Sub Lead

ന്യൂനപക്ഷ സ്‌കൂളുകളില്‍ ആര്‍ടിഇ ബാധകമല്ലെന്ന് മുന്‍ ഉത്തരവില്‍ സംശയമുണ്ടെന്ന് സുപ്രിംകോടതി; വിഷയം ചീഫ്ജസ്റ്റിസ് പരിശോധിക്കും

ന്യൂനപക്ഷ സ്‌കൂളുകളില്‍ ആര്‍ടിഇ ബാധകമല്ലെന്ന് മുന്‍ ഉത്തരവില്‍ സംശയമുണ്ടെന്ന് സുപ്രിംകോടതി; വിഷയം ചീഫ്ജസ്റ്റിസ് പരിശോധിക്കും
X

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവില്‍ സംശയം പ്രകടിപ്പിച്ച് സുപ്രിംകോടതി. സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിയമം ബാധകമല്ലെന്നാണ് 2014ലെ പ്രമതി എഡുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നത്. എന്നാല്‍, 2014ലെ വിധിയില്‍ ചില നിയമപ്രശ്‌നങ്ങളുള്ളതായി സംശയമുണ്ടെന്ന് ഇന്ന് മറ്റൊരു ഹരജി പരിഗണിക്കവേ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതിനാല്‍ വിഷയം ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ചിന് കൈമാറി.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം സ്‌കൂളുകള്‍ നടത്താന്‍ ഭരണഘടനയുടെ 30ാം അനുഛേദം അധികാരം നല്‍കുന്നുണ്ട്. അതേസമയം, എല്ലാ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 25 ശതമാനം സീറ്റുകള്‍ സാമൂഹികമായി ദുര്‍ബലമായി നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം ശുപാര്‍ശ ചെയ്യുന്നു. പക്ഷേ, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ മറികടക്കാന്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് കഴിയില്ലെന്നാണ് പ്രമതി എഡുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസില്‍ സുപ്രിംകോടതി വിധിച്ചത്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലെ 25 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ സമുദായങ്ങളിലെ പിന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാറ്റി വയ്ക്കാനാവുമോയെന്നാണ് ഇന്ന് കോടതി ചോദിച്ചത്. നാലു കാര്യങ്ങളാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

1) പ്രമതി കേസിലെ വിധി പുനപരിശോധിക്കണോ?

2) വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനയുടെ 30ാം അനുഛേദപ്രകാരമുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുമോ?/ ന്യൂനപക്ഷ സമുദായങ്ങളിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25 ശതമാനം സീറ്റ് മാറ്റിവയ്ക്കണോ ?

3) സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ മതം, വംശം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 29(2) അനുഛേദം പ്രമതി കേസില്‍ പരിഗണിക്കാതിരുന്നത് ശരിയാണോ ?

4) വിദ്യാഭ്യാസ അവകാശ നിയമത്തിലെ മറ്റേതെങ്കിലും വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണോ?

Next Story

RELATED STORIES

Share it