Sub Lead

സിറിയയിലെ കുര്‍ദ് സൈന്യം സര്‍ക്കാരിന്റെ ഭാഗമാവും; ചരിത്രപരമായ കരാറില്‍ ഒപ്പിട്ടു (ചിത്രങ്ങള്‍)

സിറിയയിലെ കുര്‍ദ് സൈന്യം സര്‍ക്കാരിന്റെ ഭാഗമാവും; ചരിത്രപരമായ കരാറില്‍ ഒപ്പിട്ടു (ചിത്രങ്ങള്‍)
X

ദമസ്‌കസ്: വടക്ക് കിഴക്കന്‍ സിറിയയിലെ കുര്‍ദ് സ്വയംഭരണ പ്രദേശമായ റൊജാവ സിറിയന്‍ ഭരണസംവിധാനത്തിന്റെ ഭാഗമാവും. കുര്‍ദ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള സൈന്യമായ എസ്ഡിഎഫിന്റെ മേധാവിയായ മസ്‌ലൂം ആബ്ദിയും സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹമദ് അല്‍ ഷറയും ഇന്നലെ കരാറില്‍ ഒപ്പിട്ടു. കുര്‍ദുകളുടെ സൈന്യവും സിവില്‍ സംവിധാനങ്ങളും ഇനി മുതല്‍ സിറിയന്‍ ഭരണസംവിധാനത്തിന്റെ ഭാഗമായിരിക്കുമെന്ന് കരാര്‍ പറയുന്നു. റൊജാവയിലെ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും ക്വാമിഷ്‌ലി അന്താരാഷ്ട്ര വിമാനത്താവളവും പെട്രോളിയം, പ്രകൃതിവാതക പാടങ്ങളും കൈമാറും. കുര്‍ദുകള്‍ സിറിയയിലെ തദ്ദേശീയ ജനതയാണെന്നും പൗരത്വവും ഭരണഘടനാപരമായ അവകാശങ്ങളും അവര്‍ക്കുമുണ്ടെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഒരു ലക്ഷം അംഗങ്ങള്‍ ഉള്ള എസ്ഡിഎഫ് കൂടി എത്തുന്നതോടെ സിറിയന്‍ സൈന്യത്തിന്റെ ശക്തി വന്‍തോതില്‍ വര്‍ധിക്കും.


2024 ഡിസംബര്‍ എട്ടിന് ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ മുന്നിലെ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളികളില്‍ ഒന്നായിരുന്നു കുര്‍ദുകളുടെ സ്വയംഭരണം. രാജ്യത്തെ എല്ലാ സായുധവിഭാഗങ്ങളെയും സിറിയന്‍ ഭരണസംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ കാഴ്ച്ചപാടിന്റെ ഭാഗമായാണ് കുര്‍ദുകളുമായി ചര്‍ച്ചകള്‍ നടത്തിയത്. അധികാരമെല്ലാം ദമസ്‌കസില്‍ കേന്ദ്രീകരിക്കുന്നതില്‍ കുര്‍ദുകള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ലദാക്കി, താര്‍തുസ് പ്രദേശങ്ങളില്‍ അലവി ശിയാ വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങളുണ്ടായതും കുര്‍ദുകള്‍ക്ക് ആശങ്കയുണ്ടാക്കി. ഇക്കാര്യം കൂടി ചര്‍ച്ച ചെയ്താണ് കരാറില്‍ എത്തിയിരിക്കുന്നത്.




കുര്‍ദുകള്‍ക്ക് സ്വന്തം ഭാഷയായ കുര്‍മാഞ്ചി സ്‌കൂളുകളില്‍ പഠിപ്പിക്കാനും അവകാശം ലഭിച്ചു. അസദിന്റെ കാലത്ത് ഇതിന് നിരോധനമുണ്ടായിരുന്നു. കൂടാതെ കുര്‍ദ് വിശുദ്ധ ദിനങ്ങള്‍ക്ക് സ്‌കൂളുകള്‍ക്ക് അവധിയും നല്‍കും. പുതിയ സിറിയ നിര്‍മിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് മസ്‌ലും ആബ്ദി പറഞ്ഞു. കരാറില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് സിറിയയില്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.

കരാറിലെ വ്യവസ്ഥകള്‍

1) മതമോ വംശമോ നോക്കാതെ എല്ലാ സിറിയക്കാര്‍ക്കും രാഷ്ട്രീയ പ്രക്രിയയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാതിനിധ്യവും പങ്കാളിത്തവും നല്‍കും.

2) കുര്‍ദുകള്‍ സിറിയയിലെ തദ്ദേശീയ ജനതയാണ്. അവര്‍ക്ക് പൗരത്വവും ഭരണഘടനാപരവുമായ അവകാശങ്ങളും നല്‍കും.

3) സിറിയയിലെ എല്ലാ പ്രദേശങ്ങളിലും വെടിനിര്‍ത്തും

4) റൊജാവയിലെ സിവില്‍, സൈനിക സ്ഥാപനങ്ങളും ചെക്ക്‌പോസ്റ്റുകളും വിമാനത്താവളവും പെട്രോളിയം-പ്രകൃതിവാതക പാടങ്ങളും സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗമാക്കും.

5) ആഭ്യന്തരയുദ്ധകാലത്ത് കുടിയിറക്കപ്പെട്ട എല്ലാ സിറിയക്കാരെയും സ്വന്തം നാട്ടിലേക്ക് കൊണ്ടുവരും. സിറിയന്‍ ഭരണകൂടം അവര്‍ക്ക് സുരക്ഷ നല്‍കും.

6) അസദ് അനുകൂലികള്‍ക്കെതിരായ നീക്കത്തെ കുര്‍ദുകള്‍ പിന്തുണയ്ക്കും.

7) സിറിയന്‍ ജനതക്കിടയില്‍ ഭിന്നതയും വിദ്വേഷവുമുണ്ടാക്കുന്നതുമായ പ്രസംഗങ്ങളെയും പരാമര്‍ശങ്ങളെയും നേരിടും.

8) 2025 അവസാനിക്കും മുമ്പ് കരാര്‍ പൂര്‍ണമായും നടപ്പാക്കണം.

Next Story

RELATED STORIES

Share it