Sub Lead

'ലവ് ജിഹാദ്' നേരിടുന്നത് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ലവ് ജിഹാദ് നേരിടുന്നത് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: സുപ്രിംകോടതിയും എന്‍ഐഎയും വരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദിനെ' നേരിടുന്ന കാര്യം പഠിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ഡിജിപി രശ്മി ശുക്ലയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയില്‍ വനിതാശിശു ക്ഷേമവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നിയമവകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആഭ്യന്തരവകുപ്പ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാവും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം അറിയിച്ചത്.

'' 'ലവ് ജിഹാദും' നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും വിവിധ സംഘടനകളും വ്യക്തികളും സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കുന്നതിനും 'ലവ് ജിഹാദ്', നിര്‍ബന്ധിത മതപരിവര്‍ത്തനം, വഞ്ചനയിലൂടെയുള്ള മതപരിവര്‍ത്തനം എന്നിവ തടയുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.'' -ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ സര്‍ക്കാര്‍ പ്രമേയം പറയുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ഊന്നിയ സര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും 'ലവ് ജിഹാദ്' അംഗീകരിക്കില്ലെന്നും തുറമുഖ-ഫിഷറീസ് മന്ത്രി നിതേഷ് റാണെ ഫെബ്രുവരി മൂന്നിന് പറഞ്ഞിരുന്നു.

'' താടിയുള്ള ആളുകള്‍ 'ലവ് ജിഹാദ്', 'ലാന്‍ഡ് ജിഹാദ്' എന്നിവ നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലുള്ളവര്‍ക്ക് പോലും നിങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഹിന്ദു മതത്തിലെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതും മതം മാറ്റുന്നതും കൊല്ലുന്നതുമൊന്നും ഇനി നടക്കില്ല. മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും. ഈ പച്ചപ്പാമ്പുകളെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

മഹാ വികാസ് അഘാഡിയുടെ കാലത്ത് അവര്‍ക്ക് സുഖമായിരുന്നു. എല്ലാവരും അവരെ മക്കളെ പോലെ കണ്ടു. അക്കാലത്ത് അവര്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചു. അത്തരം തമാശകള്‍ ഇനി നടക്കില്ല.'' - മന്ത്രി പറഞ്ഞു.

പുതിയ നിയമം കൊണ്ടുവരുന്നതിനെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം അന്യായവും പൗരന്‍മാരെ പ്രണയിക്കാനും ജീവിക്കാനുമുള്ള അവകാശത്തിന് എതിരാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു ആസ്മി പറഞ്ഞു. '' മുസ്‌ലിം ആണ്‍കുട്ടികളും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നു. ഭരണഘടന അതിനുള്ള അവകാശം നല്‍കുന്നുണ്ട്. അതില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും.''- അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it