Top

വൈദികരുടെ ലൈംഗിക അരാജകത്വം: കത്തോലിക്കാ യുവജന സംഘടനയെ വെല്ലുവിളിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയുടെ കന്യാസ്ത്രീയുമൊത്തുള്ള അവിഹിത ബന്ധത്തെ കുറിച്ചു വെളിപ്പെടുത്തിയതിനു പിന്നാലെ സിസ്റ്റര്‍ ലൂസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാനന്തവാടി രൂപതയുടെ യുവജന സംഘടന ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

വൈദികരുടെ ലൈംഗിക അരാജകത്വം: കത്തോലിക്കാ യുവജന സംഘടനയെ  വെല്ലുവിളിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
X

പിസി അബ്ദുല്ല

കല്‍പറ്റ: വൈദികരുടെ ലൈംഗിക അരാജകത്വം തുറന്നു കാട്ടുന്നതിന്റെ പേരില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന കത്തോലിക്ക യൂത്ത് മൂവ്‌മെന്റിനെ വെല്ലുവിളിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം അടക്കം ആരോപിച്ച് രംഗത്തുവരുന്ന കെസിവൈഎമ്മിന് കാരക്കാമലയിലെയും ഇടുക്കി വെള്ളയാം കുടിയിലേയും മറ്റും പുരോഹിതരുടെ പാപങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ചങ്കൂറ്റമുണ്ടോ എന്നാണ് സിസ്റ്റര്‍ ലൂസിയുടെ ചോദ്യം.

കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയുടെ കന്യാസ്ത്രീയുമൊത്തുള്ള അവിഹിത ബന്ധത്തെ കുറിച്ചു വെളിപ്പെടുത്തിയതിനു പിന്നാലെ സിസ്റ്റര്‍ ലൂസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാനന്തവാടി രൂപതയുടെ യുവജന സംഘടന ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ പ്രതികരണമായാണ്കത്തോലിക്കാ പുരോഹിതരുടെ കാമ കേളികളെക്കുറിച്ച് നിലപാടെടുക്കാന്‍ കെസിവൈഎമ്മിനെ അവര്‍ വെല്ലു വിളിച്ചത്.

'കെസിവൈഎമ്മിന്റെ ആരോപണങ്ങളെ ആര് മുഖവിലക്കെടുക്കുന്നു? പുരോഹിതരുടെ പാപങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം സംഭവങ്ങളുണ്ടായിട്ടും അവര്‍ വാര്‍ത്താസമ്മേളനം നടത്തിയില്ല. ഇവിടെ ദുരൂഹ മരണങ്ങള്‍ നടക്കുന്നു. പുരോഹിതര്‍ക്ക് അവിഹിത ബന്ധത്തിലുണ്ടായ കൊച്ചുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ സ്വന്തം അപ്പനെ കൊടുക്കുന്നു. പല പ്രാവശ്യം ബലാല്‍സംഗം ചെയ്ത് ബിഷപ്പാണെന്നു പുറതൃതറിഞ്ഞിട്ടും അയാളെ രക്ഷിക്കാന്‍ കോടികള്‍ ചെലവഴിച്ച് നടക്കുന്നു. ഇതിനകത്തൊന്നും കെസിവൈഎമ്മുകാരെ കണ്ടില്ലല്ലോ. എന്റെ പുറകെ നടക്കാന്‍ മാത്രമല്ലേ കെസിവൈഎമ്മുകാര്‍ക്ക് അറിയത്തുള്ളൂ. അതല്ല അതിന്റെ അപ്പുറത്തേതും അവര്‍ ചെയ്യും. അവര്‍ എന്റെ പുസ്തകമെല്ലാം കത്തിച്ചല്ലോ. പുസ്തകം ഇറക്കരുത് എന്നുപറഞ്ഞ് സമ്മേളനം നടത്തിയല്ലോ. എന്നിട്ട് പുസ്തകം ഇപ്പോള്‍ ലോക്ക് ഡൗണിനു മുമ്പ് എട്ടാം പതിപ്പ് കഴിഞ്ഞു. കള്ളത്തരത്തിന് കൂട്ടുനില്‍ക്കുന്നവര്‍ എന്ത് വാര്‍ത്താസമ്മേളനം നടത്തിയിട്ടെന്താ കാര്യം'. സിസ്റ്റര്‍ ലൂസി ചോദിച്ചു.

'എനിക്കെതിരെ ആരോപണമുന്നയിക്കുന്ന കെസിവൈഎമ്മിനെ വെല്ലുവിളിക്കുന്നു. രണ്ടാഴ്ച മുമ്പ് കട്ടപ്പനയിലെ വികാരിയച്ചന്റെ കാമ കേളികളുടെ വീഡിയോ ദൃശ്യങ്ങളൊക്കെ അവര്‍ കണ്ടിട്ടുണ്ടാവുമല്ലോ. അവനെക്കുറിച്ച് ഒരു വാര്‍ത്താസമ്മേളനം നടത്തട്ടെ.

എനിക്കെതിരേ അപവാദപ്രചരണം നടത്തുന്നത് അവരുടെ കഴിവുകേടാണ്.അവര്‍ക്ക് നല്ല സ്വാധീനമാണ്. രാഷ്ട്രീയ സ്വാധീനം, സാമ്പത്തിക സ്വാധീനം. അതുകൊണ്ട് നമ്മള്‍ കൊടുത്തിട്ടുള്ള ഒരു പരാതിയിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്റെ മാത്രമല്ല, പലരുടേയും. ഞാന്‍ വലിയൊരു മാഫിയയോടാണല്ലോ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് അത്തരം പ്രതിസന്ധികള്‍ എനിക്കുണ്ടാവും. അതെനിക്കറിയാം. ഞാന്‍ അഭിമുഖീകരിച്ചുകൊണ്ടും ഇരിക്കുകയാണ് ഇപ്പോള്‍. ഒരു രാത്രി ഒരു സത്യം നുണയാക്കി കളയാന്‍ എത്രമാത്രം കോടികള്‍ ചെലവാക്കാന്‍ കഴിവുള്ളവരുടെ മുമ്പിലാണ് എന്റെ പോരാട്ടം. അവര്‍ എന്തു തറപ്പണിയും കാണിക്കും. അവര്‍ തറപ്പണികള്‍ കാണിക്കട്ടെ. ലോകത്ത് കണ്ണും കാതും ഉള്ളവര്‍ക്ക് അവരില്‍ നിന്നു തന്നെ അവരുടെ തിന്‍മകള്‍ ബോധ്യപ്പെടുന്നുണ്ട്'. സിസ്റ്റര്‍ ലൂസി തേജസ് ന്യൂസിനോടു പറഞ്ഞു.

Next Story

RELATED STORIES

Share it