയമപരമായ അധികാരമില്ലാതെ അനധികൃതമായി പശുക്കളെ കയറ്റിക്കൊണ്ടുപോയെന്നാരോപിച്ച് ട്രക്ക് യുപി പോലിസ് പിടിച്ചെടുത്തത്.

തുടര്‍ന്ന് യുപിയിലെ ഗോവധ നിരോധന നിയമം തടയല്‍ നിയമം, മൃഗപീഡനം തടയല്‍ നിയമം എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ട്രക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഉടമ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയെങ്കിലും തള്ളി. അതിനുശേഷം അദ്ദേഹം ക്രിമിനല്‍ റിവിഷന്‍ ഫയല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെയും റിവിഷനല്‍ കോടതിയുടെ ഉത്തരവിനെയും ചോദ്യം ചെയ്ത് അദ്ദേഹം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ 5 എ പ്രകാരമുള്ള അനുമതിയില്ലാതെ പശുവിനെയും പശുക്കുട്ടികളെയും ഉത്തര്‍പ്രദേശിനുള്ളില്‍ കൊണ്ടുപോവാന്‍ കഴിയില്ലെന്ന് യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു. പശുവിനെ പിടിച്ചെടുക്കുന്നതും പശുവിനെയും പശുക്കുട്ടികളെയും കടത്തുന്ന ഗതാഗത നിയമവും നിയമങ്ങള്‍ക്കു കീഴിലായി പിന്നീട് ചേര്‍ത്ത മറ്റ് വ്യവസ്ഥകളും അഭിഭാഷകന്‍ പരാമര്‍ശിച്ചു. മേല്‍പ്പറഞ്ഞ വ്യവസ്ഥയനുസരിച്ച് നിയമപാലകര്‍ക്ക് വാഹനം കണ്ടുകെട്ടാന്‍ കഴിയുമെന്നായിരുന്നു അഭിഭാഷകന്റെ വാദം.

എന്നാല്‍, കൈലാഷ് യാദവ് ആന്റ് അദേഴ്‌സ് വേഴ്‌സസ് കേസില്‍ ഹൈക്കോടതി നേരത്തെ നല്‍കിയ ഉത്തരവാണ് കോടതി പരിഗണിച്ചത്. ഉത്തര്‍പ്രദേശിനുള്ളില്‍ പശുക്കളെയോ അതിന്റെ കുട്ടികളെയും കൊണ്ടുപോവുന്നതിന് അനുമതി ആവശ്യമില്ലെന്നായിരുന്നു അന്നത്തെ വിധി. അതിനാല്‍, വാഹനം ഗോവധ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഉപയോഗിച്ചതാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

നിലവിലെ നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം വാഹനം പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ പോലിസിന് അധികാരമില്ല. പശുവിനെയും പശുക്കുട്ടികളെയും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവാന്‍ അനുമതി ആവശ്യമില്ലാത്തതിനാല്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച 2021 ആഗസ്ത് 18 ലെ ജപ്തി ഉത്തരവ് നിയമത്തിന് വിരുദ്ധമായി പാസാക്കിയതാണെന്ന് കോടതി ഉത്തരവിട്ടു. വാരാണസി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍പ്പെടാത്തത് ആയതിനാല്‍ റദ്ദാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശിലടക്കം നിരവധി മുസ്‌ലിം, ദലിത് വിഭാഗത്തില്‍പ്പെട്ടവരെയാണ് ഹിന്ദുത്വര്‍ തല്ലിക്കൊല്ലുകയും ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയാക്കുകയും ചെയ്തിട്ടുള്ളത്. ഭരണകൂടവും പോലിസുമാവട്ടെ ഗോവധ നിരോധന നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് പശുക്കളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ക്കെതിരേ ഗുരുതരമായി വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്യാറുമുണ്ട്. ഇതിനെല്ലാം കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

Next Story

RELATED STORIES

Share it