Sub Lead

തേജസ് 'മലബാര്‍ വിപ്ലവം: ശതാബ്ദി സ്മരണിക' പ്രൗഢ സദസ്സില്‍ പ്രകാശനം ചെയ്തു

തേജസ് ദ്വൈവാരിക കാംപയിന്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.

തേജസ് മലബാര്‍ വിപ്ലവം: ശതാബ്ദി സ്മരണിക പ്രൗഢ സദസ്സില്‍ പ്രകാശനം ചെയ്തു
X

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മഹത്തായ ഏടായ മലബാര്‍ വിപ്ലവത്തിന് നൂറുവര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തില്‍ തേജസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'മലബാര്‍ വിപ്ലവം: ശതാബ്ദി സ്മരണിക 1921-2021'യുടെ പ്രകാശനം പ്രൗഢസദസ്സില്‍ നടന്നു. മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം തലവന്‍ ഡോ. കെ എസ് മാധവന്‍ എഴുത്തുകാരി ആബിദാ ഹുസയ്‌നു നല്‍കി പ്രകാശനം ചെയ്തു. തേജസ് ഡയറക്ടര്‍ ബി നൗഷാദ് സ്വാഗതം പറഞ്ഞു.

തേജസ് ചെയര്‍മാന്‍ കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മരണിക സമര്‍പ്പണം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി നിര്‍വഹിച്ചു. ചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദിനെ എഴുത്തുകാരന്‍ പ്രഫ. ജമീല്‍ അഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു. 'പണ്ഡിതന്‍മാര്‍ പോരാളികള്‍' പുസ്തകം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകന്‍ പി എ എം ഹാരിസിനു നല്‍കി പ്രകാശനം ചെയ്തു. തേജസ് ദ്വൈവാരിക കാംപയിന്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ചരിത്ര ഗവേഷകന്‍ യൂസുഫലി പാണ്ടിക്കാട് ഏറ്റുവാങ്ങി.

തേജസ് ബുക്‌സിന്റെ നവീകരിച്ച ലോഗോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പ്രകാശനം ചെയ്തു. വെബ്‌സൈറ്റ് ലോഞ്ചിങ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ് നിസാര്‍ എസ് നിസാര്‍ നിര്‍വഹിച്ചു. തേജസ് ദൈ്വവാരിക പ്രചാരണ വീഡിയോ പ്രകാശനം ബി നൗഷാദ് നിര്‍വഹിച്ചു. ചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദ്, ഗ്രന്ഥകാരന്‍ അര്‍ഷദ് മുഹമ്മദ് നദ് വി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തേജസ് ന്യൂസ് എഡിറ്റര്‍ അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, കെ പി ഒ റഹ്മത്തുല്ല സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു.

'മലബാര്‍ വിപ്ലവം: ശതാബ്ദി സ്മരണിക 1921-2021' യുടെ ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയും എഡിറ്റര്‍ പി എ എം ഹാരിസും അസോഷ്യേറ്റ് എഡിറ്റര്‍ കെ എച്ച് നാസറുമാണ്. ശരീഫ് നരിപ്പറ്റയാണ് സബ് എഡിറ്റർ. തുടര്‍ന്ന് ഇശല്‍രാവ്, 'ചോര പൂത്ത പടനിലം' നാടകം എന്നിവ അരങ്ങേറി. പുസ്തക മേളയും സംഘടിപ്പിച്ചിരുന്നു. ചരിത്ര വസ്തുതകളെ കണ്ടെടുത്ത് യുക്തിഭദ്രമായി കോര്‍ത്തിണക്കി പ്രതിവാദങ്ങളെ നിഷ്പ്രഭമാക്കി ചരിത്രത്തെ പുനസ്ഥാപിക്കുന്ന ലേഖനങ്ങളും നിരീക്ഷണങ്ങളുമടങ്ങുന്ന സ്മരണികയില്‍ കേരളത്തിലെ പ്രമുഖ ചരിത്രകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരും പങ്കാളികളായിട്ടുണ്ട്.

ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ എസ് മാധവന്‍, സി ഹരിദാസ്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, എം ടി അന്‍സാരി, എന്‍ പി ചെക്കുട്ടി, പ്രഫ.പി കോയ, ഡോ. ഷംഷാദ് ഹുസയ്ന്‍, ഡോ. ഹുസയ്ന്‍ രണ്ടത്താണി, പി സുരേന്ദ്രന്‍, വി എ കബീര്‍, എ പി കുഞ്ഞാമു, പി ടി കുഞ്ഞാലി, സി അബ്ദുല്‍ ഹമീദ് തുടങ്ങിയ പ്രതിഭാധനരുടെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ശതാബ്ദി സ്മരണികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പോരാട്ട ഭൂമികളിലൂടെയുള്ള സഞ്ചാരം, പോരാട്ട നായകരെക്കുറിച്ച ആഖ്യാനങ്ങള്‍, മലബാര്‍ വിപ്ലവത്തിന്റെ മതനിരപേക്ഷ മുഖത്തിന് അടിവരയിടുന്ന അനുഭവങ്ങള്‍, അധികാര രാഷ്ട്രീയത്തിലെ നിയാമക ശക്തികളായ ഇന്ന് പലരും അന്ന് പുലര്‍ത്തിയ ബ്രിട്ടീഷ് രാജഭക്തിയെക്കുറിച്ചുള്ള തുറന്നെഴുത്ത്, ആശാന്റെ 'ദുരവസ്ഥ'യുടെ ദുരവസ്ഥ വരച്ചുകാട്ടുന്ന പഠനം, സംഘപരിവാര നുണക്കഥകളെ തുറന്നുകാട്ടുന്ന ലേഖനങ്ങള്‍, പടപ്പാട്ടുകളുടെ ഇശലുകള്‍ എന്നിവയും ശതാബ്ദി സ്മരണികയെ പ്രൗഢഗംഭീരമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it