Sub Lead

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. രണ്ടുദിവസമായി തുടരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും നിയന്ത്രണമുണ്ടാവില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി. മെയ് മൂന്ന് മുതല്‍ അരുണാചല്‍പ്രദേശില്‍ നിന്ന് വൈദ്യുതി ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് യൂനിറ്റിന് 17 രൂപ നിരക്കില്‍ 100 മെഗാവാട്ട് വൈദ്യുതി വാങ്ങാനും ധാരണയായി. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ ബാധ്യതയുണ്ടാവും.

വേനല്‍ക്കാലത്ത് വൈദ്യുതി കമ്മി ഉണ്ടാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് തള്ളി. ഉപഭോക്താക്കള്‍ വൈകീട്ട് ആറ് മുതല്‍ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. അരുണാചല്‍പ്രദേശ് പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ ബാങ്കിങ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുമ്പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബി ലിമിറ്റഡ് തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയിലുണ്ടായ കുറവ് ഏതാണ്ട് പൂര്‍ണമായും മറികടന്നത്.

എന്നിരിക്കിലും ഊര്‍ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. ഏപ്രില്‍ 28 മുതലാണ് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം. വൈകീട്ട് 6.30 മുതല്‍ 11 വരെയായിരുന്നു നിയന്ത്രണം. കെഎസ്ഇബിക്ക് ഊര്‍ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂനിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാവും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു.

Next Story

RELATED STORIES

Share it