Sub Lead

അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പ്രൈസ്: പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച അസീം വെളിമണ്ണയും അന്തിമപട്ടികയില്‍

അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പ്രൈസ്: പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച അസീം വെളിമണ്ണയും അന്തിമപട്ടികയില്‍
X

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം വെളിമണ്ണ. ഇരുകൈകളുമില്ലാതെയും കാലിന് സ്വാധീനമില്ലാതെയും പിറന്നുവീണ മുഹമ്മദ് അസീം പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച് പഠിക്കാനുള്ള അവകാശത്തിനായി അധികാരികളോട് പോരാടിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് അസീമിന്റെ ചെറുത്തുനില്‍പ്പ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 2021ലെ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് നിര്‍ണയിക്കുന്നതിനുള്ള അന്തിമപട്ടികയില്‍ മുഹമ്മദ് അസീം വെളിമണ്ണയുടെ പേരും ഉള്‍പ്പെട്ടത് മലയാളികള്‍ക്ക് ഏറെ അഭിമാനമായിരിക്കുകയാണ്.


ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്. 17ാമത് പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റുകളെ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് പ്രഖ്യാപിച്ചത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169ലധികം നോമിനേഷനുകളില്‍ നിന്നാണ് വിദഗ്ധസംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളാണ് എല്ലാ വര്‍ഷവും ചില്‍ഡ്രന്‍സ് പീസ് പ്രൈസ് വിതരണം നിര്‍വഹിക്കുന്നത്.

ഈ വര്‍ഷം 2014ലെ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ഥി വിജയിയെ പ്രഖ്യാപിക്കും. എന്‍കോസി പ്രതിമയ്ക്ക് പുറമേ അവാര്‍ഡ് ജേതാവിന് പഠനത്തിനും പരിചരണത്തിനുമുള്ള ഗ്രാന്റും പ്രഖ്യാപിക്കും. ജേതാവിന് ഒരുലക്ഷം യൂറോ പ്രോജക്ട് ഫണ്ടും ലഭിക്കും. അതില്‍ പകുതി വിജയിയുടെ തീം എന്താണോ അതിലേക്ക് പോവും. പകുതി കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മറ്റ് യുവ പോരാളികളുടെ പ്രോജക്ടുകളില്‍ കിഡ്‌സ് റൈറ്റ്‌സ് നിക്ഷേപിക്കും. ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ പ്രചോദിപ്പിക്കുന്ന ഇന്ത്യയില്‍നിന്നുള്ള 15 വയസ്സുള്ള ഭിന്നശേഷിക്കാരനായ കുട്ടിയാണ് വെളിമണ്ണ സ്വദേശിയാണ് മുഹമ്മദ് അസീം.

കൈകളില്ലാതെ ജനിച്ച മുഹമ്മദ് അസീം 90 ശതമാനം അംഗപരിമിതനായതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള പോരാട്ടത്തില്‍ മുഹമ്മദ് അസീം 52 ദിവസം വീല്‍ചെയറില്‍ 450 കിലോമീറ്റര്‍ മാര്‍ച്ച് നയിച്ചു. ഇതിനായി അസീം കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2015ല്‍ കേരള സര്‍ക്കാര്‍ അസീമിന്റെ ആവശ്യം അംഗീകരിച്ച് ഹൈസ്‌കൂള്‍ പഠനം അനുവദിച്ചു. മുഹമ്മദ് അസീമിന്റെ ശ്രമഫലമായി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം 200 ല്‍നിന്ന് 700 ആയി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

അസീമിനെ കൂടാതെ ഇന്ത്യയില്‍നിന്നുള്ള വിഹാനും നവ് അഗര്‍വാളും നെതര്‍ലാന്റില്‍നിന്നുള്ള ക്രിസ്തീന അദാനെയും ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 2020ല്‍ കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ഇംഗ്ലണ്ടിലെ 1.4 ദശലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് അവധി ദിനങ്ങളില്‍ സൗജന്യ സ്‌കൂള്‍ ഭക്ഷണം നല്‍കേണ്ടതില്ലെന്ന യുകെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പോരാടിയതിന്റെ പേരിലാണ് 18കാരിയായ ക്രിസ്തീന അദാനെയെ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് പരിഗണിക്കുന്നത്. 4,30,000ലധികം ഒപ്പുകള്‍ ശേഖരിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു.

2020 മെയ് പകുതിയോളം സൗജന്യ സ്‌കൂള്‍ ഭക്ഷണം പദ്ധതി നീട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒടുവില്‍ ക്രിസ്തീനയുടെ ആവശ്യം പരിഗണിച്ച് 2021ല്‍ സൗജന്യ സ്‌കൂള്‍ ഭക്ഷണം നല്‍കാന്‍ തീരുമാനമായി. രാജ്യതലസ്ഥാനത്ത് മലിനീകരണം തടയുന്നതിനായി നടത്തിയ ഇടപെടലുകളാണ് വിഹാനും നവ് അഗര്‍വാളും പട്ടികയിലെത്താനുള്ള കാരണം. മലിനീകരണം തടയുന്നതിനായി വിഹാനും നവ് അഗര്‍വാളും 2018ല്‍ വണ്‍ സ്‌റ്റെപ്പ് ഗ്രീനര്‍ എന്ന യുവജന സംഘടന രൂപീകരിച്ചു. 2020ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായിരുന്നു ഡല്‍ഹി.

മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഗാസിപൂര്‍ ലാന്‍ഡ്ഫില്‍ തകര്‍ന്ന് രണ്ടുപേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. വായു മലിനീകരണത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് അവര്‍ മനസ്സിലാക്കി. മാലിന്യം വേര്‍തിരിക്കുന്നതിലും മാലിന്യം ശേഖരിക്കുന്ന ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നതിലുമായിരുന്നു ഇവരുടെ ആദ്യ ശ്രദ്ധ. 15 വീടുകളില്‍നിന്ന് ആരംഭിച്ച വണ്‍ സ്‌റ്റെപ്പ് ഗ്രീനര്‍ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ ആയിരത്തിലധികം വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഓഫിസുകളില്‍നിന്നും മാലിന്യം ശേഖരിക്കുന്നു.

ഈ വര്‍ഷം വരെ 173,630 കിലോ മാലിന്യം പുനരുപയോഗം ചെയ്യുന്നു. അവര്‍ നാടന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. ഇതുവരെ ഇത് ആയിരത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍നിന്നുള്ള സാദത്ത് റഹ്മാനാണ് പുരസ്‌കാരം ലഭിച്ചത്. നവംബര്‍ 13ന് ഹേഗിലെ ഹാള്‍ ഓഫ് നൈറ്റ്‌സില്‍ നടക്കുന്ന ചടങ്ങില്‍ ഈവര്‍ഷത്തെ പുരസ്‌കാരം വിതരണം ചെയ്യും.

Next Story

RELATED STORIES

Share it