Sub Lead

മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ത് അഞ്ചിന്

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ മാര്‍ച്ച് രണ്ടിനാണ് പ്രസിഡന്റ് രാജപക്‌സെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ത്   അഞ്ചിന്
X

കൊളംബോ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ത് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി മഹിന്ദ ദേശപ്രിയ.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെയും പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിനു ശേഷമാണ് തീരുമാനം അറിയിച്ചത്. ആരോഗ്യ, സുരക്ഷ, പോസ്റ്റല്‍, പ്രിന്റിങ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. 1.6 കോടി വോട്ടര്‍മാരുള്ള തിരഞ്ഞെടുപ്പ് ആരോഗ്യ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .

ഏപ്രില്‍ 25 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജൂണ്‍20ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ മതിയായ സമയമില്ലാത്തതിനാലാണ് വോട്ടെടുപ്പ് ആഗസ്തിലേക്ക് നീട്ടിയതെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ മാര്‍ച്ച് രണ്ടിനാണ് പ്രസിഡന്റ് രാജപക്‌സെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു നടപടി.

മാര്‍ച്ച് 11 നാണ് ശ്രീലങ്കയിലെ ആദ്യ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത്. ശ്രീലങ്കയില്‍ ഇതുവരെ 1,869 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 1,122 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 11 പേര്‍ മരിച്ചു.


Next Story

RELATED STORIES

Share it