Sub Lead

കെ എം മൗലവിയുടെ മകന്‍ ടി കെ മുഹ്‌യുദ്ദീന്‍ ഉമരി അന്തരിച്ചു

മയ്യിത്ത് നമസ്‌കാരം വ്യാഴം രാവിലെ 11ന് തിരൂരങ്ങാടി യതീം ഖാന മസ്ജിദില്‍ നടക്കും.

കെ എം മൗലവിയുടെ മകന്‍ ടി കെ മുഹ്‌യുദ്ദീന്‍ ഉമരി അന്തരിച്ചു
X

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റുമായ ടി കെ മുഹ്‌യുദ്ദീന്‍ ഉമരി അന്തരിച്ചു. കെ എം മൗലവിയുടെയും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഫാത്തിമക്കുട്ടിയുടെയും മകനായി 1934 ഡിസംബര്‍ 27ന് തിരൂരങ്ങാടിയിലാണ് ഉമരിയുടെ ജനനം.

തിരൂരങ്ങാടിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉമറാബാദ് ദാറുസ്സലാമില്‍ നിന്ന് ഒന്നാം റാങ്കോടെ ഉമരി ബിരുദം നേടി. 1969ല്‍ അഫ്ദലുല്‍ ഉലമ ബിരുദവും കരസ്ഥമാക്കി. തൊടികപ്പുലം ജുമുഅത്ത് പള്ളിയില്‍ അധ്യാപക വിദ്യാര്‍ത്ഥിയായിരുന്നു. വിവിധ മദ്രസ്സകളിലും സ്‌കൂളുകളിലും അധ്യാപകനായി ജോലി ചെയ്തു. വളവന്നൂര്‍ അറബിക് കോളജില്‍ പത്ത് വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തു 1988ലാണ് വിരമിച്ചത്. പുളിക്കല്‍ ജാമിഅ സലഫിയ്യയിലും അധ്യാപകനായിട്ടുണ്ട്. കേരളത്തിലെ വിവിധ പള്ളികളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപകാംഗമാണ്. ഐഎസ്എം സംസ്ഥാന പ്രസിഡന്റ്, കെഎന്‍എം സംസ്ഥാന കമ്മിറ്റിയംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡന്റ്, തിരൂരങ്ങാടി ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മൗലവി മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഏതാനും വര്‍ഷങ്ങളായി വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ കാരണം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അഹ്കാമു തജ്‌വീദ്, ഹജ്ജ് ഉംറ സിയാറത്ത് തുടങ്ങിയ പുസ്തകങ്ങളും ധാരാളം വിവര്‍ത്തന ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: എം സൈനബ അരീക്കോട്(റിട്ട. അധ്യാപിക). മക്കള്‍: ശമീമ, സുബൈദ, ജബാന, മാജിദ, സന, യഹ്‌യ, നൗഫല്‍, റഷാദ്. മയ്യിത്ത് നമസ്‌കാരം വ്യാഴം രാവിലെ 11ന് തിരൂരങ്ങാടി യതീം ഖാന മസ്ജിദില്‍ നടക്കും.

Next Story

RELATED STORIES

Share it