Sub Lead

പ്രതിഷേധത്തിനിടയിലും നിഹാലിനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പ്രതിഷേധത്തിനിടയിലും നിഹാലിനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
X

കണ്ണൂര്‍: തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണത്തില്‍, ഒന്ന് നിലവിളിക്കാന്‍ പോലുമാവാതെ മരണത്തിനു കീഴടങ്ങിയ നിഹാലിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സംസാരശേഷിയില്ലാത്ത മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുല്‍ റഹ്മയില്‍ നിഹാല്‍ നൗഷാദ് എന്ന 11കാരനാണ് ഇന്നലെ വൈകീട്ടോടെ തെരുവുനായ്ക്കളുടെ ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞത്. തെരുവുനായ്ക്കളെ നേരിടുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ കാട്ടുന്ന നിസ്സംഗതയാണ് നിഹാലിന്റെ ജീവനെടുത്തതെന്ന പ്രതിഷേധം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. വിവിധ സംഘടനകള്‍ ഇന്ന് രാവിലെ മുതല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഇടയ്ക്കിടെയെത്തിയ മഴയെ വകവയ്ക്കാതെ നിഹാലിനെ ഒരുനോക്കു കാണാന്‍ വന്‍ ജനാവലിയാണെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുല്‍ റഹ്മ വീട്ടിലും കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലുമാണ് മയ്യിത്ത് പൊതുദര്‍ശനത്തിന് വച്ചത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെയാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമര്‍പ്പിച്ചു. അരമണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലേക്ക് മാറ്റി. മന്ത്രി വി എന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, മുന്‍ മന്ത്രി പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it