കുറ്റം ചെയ്തിട്ടില്ലെന്ന് ന്യൂസിലന്റ് മസ്ജിദില്‍ ആക്രമണം നടത്തിയ പ്രതി
തന്റെ കക്ഷിക്കെതിരേ ചുമത്തിയ 51 കൊലപാതകങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ നിഷേധിക്കുന്നതായി ആസ്‌ത്രേലിയക്കാരനായ ബ്രെന്റണ്‍ ടാറന്റിന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.
ക്രൈസ്റ്റ് ചര്‍ച്ച്: കഴിഞ്ഞ മാര്‍ച്ച് മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളിലായി 51 പേരെ വെടിവച്ചു കൊന്ന പ്രതി തനിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ചു. തന്റെ കക്ഷിക്കെതിരേ ചുമത്തിയ 51 കൊലപാതകങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ നിഷേധിക്കുന്നതായി ആസ്‌ത്രേലിയക്കാരനായ ബ്രെന്റണ്‍ ടാറന്റിന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ഇതാദ്യമായാണ് ഭീകരതയുമായി ബന്ധപ്പെട്ട ഒരു കേസ് ന്യൂസിലന്റ് കോടതിയിലെത്തുന്നത്.
ടാറന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ കോടതിയില്‍ നേരിട്ട് ഹാജരായില്ല. ഓക്ക്‌ലന്റിലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതി വിചാരണാ നടപടികളില്‍ പങ്കെടുത്തത്. ചാരനിറത്തിലുള്ള കുപ്പായമണിഞ്ഞെത്തിയ ടാറന്റ് അരമണിക്കൂര്‍ നീണ്ട വിചാരണ വേളയില്‍ മുഴുവന്‍ കാമറയിലേക്ക് തുറിച്ചു നോക്കി നില്‍ക്കുകയായിരുന്നു. വിചാരണാ വേളയില്‍ ഒരു വാക്കുപോലും ടാറന്റ് പറഞ്ഞില്ല. കേള്‍ക്കാമോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് തലയാട്ടുക മാത്രം ചെയ്തു. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടപ്പോള്‍ ടാറന്റിന്റെ മുഖത്ത് ഒരു പരിഹാസച്ചിരി വിടരുകയും കാമറയെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു.
വെളുത്ത വംശ മേധാവിത്വവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ടാറന്റ് മാര്‍ച്ച് 15ന് നടന്ന കൂട്ടക്കൊല തനിച്ചാണ് നിര്‍വഹിച്ചതെന്നാണ് കരുതുന്നത്. കൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂറിലും ലിന്‍വുഡിലുമുള്ള മസ്ജിദുകളില്‍ സെമി ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചാണ് ടാറന്റ് ആക്രമണം നടത്തിയത്. ആക്രമണ ദൃശ്യങ്ങള്‍ തലയില്‍ ഘടിപ്പിച്ച കാമറ വഴി ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബക്കാരും അക്രമത്തില്‍ പരിക്കേറ്റവരുമുള്‍പ്പെടെ 100ലേറെ പേര്‍ വിചാരണ വേളയില്‍ കോടതിയിലെത്തിയിരുന്നു. ഏപ്രില്‍ 5ന് നടന്ന അവസാന വാദം കേള്‍ക്കലില്‍ വിചാരണയ്ക്ക് ടാറന്റ് ഫിറ്റ് ആണോ എന്നറിയുന്നതിന് മാനസിക പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനയില്‍ ടാറന്റ് വിചാരണയ്ക്ക് ഫിറ്റാണെന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസ് കാമറണ്‍ മാന്‍ഡര്‍ പറഞ്ഞു. അടുത്ത വാദം കേള്‍ക്കല്‍ നടക്കുന്ന ആഗസ്ത് 16വരെ ടാറന്റിനെ കസ്റ്റഡിയില്‍വിട്ടു.
വാദം കേള്‍ക്കലിന് ശേഷം ഇരകളുടെ ബന്ധുക്കളും ആക്രമണത്തില്‍ പരിക്കേറ്റവരും വിചാരണയെക്കുറിച്ച് പ്രതികരിച്ചു. അവന്‍ തോല്‍ക്കും; ഞങ്ങള്‍ ജയിക്കും. അവന്‍ ചെയ്തതിനുള്ളത് അനുഭവിക്കും-സംഭവത്തില്‍ ഒമ്പത് തവണ വെടിയേറ്റ തെമല്‍ അതാകോഗു പറഞ്ഞു. ഊന്നുവടിയിലാണ് അദ്ദേഹം കോടതിയിലെത്തിയത്. ടാറന്റിന് വധശിക്ഷ നല്‍കണമെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുസയ്ന്‍ അല്‍ഉമരിയുടെ മകന്‍ ജന്ന ഇസ്സത്ത് പറഞ്ഞു.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT