Sub Lead

കോഴിമുട്ടക്ക് വില കൂടുന്നു; പിടക്കോഴികളെ വാടകയ്ക്ക് കൊടുക്കല്‍ സര്‍വീസുമായി യുഎസ് കമ്പനികള്‍

കോഴിമുട്ടക്ക് വില കൂടുന്നു; പിടക്കോഴികളെ വാടകയ്ക്ക് കൊടുക്കല്‍ സര്‍വീസുമായി യുഎസ് കമ്പനികള്‍
X

വാഷിങ്ടണ്‍: കോഴിമുട്ടയ്ക്ക് വിലവര്‍ധിച്ചതോടെ പിടക്കോഴികളെ വാടകയ്ക്ക് നല്‍കല്‍ സര്‍വീസുമായി യുഎസ് കമ്പനികള്‍. പ്രാദേശിക കര്‍ഷകരുമായി സഹകരിച്ചാണ് കമ്പനികള്‍ ഈ സര്‍വീസ് നടപ്പാക്കുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ മനാസാസിലെ ഒരു ഫാം രണ്ട് കോഴികളെ വീതമാണ് വാടകയ്ക്ക് നല്‍കുന്നത്. ഡീലക്‌സ് പ്ലാനില്‍ നാലു കോഴികളെ നല്‍കും. കോഴികളെ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് അതിനൊപ്പം കോഴിക്കുള്ള ഭക്ഷണവും മരുന്നുകളും നല്‍കും. ആറു മാസത്തേക്ക് 495 ഡോളര്‍ (43,129 രൂപ) ആണ് വാടക. നാലു കോഴികളാണെങ്കില്‍ 959 ഡോളര്‍(83,557 രൂപ) വാടക നല്‍കണം. റെന്റ് ദി ചിക്കന്‍ എന്ന സ്ഥാപനം 600 ഡോളറിനാണ് (52,277 രൂപ) രണ്ടു കോഴികളെ വാടകയ്ക്ക് നല്‍കുന്നത്.


രണ്ടു കോഴികളെ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് ആഴ്ച്ചയില്‍ 14 മുട്ടകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. പിടക്കോഴികള്‍, ചാത്തന്‍ കോഴികളെ പോലെ കൂവി നടക്കില്ലെന്നും ശബ്ദമലിനീകരണം ഉണ്ടാക്കില്ലെന്നും കമ്പനികള്‍ പറയുന്നു. വാടകയ്ക്ക് എടുത്ത കോഴികളുമായി ആത്മബന്ധമുണ്ടായാല്‍ പണം നല്‍കി വാങ്ങാമെന്ന ഓപ്ഷനും ചില കമ്പനികള്‍ നല്‍കുന്നുണ്ട്. മുട്ടകള്‍ കഴുകാതെ സൂക്ഷിച്ചാല്‍ ഒരുമാസം വരെ കേടാവാതെ ഇരിക്കുമെന്നും കമ്പനികള്‍ ഉടമകളെ ഉപദേശിക്കുന്നുണ്ട്.

പക്ഷിപ്പനി മൂലം കര്‍ഷകര്‍ കോഴികളെ കൊന്നൊടുക്കിയതാണ് മുട്ട വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 12 മുട്ടകള്‍ക്ക് 435 രൂപയാണ് നിലവിലെ വില. ബോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് 15 കോടി കോഴികളെ കൊന്നൊടുക്കിയെന്നാണ് ട്രംപും കൂട്ടരും ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it