Sub Lead

ഷാര്‍ജ രാജ്യാന്തര പുസ്തക മേള നവംബര്‍ ഒന്നുമുതല്‍; 108 രാജ്യങ്ങളില്‍ നിന്ന് 2,033 പ്രസാധകര്‍

ഷാര്‍ജ രാജ്യാന്തര പുസ്തക മേള നവംബര്‍ ഒന്നുമുതല്‍; 108 രാജ്യങ്ങളില്‍ നിന്ന് 2,033 പ്രസാധകര്‍
X

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേള(എസ്‌ഐബിഎഫ്)യുടെ 42ാം പതിപ്പ് നവംബര്‍ ഒന്നുമുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. 108 രാഷ്ട്രങ്ങളില്‍ നിന്നുള്ള 2,033 പ്രസാധകരാണ് ഇത്തവണ പുസ്ത മേളയ്‌ക്കെത്തുന്നത്. 15 ലക്ഷം ടൈറ്റിലുകള്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി(എസ്ബിഎ) ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അഹ് മദ് ബിന്‍ റക്കാദ് അല്‍ ആമിരി അറിയിച്ചു. പങ്കാളിത്ത രാജ്യങ്ങളുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ് പിറക്കും. 1981ല്‍ മേള ആദ്യമായി തുടക്കം കുറിച്ചതുമുതല്‍ ഇതുവരെ പങ്കെടുത്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇക്കുറിയാവും. 'വി സ്പീക് ബുക്‌സ്' എന്നതാണ് ഈ വര്‍ഷത്തെ തീം. ലോകമെങ്ങുമുള്ള 600 ഗ്രന്ഥകാരന്‍മാര്‍ തങ്ങളുടെ പുതിയ പുസ്തകങ്ങള്‍ ഇവിടെ ഒപ്പുവയ്ക്കും. 12 ദിവസം നീളുന്ന സാംസ്‌കാരിക, ക്രിയാത്മക മേളയില്‍ 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ 1,700ലധികം ആക്റ്റിവിറ്റികള്‍ നയിക്കും. ദക്ഷിണ കൊറിയയയാണ് ഇത്തവണ 'വിശിഷ്ടാതിഥി' രാഷ്ട്രം.

സാഹിത്യം, കല, ടെക്‌നോളജി, സംസ്‌കാരം തുടങ്ങി വൈജ്ഞാനിക മേഖലയെ ഏറ്റവുമധികം ഉത്തേജിപ്പിക്കുന്ന അക്ഷരോല്‍സവമാണ് ഇത്തവണയും അണിയിച്ചൊരുക്കിയിരിക്കുന്നത്. പോര്‍ച്ചുഗീസ് യൂനിവേഴ്‌സിറ്റി ഓഫ് കൊയിംബ്രയുമായി സഹകരിച്ച് 60 ചരിത്ര കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രദര്‍ശനവും സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്കായി ആറ് സംവേദനാത്മക ഇടങ്ങള്‍ നീക്കിവച്ചിട്ടുമുണ്ട്. ഇക്കൊല്ലം 11 പുതിയ രാജ്യങ്ങള്‍ പുസ്തക മേളയില്‍ ഇടം പിടിച്ചതായി അധികൃതര്‍ പറഞ്ഞു. 33 രാജ്യങ്ങളില്‍ നിന്നുള്ള 127 അതിഥികളടക്കം 460 സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുണ്ടാവും. കുക്കറി കോര്‍ണറില്‍ 45 വിഖ്യാത ഷെഫുകളുടെ ആക്റ്റിവിറ്റികളുണ്ടാവും. പ്രസാധക സമ്മേളനത്തില്‍ 31 റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളെ 41 രാജ്യാന്തര പ്രഭാഷകര്‍ നയിക്കും. പബ്ലിഷേഴ്‌സ് ട്രെയിനിങില്‍ 120 അറബ്-ആഫ്രിക്കന്‍ പ്രസാധകര്‍ക്ക് പരിശീലനം നല്‍കും. പുസ്തക മേളയോടനുബന്ധിച്ച് നടക്കുന്ന ഷാര്‍ജ ഇന്റര്‍നാഷനല്‍ ലൈബ്രറി സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 400 വിദഗ്ധര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദുബയിലെ ദക്ഷിണ കൊറിയന്‍ കോണ്‍സുല്‍ ജനറല്‍ മൂണ്‍ ബയൂങിയന്‍, ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി മേധാവി സാലം അല്‍ ഗയ്ഥി, എസ്‌ഐബിഎഫ് ജനറല്‍ കോഓഡിനേറ്റര്‍ ഖൗല അല്‍ മുജയ്‌നി, എസ്ബിഎ പബ്ലിഷേഴ്‌സ് സര്‍വീസ് മേധാവി മന്‍സൂര്‍ അല്‍ ഹസ്സാനി, ഇത്തിസലാത്ത് ബൈ ഇആന്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അമീമി സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it