Sub Lead

കൊറോണ ലോക്ക് ഡൗണ്‍: സ്വദേശത്തേക്കു മടങ്ങാന്‍ ഡല്‍ഹി ബസ് സ്‌റ്റേഷനിലെത്തിയത് ആയിരങ്ങള്‍(വീഡിയോ)

കൊറോണ ലോക്ക് ഡൗണ്‍: സ്വദേശത്തേക്കു മടങ്ങാന്‍ ഡല്‍ഹി ബസ് സ്‌റ്റേഷനിലെത്തിയത് ആയിരങ്ങള്‍(വീഡിയോ)
X

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ആരും പുറത്തിറങ്ങരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെ സ്വദേശത്തേക്ക് പോവാനായി ഡല്‍ഹി ബസ് സ്റ്റ്‌ഷേനിലെത്തിയത് ആയിരങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിയില്ലാത്ത തൊഴിലാളികളും മറ്റുമാണ് നാട്ടിലേക്കു തിരിക്കാനായി ബസ് സര്‍വീസ് തേടി തടിച്ചുകൂടിയത്. ഒട്ടുമിക്ക വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതോടെ ഉത്തര്‍ പ്രദേശ് അതിര്‍ത്തിക്കപ്പുറത്തുള്ള സ്വന്തം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങാനാണ് പലരും ശ്രമിക്കുന്നത്. കൊറോണ അതിവേഗം പകരുന്നതിനാല്‍ കേന്ദ്രം കൊണ്ടുവന്ന സമ്പൂര്‍ണ അടച്ചുപൂട്ടലിനെ തുടര്‍ന്നാണ് കൂട്ടപലായനം. അന്തര്‍ സംസ്ഥാന ബസ്, റെയില്‍വേ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ ഇതര സംസ്ഥാനത്തുള്ളവര്‍ രാജ്യതലസ്ഥാനത്ത് കുടുങ്ങിയിരുന്നു. പലരും നൂറുകണക്കിന് കിലോമീറ്റര്‍ കാല്‍നടയായി നടന്ന് സ്വദേശേത്തേക്കു പോവുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കനത്ത ചൂട് അവഗണിച്ചും സ്ത്രീ-പുരുഷന്‍മാരും

കുട്ടികളും നടന്നുപോവുന്ന രംഗങ്ങള്‍ ഏറെ വേദനാജനകമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ്, ഡല്‍ഹി സര്‍ക്കാരുകള്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ യുപി സര്‍ക്കാര്‍ 1,000 ബസ്സുകള്‍ സര്‍വീസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 200 ഡിടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ സ്ത്രീ-പുരുഷ ഭേദമന്യേ ആയിരങ്ങളാണെത്തിയത്. ചിലര്‍ മുഖാവരണമണിഞ്ഞും മൂക്കിന് ചുറ്റും തൂവാലകളും ധരിച്ചാണെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം.

ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥരും മുഖാവരണം ധരിച്ച് ലാത്തിയുമെടുത്ത് നിയന്ത്രിക്കുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ ആള്‍ക്കൂട്ടവുമായി അകലം പ്രാപിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 'ഞാന്‍ ഒരു ദിവസവേന തൊഴിലാളിയാണ്. ഇപ്പോള്‍ ഒരു ജോലിയും ലഭ്യമല്ല. മറ്റെന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? സര്‍ക്കാര്‍ ഒരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോവുകയാണ്. ഇവിടെ കിടന്നാല്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്നായിരുന്നു ഒരു കുടിയേറ്റ തൊഴിലാളിയുടെ പ്രതികരണം. യുപി അതിര്‍ത്തിക്കടുത്തുള്ള ഖാസിപൂരിലും സര്‍ക്കാര്‍ ക്രമീകരിച്ച ബസ്സുകളില്‍ കയറാന്‍ നിരവധി പേരാണെത്തിയത്. സമീപത്തെ മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിന്റെ ഇരുവശവും കാണിക്കുന്ന വീഡിയോയില്‍ ആയിരക്കണക്കിന് ആളുകളാണ് ബസ് കാത്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളോട് സര്‍ക്കാരുകള്‍ കാണിച്ച നിലപാട് ശരിയായില്ലെന്ന് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു.



'ജോലി നഷ്ടപ്പെടുകയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്ത ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. ഒരു ഇന്ത്യന്‍ പൗരനെയും ഈ രീതിയില്‍ പരിഗണിച്ചത് ലജ്ജാകരമാണ്. ഇവരെ നാടുകളിലെത്തിക്കാന്‍ സര്‍ക്കാരിന് പദ്ധതികളൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ഫണ്ടുകള്‍ വിനിയോഗിക്കാനും ദേശീയപാതകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം, യുപി സര്‍ക്കാര്‍ മാത്രമല്ല, ബിഹാറിലെ നിതീഷ് കുമാര്‍, ബംഗാളിലെ മമത ബാനര്‍ജി, ഒഡീഷയിലെ നവീന്‍ പട്‌നായിക് എന്നിവരെല്ലാം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായം ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.



Next Story

RELATED STORIES

Share it