Sub Lead

ഹജ്ജ് 2025: കോഴിക്കോട്-ജിദ്ദ ടിക്കറ്റ് നിരക്ക് കൂടാനുള്ള കാരണം കേന്ദ്രം വിശദീകരിക്കണം: സുപ്രിംകോടതി

ഹജ്ജ് 2025: കോഴിക്കോട്-ജിദ്ദ ടിക്കറ്റ് നിരക്ക് കൂടാനുള്ള കാരണം കേന്ദ്രം വിശദീകരിക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിനുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തീര്‍പ്പാക്കി. വിമാനക്കമ്പനികളുടെ വാണിജ്യനയമാവാം നിരക്കുകളിലെ വ്യത്യാസത്തിന് കാരണമെന്നും ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോട്ടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് പലനിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹരജിക്കാരായ അബ്ദുല്‍സലാം തുടങ്ങിയവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഷാദാന്‍ ഫറാസത്ത് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് 86,000 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 85,000 രൂപയാണ് നിരക്ക്. എന്നാല്‍, കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 1,25,000 രൂപയാണ് ഈടാക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് മൂലം അയ്യായിരത്തില്‍ അധികം പേര്‍ പ്രയാസം നേരിടുകയാണ്.

കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രാദൂരം 4,170 കിലോമീറ്ററാണ്. എന്നാല്‍, കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ദൂരം 4,086 കിലോമീറ്റര്‍ മാത്രമാണ്. അങ്ങനെയായിട്ടും 40,000 രൂപയുടെ വ്യത്യാസം എങ്ങനെയാണ് വരുകയെന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍, വിമാനടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കണം, എംബാര്‍ക്കേഷന്‍ പോയിന്റ് മാറാന്‍ അനുവദിക്കണം, അമിതമായി ഈടാക്കിയ പണം തിരികെ നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ ഉന്നയിച്ചത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് മുമ്പ് ന്യൂനപക്ഷകാര്യ മന്ത്രാലയം ടെന്‍ഡര്‍ പുറപ്പെടുവിക്കാറുണ്ടെന്ന് ഷാദാന്‍ ഫറാസത്ത് ചൂണ്ടിക്കാട്ടി. ടെന്‍ഡര്‍ കിട്ടുന്ന കമ്പനിക്കായിരിക്കും ഹജ്ജ് യാത്രാകുത്തക. അത് എയര്‍ഇന്ത്യക്കാണ് കിട്ടാറ്. അവര്‍ പറയുന്ന നിരക്ക് സ്വീകരിക്കപ്പെടുകയാണ് ചെയ്യുക. വിപണിയുടെ അടിസ്ഥാനത്തില്‍ അല്ല ടിക്കറ്റ് നിരക്ക് നിയന്ത്രിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ഘട്ടത്തില്‍ എയര്‍ലൈന്‍ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് യാത്രക്കാരെ ബാധിക്കുമെന്ന് കോടതി പറഞ്ഞു.

തുടര്‍ന്ന് വിഷയത്തില്‍ കേരള ഹൈക്കോടതിയെ ഹരജിക്കാര്‍ക്ക് സമീപിക്കാമെന്ന് കോടതി പറഞ്ഞു. മുന്‍ വര്‍ഷം തീര്‍ത്ഥാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നതായി ഷാദാന്‍ ഫറാസത്ത് ചൂണ്ടിക്കാട്ടി. എന്നാലും ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ടിക്കറ്റ് നിരക്കിലെ വ്യത്യാസം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് 2,500ല്‍ അധികം തീര്‍ത്ഥാടകര്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുള്ളതായി ഷാദാന്‍ ഫറാസത്ത് അറിയിച്ചു. ഈ നിവേദനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗം നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിരക്കുകളില്‍ വ്യത്യാസമുണ്ടാവാനുള്ള കാരണങ്ങള്‍ വിശദമാക്കിയ റിപോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it