Sub Lead

കല്ലുമ്മക്കായ പറിക്കുന്നതിനിടെ യുവാവ് മരിച്ചു; ദാരുണാന്ത്യം മരണത്തെ മുഖാമുഖം കണ്ട മുന്‍ അനുഭവം ഫേസ്ബുക്കില്‍ കുറിച്ച രണ്ടാമാണ്ടില്‍

കടലിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍

കല്ലുമ്മക്കായ പറിക്കുന്നതിനിടെ യുവാവ് മരിച്ചു; ദാരുണാന്ത്യം മരണത്തെ മുഖാമുഖം കണ്ട മുന്‍ അനുഭവം ഫേസ്ബുക്കില്‍ കുറിച്ച രണ്ടാമാണ്ടില്‍
X

കോഴിക്കോട്: കല്ലുമ്മക്കായ പറിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ദാരുണാന്ത്യം നടന്നത് മരണത്തെ മുഖാമുഖം കണ്ട മുന്‍ അനുഭവം ഫേസ്ബുക്കില്‍ കുറിച്ച രണ്ടാമാണ്ടിലായതു യാദൃശ്ചികമായി. കടലുണ്ടി ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് റഫീഖ്(42) ആണ് സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ 11ഓടെ ബേപ്പൂര്‍ പുളിമുട്ട് ഭാഗത്ത് കപ്പലിനടിയില്‍ കല്ലുമ്മക്കായ മുങ്ങി പറിക്കുന്നതിനിടെയാണ് അപകടം. കാണാതായ സഹതൊഴാലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതോണികള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കപ്പല്‍ മാറ്റി വലയടിച്ചപ്പോഴാണ് മൃതദേഹം കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് 4.30ഓടെ ചാലിയം ജുമാമമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പുസ്തകങ്ങളെയും എഴുത്തുകാരെയും ഏറെ ഇഷ്ടപ്പെട്ട റഫീഖ് രണ്ടുവര്‍ഷം മമ്പ് ഇതേ ദിവസം, 2017 മെയ് 25ന് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അന്ന് കല്ലുമ്മക്കായ പറിക്കുമ്പോള്‍ അപകടത്തില്‍പെടുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തതാണ് റഫീഖ് ഫേസ്ബുക്കില്‍ വിവരിക്കുന്നത്.

റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കടലിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍

നല്ലൊരു മുങ്ങല്‍ വിദഗ്ദനാണെങ്കിലും കടലിനടിയില്‍ മുങ്ങിക്കളിക്കുമ്പോഴും കടലിനടിയിലെ പാറക്കല്ലുകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ചെടുക്കുമ്പോഴും ഒരിക്കല്‍പോലും അപകടത്തില്‍പെടാത്ത ഞാന്‍ അന്ന് അപകടത്തില്‍പെട്ടത് മരണത്തെ മുഖാമുഖം കണ്ടാണ്. പല കടല്‍ തീരങ്ങളിലും ചെറുതും വലുതുമായ പാറക്കല്ലുകള്‍ കാണാം. കടലിനടിയിലെ ചെറുതും വലുതുമായ പാറക്കല്ലുകളിലാണ് കല്ലുമ്മക്കായ വളരുന്നത്. മുഖത്ത് മാസ്‌ക് ഫിറ്റ് ചെയ്ത് കടലിനടിയില്‍ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങി നോക്കിയാല്‍ ചെറുതും വലുതുമായ പാറക്കല്ലുകളും. അതില്‍ ഒറ്റയായും കൂട്ടമായും വളരുന്ന കല്ലുമ്മക്കായകള്‍ കാണാം. പലതരം മീനുകള്‍, മറ്റു കടല്‍ ജീവികള്‍ എന്നിവയേയും കാണാം, അതൊക്കെ നേരില്‍ കാണേണ്ട മനോഹരക്കാഴ്ച്ചകളാണ്. അപകടം പിടിച്ച ചില പാറക്കല്ലുകളുണ്ട് കടലിനടിയില്‍ ഗുഹകള്‍ പോലെ തോന്നിക്കുന്നത്. അവിടെയൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചാണ് മുങ്ങുന്നത്. കലങ്ങിയ ജലാശയത്തില്‍ ഇത്തരം പാറക്കല്ലുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത് ഏറ്റവും വലിയ അപകടമാണെന്ന് എനിക്ക് നന്നായിട്ടറിയാം. അന്നൊരു ദിവസം കലങ്ങിയ ജലാശയമായത് കൊണ്ട് മടിയോടെയാണ് ഞാനെന്റെ ചെറിയ തോണിയില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോയത്.

വലിയ പാറക്കല്ലുകള്‍ ഒഴിവാക്കി അപകടമല്ലാത്ത ചെറിയ പാറക്കല്ലുകളുള്ളയിടത്ത് ഞാനെന്റെ തോണി നിര്‍ത്തിയിട്ടു. കലങ്ങിയ ജലാശയമാണെങ്കിലും കൈയില്‍ ഗ്ലൗസും മുഖത്ത് മാസ്‌കും ഫിറ്റ് ചെയ്താണ് ഞാന്‍ കടലിനടിയിലേക്ക് ഊളിയിട്ടത്. പാറക്കല്ലിനടുത്തെത്തിയതും ഞാന്‍ പാറക്കല്ലില്‍ കൈ കൊണ്ട് തപ്പി പിടിച്ച് കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി. അരയില്‍ വലക്കയര്‍ കൊണ്ടുണ്ടാക്കിയ കൂടില്‍(ഞങ്ങളതിനെ മാല്‍ എന്നു പറയും) കല്ലുമ്മക്കായകള്‍ നിറയ്ക്കാന്‍ തുടങ്ങി. ഓരോ മുങ്ങലിനും ശ്വാസം കിട്ടുന്നതിനനുസരിച്ചുള്ള സമയം വരെ കടലിനടിയിലെ പാറക്കല്ലുകളില്‍ മുങ്ങിനിന്ന് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കും. മാല്‍ നിറഞ്ഞാല്‍ അത് തോണിയിലേക്ക് പിടിച്ചുകയറ്റും. എന്നിട്ട് വീണ്ടും മാല്‍ അരയില്‍ കെട്ടി കല്ലുമ്മക്കായ പറിക്കല്‍ തുടരും. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കല്ലുമ്മക്കായ കുറഞ്ഞപ്പോള്‍ തൊട്ടടുത്ത് തന്നെ വേറൊരു പാറക്കല്ലുള്ളയിടത്തേക്ക് ഞാനെന്റെ തോണി മാറ്റിവച്ചു. എന്നിട്ടവിടെ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു വലിയ തിരമാല അടുത്തുകൂടെ കടന്നുപോയത്. അപ്രതീക്ഷിതമായ ആ തിരത്തള്ളലില്‍ കടലിനടിയില്‍ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരുന്ന ഞാന്‍ തെറിച്ചുവീണത് കുറച്ചപ്പുറത്തുള്ള ഒരു വലിയ പാറക്കല്ലിനടിയിലേക്കായിരുന്നു. തലയും ശരീരവും കല്ലിലിടിക്കാത്തത് ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടക്കാനാവാതെ ഞാന്‍ കുറച്ചുസമയം കുടുങ്ങിക്കിടന്നു. കലങ്ങിയ ജലാശയമായത് ഒന്നും കാണാന്‍ കഴിയാതെ അതിനുള്ളില്‍ നിന്ന് പുറത്ത് കടക്കാനാവാതെ ഞാനേറെ വിഷമിച്ചു. ഞാന്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനകള്‍ കൈവിടാതെ പാറക്കല്ലിനടിയില്‍ നിന്നും അതിന്റെ മുകള്‍ ഭാഗം തപ്പിപ്പിടിച്ച് ശ്രദ്ധിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു. ആസമയം ഞാന്‍ പോയത് പുറത്തേക്കുള്ള വഴിയല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചുപോയിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. പ്രാര്‍ത്ഥനകള്‍ കൈവിടാതെ ഞാന്‍ വീണ്ടും പാറക്കല്ലിന്റെ വേറൊരു ഭാഗത്ത് കൂടെ തപ്പിപ്പിടിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു കുറച്ചു മുമ്പോട്ടുപോയപ്പോള്‍ അതാ സൂര്യന്റെ ഇത്തിരി വെട്ടം തെളിഞ്ഞ് കാണുന്നു. അത് കണ്ടതും ആ ഭാഗം നോക്കി ഞാന്‍ വേഗം പാറക്കല്ലിനടിയില്‍ നിന്നും പുറത്തുകടന്നു. എന്നിട്ട് കടലിനു മുകളിലേക്ക് പൊങ്ങി രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. അല്‍ഹംദുലില്ലാഹ്...

വേഗം തോണിയില്‍ കയറിയ ഞാന്‍ കിതപ്പടക്കാന്‍ ഏറെ പാടുപ്പെട്ട് തോണിയിലുണ്ടായിരുന്ന വെള്ളമെടുത്ത് മതിവരുവോളം കുടിച്ച് കുറച്ച് സമയം വിശ്രമിച്ച ശേഷം ഞാന്‍ കരയിലേക്ക് തുഴഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ കലങ്ങിയ ജലാശയത്തില്‍ വലിയ പാറക്കല്ലുകളുള്ളയിടത്ത് മുങ്ങാറില്ല. വലിയ പാറക്കല്ലുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് പിന്നീട് ഞാനവിടെ മുങ്ങുന്നത്. ആ സംഭവം ഞാനിന്നും ഓര്‍ക്കുന്നത് പേടിയോടെയാണ്. പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് രക്ഷപ്പെട്ടതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകളും ........




Next Story

RELATED STORIES

Share it