Sub Lead

യോ​ഗിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഭീഷണി; മാപ്പ് പറഞ്ഞ് താണ്ഡവ് വെബ് സീരീസ് ക്രൂ

സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ അഭിനയിക്കുന്ന വെബ് സീരീസ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.

യോ​ഗിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഭീഷണി; മാപ്പ് പറഞ്ഞ് താണ്ഡവ് വെബ് സീരീസ് ക്രൂ
X

ന്യൂഡൽഹി: യോ​ഗിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഭീഷണിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് താണ്ഡവ് വെബ് സീരീസ് ക്രൂ. ആമസോൺ പ്രൈം വീഡിയോ നിർമിച്ച 'താണ്ഡവ്' എന്ന വെബ് സീരീസിലെ അഭിനേതാക്കളും സംഘവും ഹിന്ദുദേവതകളെ അപമാനിച്ചുവെന്ന് ആരോപിച്ച് യുപി പോലിസിൽ പരാതി ലഭിച്ചതിനു പിന്നാലെയാണ് യോ​ഗിയുടെ മാധ്യമ ഉപദേഷ്ടാവ് ഭീഷണിയുമായി രം​ഗത്തെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് താണ്ഡവ് വെബ് സീരീസ് ക്രൂ നിരുപാധികമായ ക്ഷമാപണം നടത്തിയത്. 'താണ്ഡവ്' ഒരു ഫിക്ഷൻ സൃഷ്ടിയാണെന്നും, സീരീസിലെ കഥാപാത്രങ്ങളും സംഭവങ്ങളും എന്തെങ്കിലും തരത്തിൽ എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ തികച്ചും യാദൃശ്ചികമാണെന്നും അവർ പറഞ്ഞു.

ഏതെങ്കിലും വ്യക്തി, ജാതി, സമൂഹം, വംശം, മതം, മത വിശ്വാസങ്ങൾ എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അഭിനേതാക്കൾക്കും ജീവനക്കാർക്കും ഉദ്ദേശമില്ല. ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ വ്യക്തിയെയോ അപമാനിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അവരുടെ പ്രസ്താവനയിൽ പറയുന്നു.

ആമസോൺ പ്രൈമിൽ നിന്ന് ഐ & ബി മന്ത്രാലയം പ്രതികരണം തേടിയതിന് ശേഷമാണ് ക്ഷമാപണം. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ അഭിനയിക്കുന്ന വെബ് സീരീസ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഉത്തർപ്രദേശ് പോലിസിൽ സമർപ്പിക്കപ്പെട്ട പരാതിയിൽ, ആദ്യ എപ്പിസോഡിൽ 17 മിനിറ്റ്, ഹിന്ദു ദേവതകളെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുവെന്നും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it