Sub Lead

പാകിസ്താനിലും ടിക് ടോക്ക് നിരോധിച്ചു

ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ ആപ്പാണ് ടിക് ടോക്.

പാകിസ്താനിലും  ടിക് ടോക്ക് നിരോധിച്ചു
X

ഇസ്ലാമാബാദ്: പാകിസ്താനില്‍ ടിക് ടോക് നിരോധിച്ചു. ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരേ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു. അധാര്‍മ്മികവും അപമര്യാദയുമായ നിരവധി ഉള്ളടക്കമാണ് ടിക് ടോക്കില്‍ വരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. നേരത്തെ ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിക്കും ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മാറ്റങ്ങള്‍ ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അനുകൂല നടപടികള്‍ ടിക് ടോക്ക് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടിക് ടോക്കിനെതിരേ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ടിക് ടോക് ആദ്യം നിരോധിച്ചത്. പിന്നാലെ അമേരിക്കയും നിരോധിച്ചു. ഏറ്റവും കൂടുതല്‍ ടിക് ടോകിന് ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്നായിരുന്നു. പാകിസ്താന്റെ നിരോധനം സംബന്ധിച്ച് ടിക് ടോക് അധികൃതര്‍ യാതൊന്നും പ്രതികരിച്ചിട്ടില്ല. ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ ആപ്പാണ് ടിക് ടോക്.




Next Story

RELATED STORIES

Share it