Sub Lead

മണിപ്പൂര്‍ കലാപം: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി തടഞ്ഞു

മണിപ്പൂര്‍ കലാപം: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി തടഞ്ഞു
X

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി നടപടി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മണിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രിംകോടതിയെ സമീപിച്ചത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ആരോപിച്ച് ഇംഫാല്‍ പോലിസ് വസ്തുതാന്വേഷണ സമിതിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഭരത് ഭൂഷണ്‍, സീമാ ഗുഹ, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. മണിപ്പൂരില്‍ മെയ് മൂന്നുമുതല്‍ നടക്കുന്ന കലാപം സംബന്ധിച്ച് 24 പേജുള്ള വസ്തുതാന്വേഷണ റിപോര്‍ട്ടാണ് സംഘം പുറത്തുവിട്ടത്. ആഗസ്ത് ഏഴുമുതല്‍ 10 വരെ നാല് ദിവസം സ്ഥലം സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

Next Story

RELATED STORIES

Share it