Sub Lead

ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചത് വാവയെന്ന്; പ്രണയത്തിലിരിക്കേ നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചു, പ്രായം കണക്കിലെടുക്കുന്നില്ലെന്ന് കോടതി

പോലിസ് കസ്റ്റഡിയിലിരിക്കേ ഗ്രീഷ്മ നടത്തിയ ആത്മഹത്യശ്രമം വ്യാജമായിരുന്നുവെന്നും കോടതി കണ്ടെത്തി.

ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചത് വാവയെന്ന്; പ്രണയത്തിലിരിക്കേ നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചു, പ്രായം കണക്കിലെടുക്കുന്നില്ലെന്ന് കോടതി
X

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ പ്രായം കണക്കിലെടുക്കണമെന്ന അഭിഭാഷകരുടെ വാദം തള്ളി വിചാരണക്കോടതി. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷ വിധിക്കാവുന്ന കേസല്ല ഇതെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളുടെ പ്രായം നോക്കി മാത്രം ശിക്ഷ വിധിക്കാനാവില്ല. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ സമൂഹത്തിന് നല്‍കിയത്.

ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. അവന്റെ ആന്തരിക അവയവങ്ങളെല്ലാം അഴുകിയിരുന്നു. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല. കാരണം ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ആദ്യം ജൂസ് ചലഞ്ച് നടത്തി കൊലപാതകത്തിന് ശ്രമിച്ചു. ഇത് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. പിന്നീട് വിഷം കലര്‍ത്തിയ കഷായം കുടിപ്പിച്ചു കൊന്നു.

ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും വിധി പറയുന്നു. ഗ്രീഷ്മയ്‌ക്കെതിരേ ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്ന കാര്യം ഇവിടെ പ്രസക്തമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചതെന്നും കോടതി പറഞ്ഞു.

പോലിസ് കസ്റ്റഡിയിലിരിക്കേ ഗ്രീഷ്മ നടത്തിയ ആത്മഹത്യശ്രമം വ്യാജമായിരുന്നുവെന്നും കോടതി കണ്ടെത്തി. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it