Sub Lead

ഭീമാ കൊറേഗാവ് കേസിലെ പതിനാറു പേര്‍ ഇവരാണ്

ആര്‍എസ്എസ്, മോദി വിമര്‍ശകരായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരായ 16 പേരെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പൂനെയിലേയും മുംബൈയിലേയും ജയിലുകളിലായി തടവിലിട്ടിരിക്കുന്നത്.

ഭീമാ കൊറേഗാവ് കേസിലെ പതിനാറു പേര്‍ ഇവരാണ്
X

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മഹാരാഷ്ട്ര പോലിസും പിന്നീട് എന്‍ഐഎയും ഉയര്‍ത്തിയ ആരോപണങ്ങള്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ലോപ്‌ടോപ്പില്‍ കൃത്രിമമായി തിരുകിക്കയറ്റിയെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മസാച്യു സെറ്റ്‌സിലെ പ്രമുഖ ഫോറന്‍സിക് ലാബായ ആര്‍സനല്‍ കണ്‍സള്‍ട്ടിങ് ആണ് പുറത്തുവിട്ടത്.

ആര്‍എസ്എസ്, മോദി വിമര്‍ശകരായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരായ 16 പേരെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പൂനെയിലേയും മുംബൈയിലേയും ജയിലുകളിലായി തടവിലിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാരാപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് തടങ്കലിലിട്ടത്.

1. വരവര റാവു

കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ജയിലിലാണ്. 1940 ല്‍ വാറംഗലിലാണ് ജനിച്ചത്. ഹൈദരാബാദിലെ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് തെലുങ്ക് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം റാവു തെലങ്കാനയിലെ ഒരു സ്വകാര്യ കോളേജില്‍ ലക്ചററായി ചേര്‍ന്നു. അദ്ദേഹത്തിന്റെ കവിതകളും രചനകളും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ എന്നും വിമര്‍ശിക്കുന്നവയായിരുന്നു.

1967ല്‍ ബംഗാളിലെ നക്‌സല്‍ബാരി പ്രക്ഷോഭം റാവുവിനെ ആഴത്തില്‍ സ്വാധീനിച്ചു. ശ്രീകാകുളം കര്‍ഷക സായുധ സമരം, തെലങ്കാന പ്രക്ഷോഭം. 1970 ല്‍ വിരാസം എന്നറിയപ്പെടുന്ന വിപ്ലവ രചയിതല സംഘത്തിന്റെ രൂപീകരണത്തിനു പിന്നില്‍ റാവുവായിരുന്നു. വിരാസത്തിന്റെ മുഖമെന്ന നിലയില്‍ റാവു ആന്ധ്രാപ്രദേശ് മുഴുവന്‍ സഞ്ചരിച്ച് കര്‍ഷകരെ കുറിച്ച് പഠിക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ കാലയളവിലുടനീളം റാവു എഴുതിക്കൊണ്ടിരുന്നു, ഈ ഇടപെടല്‍ അദ്ദേഹത്തെ വിപ്ലവ കവിയും പ്രശസ്ത സാഹിത്യ നിരൂപകനുമായി ഉയര്‍ത്തി.

2. അരുണ്‍ ഫെറേറിയ

അരുണ്‍ ഫെറേറിയ പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ അഭിഭാഷകനാണ്. മാവോവാദി പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2007 ല്‍ അറസ്റ്റിലായ ഇദ്ദേഹത്തെ 2012 ല്‍ കോടതി കുറ്റവിമുക്തനാക്കി. 2018 ആഗസ്തില്‍ ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

1990 കളുടെ തുടക്കത്തില്‍ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ചേര്‍ന്ന ഫെറേറിയ, വിദ്യാര്‍ഥിയായിരിക്കെ, അന്ധരായ കുട്ടികളെ പഠിക്കാന്‍ സഹായിച്ചുകൊണ്ട് ചെഷയര്‍ ഹോം എന്ന സംഘടനയില്‍ വലിയ പങ്കുവഹിച്ചു. ബിരുദാനന്തരം, മുംബൈയിലെ ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസത്തിലേക്ക് കടന്നു. മുംബൈയില്‍ വിദ്യാര്‍ഥി പ്രഗതി സംഘടന എന്ന പേരില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികളുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായി നിരവധി സമരങ്ങളും പ്രചാരണങ്ങളും നടത്തിയ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് വിദ്യാര്‍ഥി പ്രഗതി സംഘടന. ഈ സംഘടനയെ പിന്നീട് സര്‍ക്കാര്‍ നിരോധിച്ചു. പിന്നീട് ദേശഭക്തി യുവ മഞ്ച് ആരംഭിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

3. സുരേന്ദ്ര ഗാഡ്‌ലിങ്

ജനകീയ അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ് നാഗ്പൂരിലെ ദലിത് കുടുംബത്തിലാണ് ജനിച്ചത്. റെയില്‍വേയില്‍ അപ്രന്റീസായി സുരേന്ദ്ര ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട്് മുംബൈയിലെ തലോജ ജയിലില്‍ തടവിലാണ്.

പോലിസ് അതിക്രമങ്ങള്‍, വ്യാജ കേസുകള്‍, ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍, യുഎപിഎ, വനാവകാശ നിയമം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം തുടങ്ങിയ പ്രത്യേക നിയമങ്ങളില്‍ വിദഗ്ധനായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

2007 നും 2012 നും ഇടയില്‍ അദ്ദേഹം അരുണ്‍ ഫെറേറിയക്കും ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജിഎന്‍ സായിബാബയുടേയുമടക്കം നിരവധി യുഎപിഎ കേസുകളില്‍ ഹാജരായത് ഇദ്ദേഹമായിരുന്നു.

4. സുധീര്‍ ധാവ്‌ലെ

ആക്ടിവിസ്റ്റും നടനും വിദ്രോഹി എന്ന ദൈ്വമാസികയുടെ പത്രാധിപരുമായ സുധീര്‍ ധാവ്‌ലെ റിപബ്ലിക്കന്‍ പാന്തേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ്. നാഗ്പൂര്‍ ഇന്ദോറയിലെ ഒരു ദലിത് കുടുംബത്തിലാണ് സുധീര്‍ ജനിച്ചത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് അദ്ദേഹം പ്രചാരണം നടത്തി. പ്രത്യേകിച്ചും മുംബൈയിലെ ഘട്‌കോപാറിലെ രാമബായ് നഗര്‍ ദലിത് വംശഹത്യ(1997), ഖൈര്‍ലാഞ്ചി ദലിത് കൂട്ടക്കൊലയടക്കമുള്ള സംഭവങ്ങളില്‍ ദലിതരുടെ പക്ഷത്ത് അദ്ദേഹം നിലയുറപ്പിച്ചു. തന്റെ എഡിറ്റോറിയല്‍, പത്രപ്രവര്‍ത്തനം, സ്‌റ്റേജ് വര്‍ക്ക് എന്നിവയിലൂടെ ദലിതരുടെ ദുരവസ്ഥ ഊന്നിപ്പറയാന്‍ അദ്ദേഹം ശ്രമിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്നാണ് അദ്ദേഹം വിദ്രോഹി എന്ന തന്റെ മാസിക ആരംഭിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിനായി 2007 ഡിസംബര്‍ 6 ന് രൂപീകരിച്ച റിപബ്ലിക്കന്‍ പാന്തര്‍ സ്ഥാപകാംഗമാണ് അദ്ദേഹം. 2006 ല്‍ മഹാരാഷ്ട്രയിലെ ദലിത് പ്രതിഷേധത്തിനെതിരായ ഭരണകൂട നടപടിയോടുള്ള പ്രതികരണമായിട്ടാണ് സംഘടന രൂപീകരിച്ചത്.

5. സുധ ഭരദ്വാജ്

അഭിഭാഷകയും തൊഴിലാളി യൂനിയന്‍ നേതാവും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ് 1961 ല്‍ അമേരിക്കയിലാണ് ജനിച്ചത്. സുധാ ഭരദ്വാജ് തന്റെ കുട്ടിക്കാലം കേംബ്രിഡ്ജിലും പിന്നീട് എഴുപതുകളില്‍ ഡല്‍ഹിയിലും ചെലവഴിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ ഛത്തീസ്ഗഡില്‍ താമസിക്കുകയും ഖനി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ശങ്കര്‍ ഗുഹ നിയോഗിയുടെ നേതൃത്വത്തില്‍ ഡള്ളി രാജാരയിലെ ഇരുമ്പയിര് ഖനികളില്‍ ആരംഭിച്ച ഊര്‍ജ്ജസ്വലമായ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായ സുധ ഛത്തീസ്ഗഡ് മുക്തി മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകയാണ്. ഛത്തീസ്ഗഡിലെ ഫാക്ടറികളിലുടനീളം ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെട്ട കരാര്‍ തൊഴിലാളികള്‍ക്കായി അവര്‍ നൂറുകണക്കിന് കേസുകള്‍ നടത്തിയിട്ടുണ്ട്. അവരുടെ ആഴമായ സഹാനുഭൂതിയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമവും ഛത്തീസ്ഗഡിലെ ജനങ്ങള്‍ അവരെ ജനകീയ അഭിഭാഷകയാക്കി. ഛത്തീസ്ഗഡിലെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

6. വെര്‍നോണ്‍ ഗോണ്‍സാല്‍വസ്

വെര്‍നോണ്‍ ഗോണ്‍സാല്‍വസ് ട്രേഡ് യൂനിയനിസ്റ്റ്, ആക്ടിവിസ്റ്റ്, അക്കാദമിഷ്യന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2018ല്‍ ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് മുംബൈയിലെ തലോജ ജയിലില്‍ തടവിലാണ്. അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയുമായ സൂസന്‍ അബ്രഹാമും തൊഴിലാളി അവകാശ പ്രവര്‍ത്തകയാണ്.

മംഗലാപുരം കത്തോലിക്കനാണ് വെര്‍നോണ്‍, ദക്ഷിണ മുംബൈയിലെ ബൈക്കുല്ലയില്‍ ജനിച്ചു. രൂപാരെ കോളേജ്, എച്ച്ആര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, അക്ബര്‍ പീര്‍ബോയ് കോളജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് തുടങ്ങി മുംബൈയിലെ നിരവധി കോളജുകളില്‍ അധ്യപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊമേഴ്‌സ് പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സ്വര്‍ണ മെഡല്‍ റാങ്ക് ജേതാവാണ്.

വെര്‍നോണ്‍ ഗോണ്‍സാല്‍വസ് സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് ആരോപിച്ച് ആയുധ നിരോധന നിയമം, സ്‌ഫോടകവസ്തു നിരോധന നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 20 ഓളം കേസുകളില്‍ ഗോണ്‍സാല്‍വസിനെതിരേ കേസെടുത്തിരുന്നുവെങ്കിലും 17 കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. 2007 ആഗസ്തില്‍ ശ്രീധര്‍ ശ്രീനിവാസനൊപ്പം അറസ്റ്റിലായ ശേഷം 2013 ജൂണിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.

7. ഷോമ സെന്‍

നാഗ്പൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയും വനിതാ അവകാശ പ്രവര്‍ത്തകയുമാണ് ഷോമ സെന്‍. കമ്മിറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (സിപിഡിആര്‍) എന്ന മനുഷ്യാവകാശ സംഘടനയില്‍ അംഗമായിരുന്നു. നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു ഷോമ.

2018 ജൂണ്‍ 6 ന് പൂനെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നീട് നാഗ്പൂര്‍ സര്‍വകലാശാലയിലെ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുറ്റാരോപണങ്ങളൊന്നും പ്രോസിക്യൂഷന്‍ ഇതുവരെ തെളിയിച്ചിട്ടില്ല. മുംബൈയിലെ ബാന്ദ്രയില്‍ ഒരു ഉയര്‍ന്ന മധ്യവര്‍ഗ ബംഗാളി കുടുംബത്തിലാണ് ഷോമ ജനിച്ച് വളര്‍ന്നത്. സെന്റ് ജോസഫ്‌സ് കോണ്‍വെന്റില്‍ നിന്നാണ് അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. മുംബൈയിലെ എല്‍ഫിന്‍സ്‌റ്റോണ്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അവര്‍ നാഗ്പൂര്‍ സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി എന്നിവ നേടി. നാഗ്പൂരിലെ സ്ത്രീ ചേതന എന്ന വനിതാ സംഘടനയുടെ ഭാഗമായിരുന്ന ഷോമ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീധന കൊലപാതകം തുടങ്ങിയ വിഷയങ്ങള്‍ സമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യുന്നതില്‍ സജീവമായിരുന്നു.

8. മഹേഷ് റാവത്ത്

ഗഡ്ചിരോളിയില്‍ ആദിവാസികള്‍ക്കൊപ്പം നിലകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനാണ് മഹേഷ് റാവത്ത്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സസില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ഗാഡ്ചിരോളിയില്‍ പ്രധാനമന്ത്രി ഗ്രാമവികസന ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ലഖാപൂര്‍ ഗ്രാമത്തിലാണ് റാവത്ത് ജനിച്ചത്. ഗാഡ്ചിരോളിയിലെ നവോദയ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. 2009 ല്‍ അദ്ദേഹം മുംബൈയിലെ ടിസ്സില്‍ ചേര്‍ന്നു. ടിസ്സില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഗ്രാമവികസന (പിഎംആര്‍ഡി) ഫെലോഷിപ്പിലേക്ക് റാവത്തിനെ തിരഞ്ഞെടുത്തു.

പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ കുടിയൊഴിപ്പിക്കലിനെതിരേ പോരാടുന്ന വിസ്താപന്‍ വിരോധി ജാന്‍ വിലാസ് ആന്തോളന്‍ (വിവിജെവിഎ) യുടെ കണ്‍വീനറായിരുന്നു റാവ ത്ത്. വിവിജെവിഎയ്ക്ക് കീഴില്‍, പ്രദേശത്തെ ആദിവാസി സമുദായങ്ങള്‍ക്കൊപ്പം ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ തെന്തു ഇലകള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കാന്‍ അദ്ദേഹം പ്രചരണം നടത്തി. സൂരജ്ഗഡ് ഖനന പദ്ധതി ഉള്‍പ്പെടെ ഗാഡ്ചിരോളിയിലെ ഖനന പദ്ധതികള്‍ക്കെതിരേ അദ്ദേഹം പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.

9. റോണ വില്‍സണ്‍

രാഷ്ട്രീയ തടവുകാരുടെ മോചന സമിതിയുടെ (സിആര്‍പിപി) പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയാണ് റോണ വില്‍സണ്‍. യുഎപിഎ പ്രകാരം കേസെടുത്തവര്‍ക്ക് നിയമസഹായം ഉള്‍പ്പെടെ നല്‍കിക്കൊണ്ടിരുന്ന പൊതുപ്രവര്‍ത്തകനാണ്. ഭീമാ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത് റോണയായിരുന്നു.

കേരളത്തിലെ കൊല്ലം ജില്ലയിലാണ് റോണ ജനിച്ചത്. 1990 കളുടെ അവസാനത്തില്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2001 ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ എസ്എആര്‍ ഗീലാനിയെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു.

10. ഫാദര്‍ സ്റ്റാന്‍ സ്വാമി

റോമന്‍ കത്തോലിക്കാ ജസ്യൂട്ട് പുരോഹിതനും നിരവധി പതിറ്റാണ്ടുകളായി ആദിവാസി അവകാശ പ്രവര്‍ത്തകനുമാണ് സ്റ്റാന്‍ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാന്‍ ലൂര്‍ദ് സ്വാമി. ഇന്ത്യയില്‍ ഭീകരനെന്ന് ആരോപിക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്.

സ്റ്റാന്‍ തമിഴ്‌നാട്ടിലെ ട്രിച്ചി സ്വദേശിയാണ്. 1970 കളില്‍ സ്വാമി ഫിലിപീന്‍സില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1975 മുതല്‍ 1986 വരെ ബംഗളൂരുവിലെ ജസ്യൂട്ട് നടത്തുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു സ്റ്റാന്‍. ആദിവാസികളുടെ ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ട് കേന്ദ്രീകരിച്ചാണ് ആദിവാസികളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചത്.

ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ബന്ധമാരോപിച്ച് 2020 ഒക്ടോബര്‍ 8 നാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.

11. ആനന്ദ് തെല്‍തുംബദെ

ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ മാനേജ്‌മെന്റ് പ്രൊഫസറായ പണ്ഡിതനും എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് തെല്‍തുംബ്ദെ. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള അദ്ദേഹം ദലിതരുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

1950 ജൂലൈ 15 ന് മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ രാജൂര്‍ എന്ന ഗ്രാമത്തില്‍ ദലിത് കാര്‍ഷിക തൊഴിലാളികളുടെ കുടുംബത്തിലാണ് തെല്‍തുംബ്്‌ദെ ജനിച്ചത്. 1973 ല്‍ വിശ്വേശ്വരായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും 1982 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദില്‍ നിന്ന് എംബിഎയും 1993 ല്‍ ഭാരത് പെട്രോളിയത്തില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നതിനിടെ സൈബര്‍ നെറ്റിക് മോഡലിംഗില്‍ മുംബൈ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി.

2018 ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെല്‍തുംബ്‌ദെ 2019 ഫെബ്രുവരി 3 ന് പൂനെ പോലിസ് അറസ്റ്റ് ചെയ്യുകയും അന്നുതന്നെ വിട്ടയക്കുകയും ചെയ്തു. പിന്നീട് എന്‍ഐഎ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആനന്ദ് തെല്‍തുംബ്ദെയുടെ സഹോദരനും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമായ മിലിന്ദ് തെല്‍തുംബ്ദെയുടെ പേരില്‍ നിരവധി തവണ പോലിസ് പീഢനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

12. ഗൗതം നവ്‌ലാഖ

മാധ്യമപ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖ പൗരാവകാശ, ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇടതുപക്ഷ ആക്ടിവിസ്റ്റായ അദ്ദേഹം കശ്മീരിലെ സൈന്യത്തിന്റെയും ഭരണകൂട അതിക്രമങ്ങളുടെയും വിമര്‍ശകനാണ്. ഡല്‍ഹിയിലെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് അംഗമാണ്. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് കൂടിയാണ് അദ്ദേഹം.

ഗൗതം നവ്‌ലാഖ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പിയുഡിആര്‍) സെക്രട്ടറിയായും കശ്മീരിലെ മനുഷ്യാവകാശവും നീതിയും സംബന്ധിച്ച അന്താരാഷ്ട്ര പീപ്പിള്‍സ് െ്രെടബ്യൂണലിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീരിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഛത്തീസ്ഗഡിലെ മാവോവാദി സ്വാധീന മേഖലകളിലെ ഭരണകൂട അടിച്ചമര്‍ത്തലിനെതിരേയും നിലകൊണ്ടിട്ടുണ്ട്.

കശ്മീരിലെ സൈനികവല്‍ക്കരണം എന്ന വിഷയത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, സന്‍ഹതി ഡോട്ട് കോം എന്നിവയില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. യുഎപിഎക്കെതിരേ കാലങ്ങളായി ശബ്ദിച്ചു കൊണ്ടിരിക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹം.

13. ഹാനി ബാബു

ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഭാഷാ വിഭാഗം പ്രൊഫസറായ ഹാനി ബാബു മലയാളിയായ ജാതിവിരുദ്ധ പ്രവര്‍ത്തകനാണ്. ഭീമ കൊറേഗാവ് കേസില്‍ 2020 ജൂലൈ 28 നാണ് അദ്ദേഹത്തെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗ്പൂരില്‍ ആജീവനാന്തം തടവ് അനുഭവിക്കുന്ന മുന്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസറായ ജിഎന്‍ സായിബാബയുടെ മോചനത്തിനായുള്ള സമിതിയുടെ ഭാരവാഹികളില്‍ ഒരാളാണ് ബാബു. ഹാനിബാബു ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ക്ക് സുപരിചിതനാവുന്നതു തന്നെ സംവരണത്തിന്റെ കാര്യത്തിലും, സാമൂഹിക നീതിയുടെ മേഖലയിലും ഉന്നതവിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയമായ ഇടപെടല്‍ കൊണ്ടാണ്.

14. ജ്യോതി ജഗ്താപ്

സാംസ്‌കാരിക പ്രവര്‍ത്തകയായ ജ്യോതി ജഗ്തപ് കബീര്‍ കലാ മഞ്ച് എന്ന അംബേദ്കര്‍-ഇടത് സാംസ്‌കാരിക സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ്. 2016ലെ ഭീമാ കൊറേഗാവ് യുദ്ധവാര്‍ഷികാഘോഷത്തിന്റെ സംഘാടനത്തിലും മുഖ്യ പങ്കുവഹിച്ച ആക്ടിവിസ്റ്റാണ്.

സിപിഐ(മാവോയിസ്റ്റ്) ന്റെ മുന്നണി സംഘടനയാണ് കബീര്‍ കലാ മഞ്ച് എന്നാണ് ഭരണകൂട ആരോപണം. എന്നാല്‍ കബീര്‍ കലാ മഞ്ച് വിയോജിപ്പിന്റെ ശക്തമായ ശബ്ദവും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി അശ്രാന്തമായി പോരാടുന്ന സംഘടനയാണ്.

1941 ല്‍ സോഷ്യലിസ്റ്റ് സ്വാതന്ത്ര്യസമര സേനാനികളായ സനേ ഗുരുജി, എസ്എം ജോഷി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച രാഷ്ട്രീയ സേവാ ദളില്‍ ചേര്‍ന്നാണ് ജഗ്താപ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. മുംബൈയിലെ മില്‍ തൊഴിലാളി കുടുംബത്തിലാണ് ജനനം. 2007 ലാണ് ജഗ്താപ് കെകെഎമ്മില്‍ ചേരുന്നത്. വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കായുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു അവര്‍.

15. രമേഷ് മുരളീധര്‍ ഗെയ്ഷര്‍

കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകനും ദലിത് അവകാശ പ്രവര്‍ത്തകനുമാണ് രമേഷ്. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കെകെഎം പ്രവര്‍ത്തക ജ്യോതി ജഗ്താപിന്റെ ജീവിത പങ്കാളികൂടിയാണ് ഇദ്ദേഹം.

മോദിക്കെതിരേ എഴുതിയ കബീര്‍ കലാ മഞ്ചിന്റെ പാട്ടാണ് ഇവര്‍ മാവോവാദികള്‍ ആണെന്നതിന് തെളിവായി പോലിസ് ഉയര്‍ത്തിക്കാട്ടിയത്.

16. സാഗര്‍ ഗോര്‍ഖെ

കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകനും ദലിത് അവകാശ പോരാളിയുമാണ് സാഗര്‍. നേരത്തെ മാവോവാദി ബന്ധമാരോപിച്ച് 40 മാസം യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അന്ന് രമേഷ് ഗെയ്ഷറും ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായിരുന്നു. സുപ്രിംകോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നത്.

Next Story

RELATED STORIES

Share it