Top

കാര്‍ഷിക നിയമം: ബിജെപിയെ ബഹിഷ്‌കരിച്ച് യുപിയിലെ ജാട്ടുകളും

കാര്‍ഷിക നിയമം: ബിജെപിയെ ബഹിഷ്‌കരിച്ച് യുപിയിലെ ജാട്ടുകളും
X

മുസഫര്‍ നഗര്‍: കാര്‍ഷിക നയത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിയെ ബഹിഷ്‌കരിച്ച് യുപിയിലെ ജാട്ടുകളും രംഗത്ത്. ബികെയു നേതാവ് നരേഷ് ടികായത്ത് ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തതിനു പിന്നാലെ ഒരു എംപിയും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി നേതാക്കള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഷാംലിയിലെ ലിസാദ് ഗ്രാമം സന്ദര്‍ശിച്ചപ്പോഴാണ് ബഹിഷ്‌കരണ മുദ്രാവാക്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. മുസഫര്‍നഗര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സഞ്ജീവ് ബല്യാന്‍, ബുല്‍ദാന എംഎല്‍എ ഉമേഷ് മാലിക് തുടങ്ങിയവര്‍ ബെയ്‌സ്വാള്‍ ഗ്രാമത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ 'ബല്യാന്‍ മുര്‍ദാബാദ്', 'കിസാന്‍ ഏകത സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളുയര്‍ന്നു.

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജാട്ട് അടിത്തറ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. പടിഞ്ഞാറന്‍ യുപിയിലെ 26 ജില്ലാ പഞ്ചായത്തുകളില്‍ 25 എണ്ണവും കഴിഞ്ഞ തവണ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഇതില്‍ തന്നെ 18 പേരെങ്കിലും ജാട്ട് സമുദായത്തില്‍പെട്ടവരാണ്.


ഞായറാഴ്ച ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച ലിസാദ് ഖാപ് പഞ്ചായത്ത് നേതാവ് ബാബ ഹരികിഷന്റെ ജന്മഗ്രാമമാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹരികിഷന്‍ ആവര്‍ത്തിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബല്യാന്‍, യുപി പഞ്ചായത്തിരാജ് മന്ത്രിഭൂപേന്ദ്ര ചൗധരി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പോലും കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയിട്ടില്ലെന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമീണര്‍ ബിജെപിയെ ബഹിഷ്‌കരിച്ചെന്ന കാര്യം ബല്യാന്‍ നിഷേധിച്ചു. 'അവരുടെ പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലെത്തിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 29 ന് മുസഫര്‍നഗറില്‍ ആരംഭിച്ച ശേഷം പടിഞ്ഞാറന്‍ യുപിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ മഹാപഞ്ചായത്തുകളുടെ ഒരു പരമ്പര തന്നെയുണ്ടായിട്ടുണ്ട്. ക്രമേണ വന്‍ ജനക്കൂട്ടമാണ് സമരത്തിനെത്തുന്നത്. യോഗങ്ങളില്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഫെബ്രുവരി 28ന് മീററ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

ബിജെപിയുടെ പ്രധാന വോട്ട് ബാങ്കുകളായ ജാട്ടുകളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ പാടുപെടുകയാണ് നേതൃത്വം. ഫെബ്രുവരി 15 ന് യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, അമിത് ഷായും മറ്റ് ബിജെപി നേതാക്കളും ജാതി-വര്‍ഗീയ വേര്‍തിരിവുണ്ടാക്കി കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഐക്യത്തോടെ നില്‍ക്കണമെന്നുമാണ് ഇതേക്കുറിച്ച് ജയന്ത് ചൗധരി ഒരു മഹാപഞ്ചായത്തില്‍ പറഞ്ഞത്.

കര്‍ഷകരെ 'തീവ്രവാദികളും രാജ്യദ്രോഹികളും' എന്ന് ബിജെപി വിളിച്ചതില്‍ തങ്ങള്‍ നിരാശരാണെന്ന് മുസഫര്‍നഗറിലെ കല്‍ഖണ്ടെ ഖാപിലെ ബാബ സഞ്ജയ് സിങ് പറഞ്ഞു. ഒരു ബിജെപി നേതാവ് ഞങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ആദ്യം രാജിവയ്ക്കണം. അവര്‍ നമ്മില്‍ ഒരാളെപ്പോലെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കായത്തിന്റെ ജന്മനാടായ സിസൗലിയിലും സമീപ പ്രദേശങ്ങളിലും ബിജെപിയെ ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം വ്യക്തമായ സ്വാധീനം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ട്. പ്രധാനമായും 84 ജാട്ട് ഗ്രാമങ്ങളുടെ 'ചൗധരി' അല്ലെങ്കില്‍ നേതാവായി കണക്കാക്കപ്പെടുന്ന ടിക്കായത്തിനു ഗ്രാമീണര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ബിജെപി എംപി ബാല്യന്റെ ജന്മഗ്രാമമായ കുത്ബയിലും ബഹിഷ്‌കരണം അനുഭവപ്പെടുന്നുണ്ട്. സാംബാലിലെ ഭദ്രോളയില്‍ ബിജെപി അംഗങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്ന് കാണിച്ച് നാട്ടുകാര്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Signboards, slogans face BJP as it heads for west UP to woo Jats before rural polls

Next Story

RELATED STORIES

Share it