Sub Lead

മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനദൃശ്യം ഉപയോഗിച്ച് സിസ്റ്റര്‍ ലൂസിക്കെതിരേ അപവാദ പ്രചാരണം

സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ലൂസി കളപ്പുര അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ദൃശ്യങ്ങളെയാണ് പുരുഷന്‍മാരുടെ നുഴഞ്ഞുകയറ്റമായി പ്രചരിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനദൃശ്യം ഉപയോഗിച്ച് സിസ്റ്റര്‍ ലൂസിക്കെതിരേ അപവാദ പ്രചാരണം
X

മാനന്തവാടി: ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനു പ്രതികാര നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ അപവാദ പ്രചാരണം. മഠത്തില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ച് മോശം ദ്വയാര്‍ഥ പ്രയോഗങ്ങളടങ്ങുന്ന വീഡിയോയാണ് വൈദികനായ നോബിള്‍ തോമസ് പാറക്കല്‍ യൂ ട്യൂബിലും ഫേസ്ബുക്കിലും അപ് ലോഡ് ചെയ്തത്. ഇദ്ദേഹം മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമാണെന്നും അപവാദപ്രചാരണം സംബന്ധിച്ച് പോലിസിനു പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.


മാനന്തവാടി രൂപതയുടെ മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം, കാരക്കാമല മഠത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍, വീഡിയോ പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലും ജീസസ് ഈസ് ദ ക്രൈസ്റ്റ് എന്ന യൂ ട്യൂബ് ചാനലിലും ആഗസ്ത് 19നു 14.55നാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അപരിചിതരായ പുരുഷന്‍മാരെ മഠത്തിന്റെ അടുക്കളവാതിലിലൂടെ കയറ്റിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിനു ശേഷം ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നാണ് യൂട്യൂബില്‍ പരാമര്‍ശിക്കുന്നത്. 20 മണിക്കൂറിനകം തന്നെ 10000ത്തോളം പേരാണ് ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് പുരുഷന്‍മാര്‍ നുഴഞ്ഞുകയറിയെന്ന് നോബിള്‍ തോമസ് പാറക്കല്‍ വിശദീകരിക്കുന്ന വീഡിയോയില്‍ മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നുണ്ട്. ഒരു സന്യാസ സഭയെ മാത്രമല്ല, ക്രൈസ്തവ സഭകളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആരോപിക്കുന്നു. എന്താണ് മഠത്തിനുള്ളില്‍ നടക്കുന്നതെന്നും സ്ത്രീ സന്യസ്ഥര്‍ ഈ ദുരവസ്ഥയെ കുറിച്ച് ആലോചിക്കണമെന്നും അടുക്കള വാതിലിലൂടെ പുരുഷന്‍മാരെ അകത്തേക്കു കയറ്റിവിടുന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്ന വിപ്ലവമെന്നും ഈ ദൃശ്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നുവെന്നും പറയുന്നുണ്ട്.



സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ലൂസി കളപ്പുര അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ദൃശ്യങ്ങളെയാണ് പുരുഷന്‍മാരുടെ നുഴഞ്ഞുകയറ്റമായി പ്രചരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്‌ക്കെതിരേ അപവാദ പ്രചാരണത്തിനുപയോഗിക്കുന്നത്. ഫേസ്ബുക്കിലും യൂ ട്യൂബിലും ദൃശ്യങ്ങള്‍ കണ്ടവരില്‍ പലരും അനുകൂലിച്ചും മോശമായ രീതിയിലും കമ്മന്റ് ചെയ്തിട്ടുണ്ട്.




ഈ സ്ത്രീക്ക് പോയി വിവാഹം കഴിച്ചൂകൂടേ എന്നും മറ്റും വളരെ മോശമായതുമായ കമ്മന്റുകളുമുണ്ട്. ഏതായാലും അപവാദപ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ തീരുമാനം. ഇതിനു കുടുംബാംഗങ്ങള്‍ പൂര്‍ണപിന്തുണയുണ്ടെന്നും അവര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it