Sub Lead

'താജ്മഹല്‍ തേജോ മഹാലയ എന്നാക്കി മാറ്റണം';ആവശ്യവുമായി ബിജെപി നേതാവ്

ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്

താജ്മഹല്‍ തേജോ മഹാലയ എന്നാക്കി മാറ്റണം;ആവശ്യവുമായി ബിജെപി നേതാവ്
X

ആഗ്ര: താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കി മാറ്റണമെന്ന ആവശ്യം ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ ഉന്നയിച്ച് ബിജെപി നേതാവ്. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.എന്നാല്‍ ബിഎസ്പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

താജ്ഗഞ്ച് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ശോഭാറാം.ശവകുടീരത്തെ എങ്ങനെയാണ് മഹല്‍ എന്ന് വിളിക്കുക എന്നായിരുന്നു ശോഭാറാമിന്റെ ചോദ്യം. താജ് മഹല്‍ നില്‍ക്കുന്ന സ്ഥലം രാജാ ജയ്‌സിങിന്റെ ഭരണപ്രദേശമായിരുന്നെന്നും, കൂടാതെ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പത്‌നിയുടെ പേര് ചരിത്രത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്,അര്‍ജുമന്ദ് ബാനോ എന്നാണ് യഥാര്‍ഥ പേരെന്നും മുംതാസ് അല്ലെന്നുമായിരുന്നു ശോഭാറാമിന്റെ വാദം.

താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹൈന്ദവ ക്ഷേത്രമാണെന്നും മുഗള്‍ അധികാരികള്‍ അതിനെ കയ്യേറുകയായിരുന്നെന്ന് ചരിത്രകാരനായ പി എന്‍ ഓക് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള ശോഭാറാമിന്റെ പ്രസ്താവന രൂക്ഷമേറിയ വാക്കേറ്റതിന് കാരണമായി. ഹൈക്കോടതിയും സുപ്രിംകോടതിയും നേരത്തെ തന്നെ ഹരജി തള്ളിയിരുന്നതായി ബിഎസ്പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ആഗ്ര മേയര്‍ നവീന്‍ ജെയിന്‍ ബിജെപി കൗണ്‍സിലറുടെ ഈ അവശ്യം തള്ളി.യോഗത്തില്‍ വാക്കേറ്റം ശക്തമായതോടെ മേയര്‍ സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. അതേ സമയം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗ ഹാളിന് പുറത്ത് വിഷയം ഉന്നയിച്ച് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുദ്രാവാക്യം വിളിയുമായി തടിച്ചുകൂടി.

ഈ വര്‍ഷം മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ താജ് മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന് അവകാശപ്പെടുന്ന ഹരജി പരിഗണിച്ചിരുന്നു.താജ്മഹലിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കുന്നതിന് താജ്മഹലിലെ പൂട്ടിയിരിക്കുന്ന 22 മുറികളുടെ പിന്നിലെ സത്യം കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.എന്നാല്‍ കോടതിയെ പരിഹസിക്കരുതെന്നായിരുന്നു ഈ ഹരജി തള്ളി കോടതി മറുപടിയായി പറഞ്ഞത്.

താജ് മഹലിനെതിരായ വിവാദങ്ങള്‍ ഉയരുന്നത് ആദ്യമായല്ല.താജ്മഹലിന്റെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉടന്‍ തന്നെ 'രാം മഹല്‍' എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് അടുത്തിടെ പറഞ്ഞിരുന്നു.താജ് മഹല്‍ നില്‍ക്കുന്നത് മുന്‍ ജയ്പൂര്‍ രാജാവിന്റെ ഭൂമിയിലാണെന്നും പിന്നീട് അത് മുഗള്‍ രാവാജായ ഷാജഹാന്‍ പിടിച്ചെടുക്കുകയുമായിരുന്നു എന്ന വാദവുമായി ബിജെപി എംപി ദിയ കുമാരിയും രംഗത്തെത്തിയിരുന്നു.


Next Story

RELATED STORIES

Share it