Sub Lead

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജന്‍

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജന്‍
X

തൃശൂര്‍: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മഴക്കാല തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാംപുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഈ കെട്ടിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 23 കുടുംബങ്ങള്‍ ഉള്‍പ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അഡ്വാന്‍സായി നല്‍കാന്‍ പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 10 വരെയും കര്‍ണാടക തീരത്ത് 12 വരെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് 3.4 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജില്ല താലൂക്ക് തലത്തില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിനെ പുതുക്കി നിശ്ചയിച്ചു. അവര്‍ക്കുള്ള പരിശീലനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്ലാന്റേഷന്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലകളില്‍ ചേര്‍ന്ന യോഗം സംബന്ധിച്ചുള്ള വിശദാംശങ്ങളും മന്ത്രി വിലയിരുത്തി.

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട്ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. യോഗത്തില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാ കലക്ടര്‍മാര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it