Sub Lead

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് സാവന്ത്; മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കവുമായി ശിവസേന, ഇന്ന് ഗവര്‍ണറെ കാണും

കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് ട്വിറ്ററിലൂടെ അരവിന്ദ് സാവന്ത് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് സാവന്ത്; മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കവുമായി ശിവസേന, ഇന്ന് ഗവര്‍ണറെ കാണും
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുടെ മുന്നോടിയായി ശിവസേന എംപിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് രാജിവച്ചു. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് ട്വിറ്ററിലൂടെ അരവിന്ദ് സാവന്ത് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് രാജിപ്രഖ്യാപനമുണ്ടായത്. രണ്ടാം മോദി സര്‍ക്കാരിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്റ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം.

നേരത്തെ ശിവസേന എന്‍ഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താല്‍ സഖ്യസാധ്യത പരിശോധിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയാണ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍, ശിവസേന പിന്നില്‍നിന്ന് കുത്തിയെന്നും സര്‍ക്കാരുണ്ടാക്കാനില്ലെന്നും ബിജെപി വ്യക്തമാക്കി. അതോടെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

മുഖ്യമന്ത്രിസ്ഥാനം അടക്കം പങ്കുവയ്ക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശിവസേനയുമായി യോജിപ്പിലെത്താന്‍ സാധിക്കാത്തതാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ശിവസേനയ്ക്ക് 56 എംഎല്‍എമാരുള്ളത്. നേരത്തെ എന്‍സിപിയുമായി ശിവസേന സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പൂര്‍ണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടുവച്ച ആവശ്യം. ശിവസേന- എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിപദം ശിവസേനയ്ക്കും എന്‍സിപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിച്ചേക്കും.

ഇന്ന് വൈകീട്ട് 7.30 വരെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിക്കാന്‍ സമയം ലഭിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് ഇനിയും എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. പിന്തുണയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഇതുവരെ ശിവസേനയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുമില്ല. അതിനാല്‍, ആദ്യപടി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിക്കുകയും പിന്നീട് ന്യൂനപക്ഷ സര്‍ക്കാരായി അധികാരം ഏല്‍ക്കുകയുമായിരിക്കും ശിവസേന ചെയ്യുക. പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കേവല ഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ശിവസേന ഗവര്‍റോട് അഭ്യര്‍ഥിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it