Sub Lead

കൊവിഡ് 19: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാറായെന്ന് കെജ്‌രിവാള്‍

കൊവിഡ് 19: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാറായെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാറായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം നാളെ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ ഇളവുകള്‍ പ്രഖ്യാപിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാവണം' കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കൊവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1256 പേര്‍ക്ക് അസുഖം ഭേദമായി.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. സ്വകാര്യ ഓഫിസുകള്‍ തുറക്കാന്‍ കഴിയുമെങ്കിലും 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഐടി ഹാര്‍ഡ് വെയര്‍ നിര്‍മാണം, അവശ്യ വസ്തുക്കളുടെ നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങിയ മേഖലകള്‍ തുടരാമെന്നും കെജരിവാള്‍ പറഞ്ഞു. പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം. കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കുമാണ് സഞ്ചരിക്കാന്‍ അനുമതി. രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെയായിരിക്കും മദ്യഷാപ്പുകള്‍ തുറക്കുക. ആറടി അകലം പാലിച്ചും, ഒരു സമയം പരമാവധി അഞ്ചുപേരെ മാത്രം കടകളില്‍ അനുവദിച്ചും മാത്രമായിരിക്കും മദ്യ ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്‌ന്മെന്റ് സോണുകള്‍ സീല്‍ ചെയ്തത് തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കും. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍, സ്‌റ്റേഷനറി ഷോപ്പുകള്‍, മറ്റു ഷോപ്പുകള്‍ എന്നിവ തുറക്കാം. സാങ്കേതിക വിദഗ്ധര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ജോലി ആരംഭിക്കാന്‍ അനുവദിക്കും.


Next Story

RELATED STORIES

Share it