Sub Lead

ബംഗളൂരു മെട്രോയിലെ 'ഭീകരന്‍' രാജസ്ഥാനിലെ ഭിക്ഷക്കാരന്‍; മെറ്റല്‍ ഡിറ്റക്ടറിനെ കുഴക്കിയത് നാണയത്തുട്ടുകള്‍

സിസിടിവി ദൃശ്യങ്ങളിലുള്ളത് രാജസ്ഥാനില്‍ നിന്നുള്ള സാജിദ് ഖാനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ബംഗളൂരു സിറ്റി പോലിസ് അറിയിച്ചു.

ബംഗളൂരു മെട്രോയിലെ ഭീകരന്‍ രാജസ്ഥാനിലെ ഭിക്ഷക്കാരന്‍; മെറ്റല്‍ ഡിറ്റക്ടറിനെ കുഴക്കിയത് നാണയത്തുട്ടുകള്‍
X

ബംഗളൂരു: തിങ്കളാഴ്ച്ച മജസ്റ്റിക്ക് മെട്രോ സ്‌റ്റേഷനില്‍ പരിഭ്രാന്തി പരത്തിയ ഭീകരന്‍ രാജസ്ഥാനില്‍ നിന്നുള്ള ഭിക്ഷക്കാരനാണെന്ന് വ്യക്തമായി. സിസിടിവി ദൃശ്യങ്ങളിലുള്ളത് രാജസ്ഥാനില്‍ നിന്നുള്ള സാജിദ് ഖാനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ബംഗളൂരു സിറ്റി പോലിസ് അറിയിച്ചു. ജെ സി നഗര സബ്ഡിവിഷന്‍ എസിപി ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച്ച രാത്രി ആര്‍ ടി നഗറില്‍ വച്ചാണ് സാജിദ് ഖാനെ പിടികൂടിയത്.

സ്വന്തമായി വീടില്ലാത്ത ദരിദ്രാനായ സാജിദ് ഖാന്‍ എല്ലാ റമദാനിലും ഭിക്ഷ തേടി ബംഗളൂരൂവിലെത്താറുണ്ട്. റമദാന്‍ അവസാനം നാട്ടിലേക്കു മടങ്ങും. മെയ് 5ന് കുറച്ചധികം പണം കൈയില്‍ വന്നപ്പോള്‍ മെട്രോയില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങിനെയാണ് മജസ്റ്റിക് സ്‌റ്റേഷനില്‍ എത്തിയത്. പോക്കറ്റില്‍ ധാരാളം നാണയത്തുട്ടുകള്‍ ഉണ്ടായിരുന്നതിനാലാണ് പോലിസിന്റെ കൈയില്‍ ഉണ്ടായിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയതെന്ന് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു.

മെട്രോ സുരക്ഷാ ഉദ്യോഗസ്ഥരും സാജിദും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്‌നമാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയത്. മെട്രോ ഉദ്യോഗസ്ഥര്‍ കന്നഡ ഭാഷയിലാണ് അദ്ദേഹത്തോട് സംസാരിച്ചത്. സാജിദിന് ഇത് മനസ്സിലാവാത്തതിനാല്‍ ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ സാധിച്ചില്ല. ഉടന്‍ സാജിദ് മെട്രോ സ്‌റ്റേഷന്‍ വിടുകയും ചെയ്തു. ഇതോടെയാണ് ഊഹാപോഹങ്ങള്‍ പരന്നത്.

സുരക്ഷാ പ്രശ്‌നമായി പരിഗണിച്ച് ഉപ്പാര്‍പെട്ട് പോലിസ് അന്വേഷണം ഏറ്റെടുത്തു. സാജിദിനെ പിടികൂടി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് കാര്യം ബോധ്യപ്പെട്ടത്.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് ബംഗളൂരു പോലിസിനെയും കര്‍ണാടകയെയും അമ്പരപ്പിലാഴ്ത്തിയ സംഭവമുണ്ടായത്. നിരോധിത വസ്തുക്കളുമായെത്തിയ ആള്‍ മജസ്റ്റിക് മെട്രോ സ്‌റ്റേഷിലെ സുരക്ഷാ പരിശോധനയ്ക്ക് സമ്മതിക്കാതെ കടന്നു കളഞ്ഞു എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതേ തുടര്‍ന്ന് ബംഗളൂരുവില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ബംഗളൂരുവിലും പ്രത്യേക ജാഗ്രതയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it