Sub Lead

ഐഎസ് കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസില്‍ മൂവാറ്റുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ഐഎസ് കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം
X

കൊച്ചി: സായുധ സംഘമായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസില്‍ മൂവാറ്റുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരേ യുദ്ധം ചെയ്യല്‍,ഗൂഢാലോചന നടത്തല്‍, തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവല്‍, അതിനു സഹായം ചെയ്യല്‍ അടക്കമുള്ള കുറ്റങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചമുത്തിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 125 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഐപിസി 125 ന് പുറമെ യുഎപിഎ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. എന്നാല്‍ രാജ്യത്തിനെതിരേ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐപിസി 122 ാം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാന്‍ എന്‍ഐഎക്കായില്ല.

ഐഎസിനായി പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം കേസില്‍ ഒരാള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുന്നത്. താന്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും തന്റെ പ്രായവും കുടുംബ സാഹചര്യവും ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കണമെന്നും സുബ്ഹാനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍, അന്തിമ വിധി സര്‍വശക്തനായ ദൈവത്തിന്റേതാണെന്നും സുബ്ഹാനി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇറാഖില്‍ പോകുന്നതിന് മുമ്പ് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പ്രതി ആഗ്രഹിച്ചിരുന്നതായും ചെയ്ത കുറ്റത്തില്‍ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐഎസില്‍ ചേര്‍ന്നെന്നുവെന്നാണ് എന്‍ഐഎ ഭാഷ്യം. അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍ഐഎ അവകാശപ്പെടുന്നു.

ഇറാഖിലെ മൗസിലിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു യുദ്ധം ചെയ്‌തെന്നും എന്‍ഐഎ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016 ല്‍ കനകമലയില്‍ ഐഎസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ബഗ്ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ അടക്കം 46 സാക്ഷികളാണ് കോടതി വിസ്തരിച്ചത്.

Next Story

RELATED STORIES

Share it