Sub Lead

ലക്ഷദ്വീപിന്റെ നിലനില്‍പ്പ്: നിയമസഭയില്‍ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹം- പോപുലര്‍ ഫ്രണ്ട്

തികഞ്ഞ സംഘപരിവാറുകാരനായ പ്രഫുല്‍ ഖോഡ പട്ടേല്‍ നരേന്ദ്രമോദിയുടെ ഉറ്റ അനുയായിയും ഗുജറാത്ത് കലാപകാലത്ത് സുപ്രധാന ചുമതല ഉണ്ടായിരുന്ന ആളുമാണ്. ഇദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്നും ഒഴിവാക്കിയാല്‍ മാത്രം തീരാവുന്ന പ്രശ്‌നങ്ങളല്ല ദ്വീപില്‍ നിലവിലുള്ളത്.

ലക്ഷദ്വീപിന്റെ നിലനില്‍പ്പ്: നിയമസഭയില്‍ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹം- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ദ്വീപിലെ ജനജീവിതം തകര്‍ക്കുക മാത്രമല്ല, സംഘപരിവാര്‍ അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിച്ച് ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. ഇതുവഴി 99 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

തികഞ്ഞ സംഘപരിവാറുകാരനായ പ്രഫുല്‍ ഖോഡ പട്ടേല്‍ നരേന്ദ്രമോദിയുടെ ഉറ്റ അനുയായിയും ഗുജറാത്ത് കലാപകാലത്ത് സുപ്രധാന ചുമതല ഉണ്ടായിരുന്ന ആളുമാണ്. ഇദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്നും ഒഴിവാക്കിയാല്‍ മാത്രം തീരാവുന്ന പ്രശ്‌നങ്ങളല്ല ദ്വീപില്‍ നിലവിലുള്ളത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ തലതിരിഞ്ഞ നയങ്ങളും പൂര്‍ണമായും പിന്‍വലിക്കേണ്ടതുണ്ട്. വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലയ്ക്ക് എന്നിങ്ങനെ തലതിരിഞ്ഞ നയങ്ങളാണ് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയത്.

ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് ശ്രമം. എല്ലാത്തിനും ഒടുവില്‍ ദ്വീപ് വാസികളുടെ കന്നുകാലികളെയെല്ലാം വിറ്റഴിക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. തല്‍സ്ഥാനത്ത് അമുലിന്റെ പാലുല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവ് ഇറക്കിയിരിക്കുന്നു. യാതൊരു രീതിയിലുള്ള ജനാധിപത്യ മര്യാദകളോ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കോ വില കല്‍പ്പിക്കാതെ പൗരാവകാശങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനായി സംഘപരിവാര വിധേയത്വം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ പ്രത്യേകം തിരഞ്ഞെടുത്ത് നിയമിക്കുന്നു.

ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ അടിമുടി പൊളിച്ചെഴുതി സംഘപരിവാരത്തിന് വേരോട്ടമുണ്ടാക്കാന്‍ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രഫുല്‍ ഖോഡയെ അഡ്മിനിസ്‌ട്രേറ്ററാക്കിയതെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ നിയമസഭാ പ്രമേയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, കേരളവുമായി അടുത്തുനില്‍ക്കുകയും സഹകരിക്കുകയും ചെയ്യുന്ന ലക്ഷദ്വീപിന്റെ സ്വാഭാവിക നിലനില്‍പ്പിനായി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. നിലനില്‍പ്പിനായി പോരാടുന്ന ദ്വീപ് നിവാസികള്‍ക്ക് കേരളത്തിന്റെ പൂര്‍ണപിന്തുണ നല്‍കുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫാഷിസ്റ്റ് ഭീകരതയിലൂടെ കാവിവല്‍ക്കരണം നടത്താനുള്ള നീക്കത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it