Sub Lead

വായ്പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജി സുപ്രിംകോടതി തള്ളി

2020 മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന അപേക്ഷയും കോടതി തള്ളി.

വായ്പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികള്‍ സുപ്രിംകോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. വായ്പാ മൊറട്ടോറിയത്തിന്റെ കാലാവധി ആറുമാസംകൂടി നീട്ടണമെന്നും മേഖലയ്ക്ക് ആശ്വാസം നല്‍കണമെന്നുമാവശ്യപ്പെട്ട് വ്യാപാരി അസോസിയേഷനുകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2020 മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന അപേക്ഷയും കോടതി തള്ളി.

കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27ന് മൂന്നുമാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്നുമാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹരജികള്‍ സുപ്രിംകോടതിയിലെത്തിയത്. മോറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളാന്‍ കോടതിക്ക് സാധിക്കില്ല.

എന്നാല്‍, ഇക്കാലയളവില്‍ ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കിയത് ന്യായീകരിക്കാനാവില്ല. പിഴപ്പലിശ ഈടാക്കിയ തുക ബാങ്കുകള്‍ തിരികെ നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രത്തിന്റെയും വിവിധ നടപടികളില്‍നിന്ന് കടം വാങ്ങിയവരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സര്‍ക്കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it