Sub Lead

താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: പ്രതികളായ രണ്ടു പോലിസുകാര്‍ ദുബയിലേക്ക് കടന്നതായി സൂചന

താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: പ്രതികളായ രണ്ടു പോലിസുകാര്‍ ദുബയിലേക്ക് കടന്നതായി സൂചന
X

മലപ്പുറം: താനൂരില്‍ താമിര്‍ ജിഫ്രി തങ്ങള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് പോലിസുകാര്‍ വിദേശത്തേക്ക് കടന്നതായി സൂചന. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗവും കേസിലെ രണ്ടാം പ്രതിയുമായ പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ആല്‍ബിന്‍ അഗസ്റ്റിന്‍, നാലാം പ്രതി തിരൂരങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ വിപിന്‍ എന്നിവരാണ് ദുബയിലേക്ക് കടന്നതായി സംശയിക്കുന്നത്. കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ ദുബയിലേക്ക് കടന്നതായി അറിയുന്നു. താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ ഇവരുള്‍പ്പെടെയുള്ളവരുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിറ്റേന്നാണ് വിദേശത്തേക്ക് കടന്നതെന്നാണ് നിഗമനം. ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരം താനൂര്‍ പോലിസ് സ്‌റ്റേഷനിലെ എറണാകുളം സ്വദേശിയായ കോണ്‍സ്റ്റബിളിന്റെ സഹോയത്തോടെയാണ് വിദേശത്തേക്ക് കടന്നതെന്നും സംശയിക്കുന്നത്. യുഎഇയിലെ വിവിധ ഇടങ്ങളിലാണ് ഇവര്‍ താമസിച്ചു വരുന്നതെന്നും റിപോര്‍ട്ടുണ്ട്.

അതോടപ്പം തന്നെ, കേസിലെ മറ്റു രണ്ട് പ്രതികളായ താനൂര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജിനേഷ്, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ താനാളൂര്‍ കെ പുരം വായനശാല സ്വദേശി കരേകത്ത് അഭിമന്യൂ എന്നിവര്‍ക്ക് സുരക്ഷിത താവളമൊരുക്കിയതും ഉന്നത പോലിസ് ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് താനൂര്‍ പോലിസ് സ്‌റ്റേഷനിലെ ഒരു പോലിസുകാരനോടപ്പവും ഡാള്‍സാഫ് സ്‌ക്വാഡിലുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വാടക വീട്ടിലും നാലുപേരും താമസിച്ചിരുന്നതായി റിപോര്‍ട്ടുകളുണ്ട്. പോലിസ് പ്രതിപ്പട്ടികയില്‍ വന്ന കേസില്‍ നിന്നു പ്രതികളെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങളിലുള്‍പ്പെടെ ലുക്കൗട്ട് നോട്ടീസ് പുറപെടുപ്പിക്കുന്ന പോലിസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താതിരുന്നത് സ്വന്തം സേനാംഗങ്ങളായതിനാലാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതായി ഇത്തരം നടപടികള്‍.

വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുള്ള താമിറിന്റെ ശരീരത്തിലെ സാംപിള്‍ പരിശോധനയുടെ ഫലം പോലിസിന് അനുകൂലമാവുമെന്നും ഇതോടെ കേസ് തുമ്പില്ലാതാവുമെന്നുമുള്ള കണക്കുകൂട്ടലിലാണ് കേസിലെ പ്രതികളായ പോലിസുകാര്‍ ഒളിച്ചുകഴിയുന്നത്. ഇതിന്റെ ഭാഗമായി വന്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ശക്തമാണ്. നേരത്തേ പോസ്റ്റുമോര്‍ട്ടം നടത്തിയ പോലിസ് സര്‍ജ്ജനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. പോലിസ് സമ്മര്‍ദ്ദങ്ങളെ ഭയക്കാതെ പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ റിപോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയതിനാണ് പോലിസ് സര്‍ജ്ജനെതിരേ രംഗത്തെത്തിയിരുന്നത്. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഡാന്‍സഫ് ടീം അംഗങ്ങള്‍ പ്രതിസ്ഥാനത്തിലായ കേസില്‍ ജില്ലാ പോലിസ് മേധാവി വരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 31നു വൈകീട്ട് നാലോടെ ചേളാരിയിലെ ആലുങ്ങലില്‍ നിന്നാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ 12 പേരെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ഡാന്‍സാഫ് സംഘത്തിന്റെ ചുമതലയുള്ള എസ്പിയെ വിവരം അറിയിച്ചിട്ടുണ്ടാവുമെന്നാണ് നിഗമനം. ഡാന്‍സാഫ് സംഘത്തിന്റെ തുടര്‍പ്രവൃത്തികളെല്ലാം എസ്പിയുടെ നിര്‍ദേശപ്രകാരമായിരിക്കാമെന്നതിനാല്‍ അദ്ദേഹത്തിനു കുരുക്ക് മുറുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പോലിസ് ഉദ്യോഗസ്ഥരെയും പിടികൂടി ചോദ്യം ചെയ്യുന്നതോടെ ഉന്നതരുടെ പങ്ക് പുറത്തുവന്നേക്കും. ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കി മലപ്പുറം എസ്പി സുജിത് ദാസ് തന്നെയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. താമിര്‍ ജിഫ്രി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും തെളിവ് നശിപ്പിക്കാനും കേസൊതുക്കാനും ശ്രമിക്കുന്ന പോലിസ് നടപടിക്കെതിരേ ആക്ഷന്‍ കമ്മിറ്റിയും മുസ് ലിം ലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളും പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

Next Story

RELATED STORIES

Share it