Sub Lead

ടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച പോരാളി...

മൃതദേഹങ്ങള്‍ ആകാംക്ഷയോടെ വലിച്ചിട്ടു പരിശോധിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ അതിനടിയില്‍ നിന്ന് അവര്‍ പതിറ്റാണ്ടുകളോളം കൊതിച്ച മൃതശരീരം കണ്ടെത്തി. ചെവിയിലൂടെ തുളച്ചു കയറിയ വെടിയുണ്ടയേറ്റു വീണ ആ അഭ്യാസിയുടെ കയ്യിലെ മോതിരത്തില്‍, ഉറച്ച കൈയ്യിലുറഞ്ഞ ഉടവാളില്‍ ആ പേര് കൊത്തിയിരുന്നു. ടിപ്പുസുല്‍ത്താന്‍.

ടിപ്പു സുല്‍ത്താന്‍:  സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച പോരാളി...
X

'ജാലിയന്‍വാലാബാഗിലും മഞ്ചേരിയിലെ കോട്ടക്കുന്നിലും ഞാന്‍ പോയിട്ടുണ്ട്. ചെങ്കോട്ടയിലും ലാല്‍ബാഗിലും സബര്‍മതിയിലും ഝാന്‍സിയിലും കാണ്‍പൂരിലും ലക്‌നൗവിലും ഗ്വാളിയോറിലും ചമ്പാരനിലും ദണ്ഡിയിലും ഖവാനി ബസാറിലും പോയിട്ടുണ്ട്. പക്ഷേ ഈ ചിത്രത്തില്‍ കാണുന്നിടത്തു പോയിരുന്നപ്പോള്‍ അനുഭവിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രക്തം മുരണ്ടെണീക്കുന്ന അനുഭവം എവിടെയുമുണ്ടായിട്ടില്ല'. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കുറിച്ച് ശ്രീചിത്രന്റെ ഫേസ്ബുക്ക് കുറിപ്പിലെ വരികളാണിത്. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ കുറിച്ചും ഭരണ നേട്ടങ്ങളെ കുറിച്ചും വിശദീകരിക്കുന്നതാണ് ലേഖനം.

'കോട്ടക്കുള്ളിലെ സ്വസ്ഥസ്ഥാനത്ത് മദ്ധ്യാഹ്ന ഭക്ഷണത്തിനിരിക്കുമ്പോള്‍, തന്റെ വിശ്വസ്തനായ സയ്യദ് ഗാഫര്‍ കൂടി കൊല ചെയ്യപ്പെട്ട വാര്‍ത്തയറിഞ്ഞ് ഭക്ഷണത്തില്‍ നിന്ന് കൈ കുടഞ്ഞെഴുന്നേറ്റ ടിപ്പുസുല്‍ത്താന്‍ യുദ്ധമുഖത്തേക്ക് കുതിരയോടിച്ചു പോവുകയായിരുന്നു. അതിനകം ഇരമ്പിയാര്‍ത്ത് കോട്ടക്കകത്തേക്കു കയറിയ ബ്രിട്ടീഷ് സൈന്യത്തെ തുടര്‍ച്ചയായി ആക്രമിച്ചു മുന്നേറിയ ടിപ്പുവിന് മുന്‍പ് അദ്ദേഹത്തിന്റെ കുതിര വെടിയേറ്റു വീണു. പിന്നെ വെറും നിലത്ത്, ഒരു സാധാരണ സൈനികനായി, മരണത്തെ വെല്ലുവിളിക്കുന്ന സ്വന്തം ചെറിയ സൈനികക്കൂട്ടത്തിനൊപ്പം ടിപ്പു യുദ്ധം ചെയ്തു'. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കരുത്തും ധീരതയും ശ്രീ ചിത്രന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജാലിയന്‍വാലാബാഗിലും മഞ്ചേരിയിലെ കോട്ടക്കുന്നിലും ഞാന്‍ പോയിട്ടുണ്ട്. ചെങ്കോട്ടയിലും ലാല്‍ബാഗിലും സബര്‍മതിയിലും ഝാന്‍സിയിലും കാണ്‍പൂരിലും ലക്‌നൗവിലും ഗ്വാളിയോറിലും ചമ്പാരനിലും ദണ്ഡിയിലും ഖവാനി ബസാറിലും പോയിട്ടുണ്ട്. പക്ഷേ ഈ ചിത്രത്തില്‍ കാണുന്നിടത്തു പോയിരുന്നപ്പോള്‍ അനുഭവിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രക്തം മുരണ്ടെണീക്കുന്ന അനുഭവം എവിടെയുമുണ്ടായിട്ടില്ല.

അനേകം സൈനികരുടെ ശവക്കൂമ്പാരമായിരുന്നു 1799 മെയ് മാസത്തില്‍ ഞാന്‍ കാലു കുത്തി നില്‍ക്കുന്ന ആ ഭൂമി. ആ മൃതദേഹങ്ങള്‍ ആകാംക്ഷയോടെ വലിച്ചിട്ടു വലിച്ചിട്ടു പരിശോധിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ അതിനടിയില്‍ നിന്ന് അവര്‍ പതിറ്റാണ്ടുകളോളം കൊതിച്ച മൃതശരീരം കണ്ടെത്തി. ചെവിയിലൂടെ തുളച്ചു കയറിയ വെടിയുണ്ടയേറ്റു വീണ ആ അഭ്യാസിയുടെ കയ്യിലെ മോതിരത്തില്‍, ഉറച്ച കൈയ്യിലുറഞ്ഞ ഉടവാളില്‍ ആ പേര് കൊത്തിയിരുന്നു. ടിപ്പുസുല്‍ത്താന്‍.

പിന്നെ ശ്രീരംഗപട്ടണത്തു നടന്നത് ബ്രിട്ടീഷുകാരുടെ ആഭാസത്തിന്റെ പരകോടിയെത്തുന്ന ആഘോഷമായിരുന്നു. കണ്ണില്‍ക്കണ്ട സ്ത്രീകളെയെല്ലാം അവര്‍ ബലാല്‍സംഗം ചെയ്തു. മുന്നില്‍ക്കണ്ട പലരേയും സൈനികരെന്നോ ഗ്രാമീണരെന്നോ നോക്കാതെ കുത്തിക്കൊന്നു. ലോകത്തിന്റെ പലഭാഗത്തു നിന്നും ടിപ്പു കൊണ്ടുവന്നു നട്ടുനനച്ചു വളര്‍ത്തിയ കോട്ടയിലെ അപൂര്‍വ്വ വൃക്ഷങ്ങള്‍ വെട്ടി തീകാഞ്ഞു നൃത്തം ചെയ്തു. എണ്ണമറ്റ ശവശരീരങ്ങള്‍ വീണ്ടും വീണ്ടും നിറയൊഴിച്ചും കുത്തിയും രസിച്ച് കാവേരിയിലേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ച്ചയിലധികം നീണ്ട നിധിവേട്ടയില്‍ കോട്ടയില്‍ നിന്നും ശ്രീരംഗപട്ടണം ക്ഷേത്ര നിലവറകളില്‍ നിന്നും കുത്തിക്കവര്‍ന്ന രത്‌നങ്ങളും സ്വര്‍ണ്ണവുമായി പൊട്ടിച്ചിരിച്ചു. സ്വര്‍ണ്ണത്തിന്റെ കമാനവും വാതിലുമുണ്ടായിരുന്ന ലാല്‍മഹല്‍ പാലസ് കല്ലോടുകല്ല് ഇടിച്ചു നിരത്തി. സുല്‍ത്താന്റെ വിശ്രമ മന്ദിരമായ ദൗലത്ത് ബാഗിലേക്ക് അന്തപ്പുര സ്ത്രീകളെ കൂട്ടമായി കൊണ്ടുവന്ന് മാനഭംഗപ്പെടുത്തി കൊന്ന ശേഷം ആ മന്ദിരം ഇടിച്ചു നിരത്തി. ' ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ രാജധാനി' എന്ന് ഡല്‍ഹൗസി മുന്‍പു കണ്ടെഴുതിയ ശ്രീരംഗപട്ടണം ഒരൊറ്റ ആഴ്ച്ചകൊണ്ട് ചിതറിയ ഇഷ്ടികകളുടെയും രക്തം കട്ടപിടിച്ച തെരുവുകളുടെയും ശവങ്ങള്‍ ചീഞ്ഞുനാറുന്ന കാവേരിയുടെയും മലിന നഗരമായി. പിന്നീടൊരിക്കലും, ഒരിക്കലും ശ്രീരംഗപട്ടണം ഉയിര്‍ത്തെഴുന്നേറ്റില്ല.

കലാലെ ദിഡ്ഢിയെന്ന കോട്ടക്കുള്ളിലെ സ്വസ്ഥസ്ഥാനത്ത് മദ്ധ്യാഹ്ന ഭക്ഷണത്തിനിരിക്കുമ്പോള്‍, തന്റെ വിശ്വസ്തനായ സയ്യദ് ഗാഫര്‍ കൂടി കൊല ചെയ്യപ്പെട്ട വാര്‍ത്തയറിഞ്ഞ് ഭക്ഷണത്തില്‍ നിന്ന് കൈ കുടഞ്ഞെഴുന്നേറ്റ ടിപ്പുസുല്‍ത്താന്‍ യുദ്ധമുഖത്തേക്ക് കുതിരയോടിച്ചു പോവുകയായിരുന്നു. അതിനകം ഇരമ്പിയാര്‍ത്ത് കോട്ടക്കകത്തേക്കു കയറിയ ബ്രിട്ടീഷ് സൈന്യത്തെ തുടര്‍ച്ചയായി ആക്രമിച്ചു മുന്നേറിയ ടിപ്പുവിന് മുന്‍പ് അദ്ദേഹത്തിന്റെ കുതിര വെടിയേറ്റു വീണു. പിന്നെ വെറും നിലത്ത്, ഒരു സാധാരണ സൈനികനായി, മരണത്തെ വെല്ലുവിളിക്കുന്ന സ്വന്തം ചെറിയ സൈനികക്കൂട്ടത്തിനൊപ്പം ടിപ്പു യുദ്ധം ചെയ്തു. തന്റെ വിശ്വസ്തനായ രാജാഖാനൊപ്പം പുറംകാത്ത് നടത്തിയ ആ വെറും മണ്ണിലെ പോരിനൊടുവിലെത്തിയപ്പോള്‍ രാജാഖാന്‍ വിളിച്ചു പറഞ്ഞു: ''സുല്‍ത്താനാണെന്ന് അങ്ങ് വിളിച്ചു പറയൂ, ജീവന്‍ രക്ഷപ്പെടുത്താം' ടിപ്പു അതു കേട്ട് ചിരിച്ചത്രേ. ഒടുവില്‍, ഏതോ പട്ടാളക്കാരന്റെ തോക്കിലെ വെടിയുണ്ട ആ ലക്ഷ്യം കണ്ടെത്തി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം വിറച്ച പോരാളിയുടെ ചെവിയ്ക്ക് പിന്നില്‍ ആ വെടിയുണ്ട തറച്ച് സുല്‍ത്താന്‍ വീണു. തന്റെ അരപ്പട്ടയിലെ സ്വര്‍ണ്ണക്കൊളുത്ത് വലിച്ചെടുക്കാന്‍ ശ്രമിച്ച ആ പട്ടാളക്കാരന്റെ കാലില്‍ ടിപ്പു തന്റെ വാളാല്‍ അവസാനത്തെ വെട്ടു വെട്ടി. ഒറ്റ വെട്ടിന് കാല്‍ ഛേദിക്കപ്പെട്ടു വീണ ആ പട്ടാളക്കാരന്‍ ശിരസ്സു തകര്‍ന്ന സുല്‍ത്താന്റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ചു. പിന്നെ ആ മൃതദേഹത്തിനു മുകളിലേക്ക് ശവങ്ങള്‍ വന്നു വീണു.

ടിപ്പുവിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥാനമാണിത്. മാര്‍ബിള്‍ ഫലകത്തില്‍ 'ടിപ്പു സുല്‍ത്താന്റെ ശരീരം ഇവിടെ കണ്ടെത്തി' എന്നെഴുതിയിരിക്കുന്നതു കാണാം. പൊരിവെയിലത്ത് ഒരുപാടു നേരം ഞാനവിടം നോക്കി നിന്നു. നമ്മുടെ രാജ്യം കണ്ട എക്കാലത്തേയും വലിയ ധീരത അഗ്‌നിയായി ജ്വലിച്ചു പൊലിഞ്ഞ സ്ഥാനം.

കുടിനീരിന് കുട്ടിയെ കൊല്ലുന്ന, വംശഹത്യാപാതകികള്‍ക്ക് മധുരവും പാദസേവയും നല്‍കുന്ന, എഴുത്തുകാരന്റെ നേര്‍ക്ക് തുടര്‍ച്ചയായി തോക്ക് ശബ്ദിക്കുന്ന ഇന്നത്തെ രാജ്യത്തില്‍ ഇനിയും ഭയപ്പെടാതിരിക്കാന്‍ ഇതേ എന്റെ കയ്യിലുള്ളൂ. നിസ്സാരനായ ഞാനും മരണത്തെ വെല്ലുവിളിക്കുന്ന ധീരതയും നോക്കിനില്‍ക്കുന്ന ചിത്രം.

ടിപ്പുവിനെ പ്രസവിച്ച നാടാണിത്. തോല്‍ക്കില്ല.

Next Story

RELATED STORIES

Share it