Sub Lead

ഹിമാചല്‍: സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രി

ഹിമാചല്‍: സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രി
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ സുഖ്‌വിന്ദര്‍ സിങ് സുഖു ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കമാന്‍ഡ് തീരുമാനം ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം അംഗീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ സാന്നിധ്യത്തില്‍ ഭൂപേഷ് ഭാഗേലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച രാവിലെ 11നാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച പ്രതിപക്ഷ നേതാവായിരുന്ന ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാവും.

മുകേഷ് അഗ്‌നിഹോത്രിയും താനും ഒരു ടീമായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. 17ാം വയസ്സിലാണ് താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുഖു കൂട്ടിച്ചേര്‍ത്തു. മീര്‍പൂര്‍ ജില്ലയിലെ നദൗനില്‍ നിന്നുള്ള എംഎല്‍എയാണ് 58 കാരനായ സുഖു. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. നാല് തവണ എംഎല്‍എയായിട്ടുള്ള സുഖു, ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയാണ്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

എന്നാല്‍, ഹിമാചല്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ്ങുമായി സുഖുവിന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്ങും മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദമുന്നയിച്ചിരുന്നു. നിയമസഭാ അംഗമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് ഈ നീക്കത്തിന് തടയിട്ടു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതും സുഖ്‌വിന്ദറിന് നേട്ടമായി.

രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. എന്നാല്‍, പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഭയെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Next Story

RELATED STORIES

Share it