Sub Lead

എന്താണ് സുഡാനില്‍ സംഭവിക്കുന്നത്?

സൈന്യത്തിനെതിരേ തെരുവിലിറങ്ങിയ അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് സുഡാനില്‍ സംഭവിക്കുന്നത്?
X

ഖാര്‍ത്തൂം: കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഡാനില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ അനന്തരഫലമാണ് രാജ്യത്തുണ്ടായ സൈനിക അട്ടിമറി. സൈന്യം അധികാരമേറ്റെടുത്തതായി ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു.


ഇതോടെ സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള സുഡാന്റെ പരമാധികാര കൗണ്‍സില്‍ ഇല്ലാതെയായി. സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കു ശേഷം സുഡാനിലെ മന്ത്രിസഭാ അംഗങ്ങളും സര്‍ക്കാര്‍ അനുകൂല പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച അറസ്റ്റിലായതായി രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ സൈനിക അട്ടിമറിയിലേക്ക് നയിച്ചതെന്താണ്

ഏകദേശം മൂന്നു പതിറ്റാണ്ടുകളോളം രാജ്യത്തെ നയിച്ച പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് 2019 ഏപ്രിലിലാണ് പുറത്താക്കപ്പെടുന്നത്. തുടര്‍ന്ന് രാജ്യം ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു.


ഫോര്‍സസ് ഫോര്‍ ഫ്രീഡം ആന്റ് ചേഞ്ചും ട്രാന്‍സിഷണല്‍ മിലിറ്ററി കൗണ്‍സിലും ചേര്‍ന്ന സംയുക്ത ഭരണസമിതിയാണ് 2019 ഓഗസ്റ്റ് മുതല്‍ സുഡാനിലെ ഭരണം നടത്തി വന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിന് പ്രാപ്തമാക്കാന്‍ സിവിലിയന്‍, സൈനിക പ്രാതിനിധ്യമുള്ള പരമാധികാര കൗണ്‍സിലും രൂപീകരിച്ചു. പരമാധികാര കൗണ്‍സില്‍ 21 മാസത്തേക്ക് ഒരു സൈനിക വ്യക്തിയും തുടര്‍ന്നുള്ള 18 മാസത്തേക്ക് ഒരു സിവിലിയനും നയിക്കണമെന്നായിരുന്നു കരാര്‍. 2023ഓടെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തി അധികാരം തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് കൈമാറുക എന്നതായിരുന്നു 2019 ആഗസ്തില്‍ സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ. ഈ കാരാര്‍ കൂടിയാണ് സൈനിക അട്ടിമറിയിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

മുമ്പ് സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഉമര്‍ അല്‍ ബഷീര്‍ എന്ന ഏകാധിപതിയില്‍നിന്നു അധികാരം സമാധാനപരമായി ഏറ്റെടുക്കുന്നതില്‍ സൈന്യത്തിന്റെ പങ്ക് ഏറെ പ്രശംസനീയമായിരുന്നു. എന്നാല്‍, വിദേശനയത്തിലും സമാധാന ചര്‍ച്ചകളിലും സൈനിക അതിരുകടന്നതായി സിവിലിയന്‍മാര്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്.


എന്നാല്‍, സിവിലിയന്‍ പാര്‍ട്ടികള്‍ അധികാരം കുത്തകയാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് സൈന്യത്തിന്റെ ആരോപണം.

അതേസമയം, വിമത ഗ്രൂപ്പുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒരു സഖ്യം സൈന്യവുമായി കൈകോര്‍ത്ത് സിവിലിയന്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. സപ്തംബറില്‍ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പുറത്താക്കപ്പെട്ട ഉമര്‍ അല്‍ ബഷീറിനോട് കൂറുപുലര്‍ത്തുന്നവരാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നും അധികൃതര്‍ ആരോപിച്ചിരുന്നു.


2003 മുതല്‍ ഡാര്‍ഫറില്‍ നടന്ന സംഘര്‍ഷത്തില്‍ സൈന്യവും അതിന്റെ സഖ്യകക്ഷികളും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ആരോപണങ്ങളിലെ കോടതി നടപടികളാണ് ഇരു വിഭാഗത്തിനുമിടയിലെ പിരിമുറുക്കത്തിന്റെ പ്രധാന കാരണം.

ബഷീറിനും മറ്റ് സുഡാനീസ് പ്രതികളേയും വിചാരണ ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി). കുറ്റാരോപിതരെ കൈമാറുന്നത് സംബന്ധിച്ച് മന്ത്രിസഭ ഒപ്പുവെച്ചെങ്കിലും പരമാധികാര സമിതി അതിനെ എതിര്‍ക്കുകയാണ്.



മറ്റൊന്ന്, 2019 ജൂണ്‍ 3ന് ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്. അതില്‍ സുരക്ഷാ സേന ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പരസ്യമാക്കുന്നതിലെ കാലതാമസം ആക്ടിവിസ്റ്റുകളെയും സിവിലിയന്‍ ഗ്രൂപ്പുകളെയും ചൊടിപ്പിച്ചിട്ടുണ്ട്.

സൈന്യത്തിനു മേല്‍ നിയന്ത്രണം കൊണ്ടുവരാനും ശക്തരായ പാരാമിലിറ്ററി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസില്‍ അഴിച്ചുപണി നടത്താനും സിവിലിയന്‍ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, സൈനിക നേതൃത്വം ഇക്കാര്യം തള്ളുകയാണ്.

സമ്പദ്‌വ്യവസ്ഥയുടെ കാര്യമോ?

വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയുകയും അവശ്യസാധനങ്ങളുടേയും ഇന്ധനത്തിന്റെയും ക്ഷാമവും വിലക്കയറ്റവുമാണ് ബഷീറിന്റെ പതനത്തിന് കാരണമായത്.


കടാശ്വാസത്തിനും വിദേശ ധനസഹായം ആകര്‍ഷിക്കുന്നതിനും അന്താരാഷ്ട്ര നാണയനിധിയുടെ മേല്‍നോട്ടത്തില്‍ കഠിനവും വേഗത്തിലുള്ളതുമായ പരിഷ്‌കാരങ്ങള്‍ ഇടക്കാല ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, പരിഷ്‌ക്കാരങ്ങള്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ മോശമാക്കുകയാണ് ഉണ്ടായിട്ടുള്ളത്. പണപ്പെരുപ്പം 400 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ളതായാണ് കണക്കാക്കുന്നത്. സാമ്പത്തിക സ്ഥിതിയെച്ചൊല്ലി ഇടയ്ക്കിടെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അയല്‍ക്കാരുമായുള്ള ബന്ധം എങ്ങനെയാണ്?

ചെങ്കടല്‍, സഹേല്‍, ഹോണ്‍ ഓഫ് ആഫ്രിക്ക എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു അസ്ഥിരമായ പ്രദേശമാണ് സുഡാന്‍. രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷങ്ങളും എത്യോപ്യ, ചാഡ്, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെടെ നിരവധി അയല്‍രാജ്യങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍, എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ സംഘര്‍ഷം പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ കിഴക്കന്‍ സുഡാനിലേക്ക് തള്ളിവിടുകയും അതിര്‍ത്തിയിലെ തര്‍ക്കമുള്ള കാര്‍ഷിക ഭൂമികളില്‍ സൈനിക സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തിരുന്നു.സുഡാന്‍ അതിര്‍ത്തിക്ക് സമീപം എത്യോപ്യ നിര്‍മിക്കുന്ന ഒരു ഭീമന്‍ ജലവൈദ്യുത അണക്കെട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാറിനായി സുഡാന്‍ ഈജിപ്തുമായി ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.

ചര്‍ച്ചകള്‍ സ്തംഭിച്ചെങ്കിലും എത്യോപ്യ അണക്കെട്ടിന് പിന്നിലെ ജലസംഭരണി നിറയ്ക്കുന്നത് തുടങ്ങിയിരിക്കുകയാണ്. ഇത് തങ്ങളുടെ പൗരന്മാരെയും അണക്കെട്ടുകളും ജല സൗകര്യങ്ങളും അപകടത്തിലാക്കുമെന്നാണ് സുഡാന്‍ ചൂണ്ടിക്കാട്ടുന്നത്.

ഭരണം പിടിച്ചെടുത്ത് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍

ഭരണം പൂര്‍ണ്ണമായും സൈന്യത്തിന്റെയും ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെയും കൈയിലൊതുങ്ങിയിരിക്കുകയാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ സിവിലിയന്‍ സമൂഹം തെരഞ്ഞെടുക്കുന്ന സര്‍ക്കാറിന് അധികാരം കൈമാറുമെന്ന് ബുര്‍ഹാന്‍ സുഡാന്‍ ജനതയ്ക്ക് വാഗ്ദാനം നല്‍കി.


അധികാരമേറ്റെടുക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സുഡാനിലെ പ്രധാനപ്പെട്ട ഭരണപക്ഷാനുകൂലികളെയും നേതാക്കന്മാരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു.പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കും കാബിനറ്റ് അഫയേഴ്‌സ് മന്ത്രി ഖാലിദ് ഒമര്‍, പരമാധികാര കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ഫിക്കി സുലിമാന്‍, ഹംദോക്കിന്റെ മാധ്യമ ഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സാലിഹ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

തലസ്ഥാനം അടങ്ങുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ അയ്മാന്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. അറസ്റ്റിലായവരെ 'അജ്ഞാതമായ ഒരു സ്ഥലത്ത്' തടഞ്ഞുവച്ചിരിക്കുകയാണെന്ന് വിവരാവകാശ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഭരണം അട്ടിമറിക്കാന്‍ നേരത്തേയും ശ്രമിച്ചു

സൈന്യം സുഡാന്റെ അധികാരം ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക കുറച്ചുകാലമായി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതിനായി ഒരു അട്ടിമറി ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ സൈനിക പിന്തുണയുള്ള ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ തെരുവുകളില്‍ പരമാധികാര സമിതിക്കെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജനാധിപത്യ സംഘടനകള്‍ പരമാധികാര സമിതിയെ പിന്തുണച്ചും തെരുവുകളിലേക്കിറങ്ങി.


ജനറല്‍മാര്‍ പരമ്പരാഗത അധികാര ഘടനയിലെ അംഗങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും പ്രധാനമന്ത്രി ഹംഡോക്കിന്റെ സര്‍ക്കാറിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് തെരുവുകളില്‍ കലാപം അരങ്ങേറി. സ്ഥിതിഗതികള്‍ ഇത്തരത്തില്‍ സംഘര്‍ഷഭരിതമാക്കി ജനറല്‍ ബുര്‍ഹാന്‍ അധികാരം കൈയാളുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു. രാജ്യത്തിന്റെ ദൈനംദിന ഭരണസംവിധാനം നോക്കിനടത്തുന്നത് ഹംഡോക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും നയപരമായ കാര്യങ്ങളില്‍ സൈന്യത്തിന് പ്രമുഖ്യമുള്ള പരമാധികാര കൗണ്‍സിലാണ് ആത്യന്തിക തീരുമാനമെടുക്കുന്നത്.

അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്, നിരവധി മരണം

ഇടക്കാല സര്‍ക്കാരില്‍നിന്നും ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരേ തെരുവിലിറങ്ങിയ അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ഖാര്‍ത്തൂമിലും ഇരട്ട നഗരമായ ഒംദുര്‍മാനിലും സൈന്യത്തിനെതിരേ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it