Sub Lead

ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ സുപ്രിം കോടതിയുടെ അനുമതി

ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ സുപ്രിം കോടതിയുടെ അനുമതി
X

ന്യൂഡല്‍ഹി: കാശി ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക്(വുദുഖാന) വൃത്തിയാക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി. മസ്ജിദ് പരിസരത്ത് ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദുക്കള്‍ സമര്‍പ്പിച്ച അപേക്ഷ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അനുവദിച്ചത്. ടാങ്ക് വൃത്തിയാക്കാനുള്ള അപേക്ഷയെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയും എതിര്‍ത്തില്ല. 2022 മെയ് മാസം കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട വുദുഖാന(അംഗസ്‌നാനം ചെയ്യുന്ന സ്ഥലം)യാണ് വൃത്തിയാക്കാന്‍ അനുമതി നല്‍കിയത്. ടാങ്കിനുള്ളില്‍ ചത്ത മല്‍സ്യങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിപരാതിക്കാര്‍ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിച്ചത്. വാരാണസി ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ തങ്ങളും സമാനമായ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റി ബെഞ്ചിനെ അറിയിച്ചു. വാരാണസി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷക മാധവി ദിവാനാണ് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായത്. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ഹാജരായി.

വുദുഖാനയില്‍ ഒരു ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് 2022 മെയ് മാസത്തില്‍ സുപ്രിം കോടതി മുദ്ര വയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള മുസ് ലിംകളുടെ അവകാശത്തെ ഈ ഉത്തരവ് തടസ്സപ്പെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം, സുപ്രിം കോടതി മസ്ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ് ഐ)യ്ക്ക് അനുമതി നല്‍കിയിരുന്നു. ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതതെന്ന് പരിശോധിക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടത്. 1991ലെ ആരാധനാല സംരക്ഷണ നിയമം പ്രകാരം ഹിന്ദുക്കളുടെ പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it