Sub Lead

യുഎസ് നയങ്ങളെ തള്ളി ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി; സ്വാഗതം ചെയ്ത് സിപിഎമ്മും സിപിഐയും

യുഎസ് നയങ്ങളെ തള്ളി ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി; സ്വാഗതം ചെയ്ത് സിപിഎമ്മും സിപിഐയും
X

ബീയ്ജിങ്: കൂടുതല്‍ നീതിയുക്തമായ ആഗോള ഭരണസംവിധാനത്തിനായി കൈകോര്‍ക്കാനും ആഹ്വാനംചെയ്ത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ എന്നിവര്‍ പങ്കെടുത്തു. മാനവരാശിയുടെ പരസ്പര സഹകരണത്തിലൂന്നിയുള്ള ഭാവിസമൂഹത്തിനായി രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ട ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇതിനായി അഞ്ച് മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. രാജ്യങ്ങളുടെ പരമാധികാര സമത്വം, അന്താരാഷ്ട്ര നിയമവാഴ്ച, ബഹുരാഷ്ട്ര സഹകരണം, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സമീപനം, യാഥാര്‍ഥ്യത്തിലൂന്നിയുള്ള നടപടികള്‍ എന്നിവയിലൂടെയാകണം മുന്നേറേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉൗര്‍ജരംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ബ്രിക്സ് രാജ്യങ്ങളുടെ പുരോഗതി തടയാന്‍ വിവേചനപരമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ഉച്ചകോടി അപലപിച്ചു. ബ്രിക്സ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ശക്തിപ്പെടുത്താനും തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ അധിക വിഭവസമാഹരണം നടത്താന്‍ സന്നദ്ധമാണെന്ന് റഷ്യയും ചൈനയും അറിയിച്ചു. ചൈനയുമായും റഷ്യയുമായുമുള്ള ഇന്ത്യയുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ ധാരണയായി.

അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ വികസന ബാങ്ക് രൂപീകരിക്കാനും തീരുമാനമായി.ഉച്ചകോടിക്കുശേഷം ചൈനീസ് വിദേശമന്ത്രി വാങ് യി ആണ് ഇക്കാര്യം അറിയിച്ചത്. ബ്രിക്സിന്റെ ന്യൂ ഡവലപ്മെന്റ് ബാങ്ക് (എന്‍ഡിബി), ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്ക് (എഐഐബി) എന്നിവയുടെ മാതൃകയിലാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. അംഗരാജ്യങ്ങള്‍ തമ്മില്‍ 10 വര്‍ഷത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് ബാങ്കിന് അനുമതിയാകുന്നത്. സാമ്പത്തിക സഹകരണവും വികസനപ്രവര്‍ത്തനങ്ങളും ഉൗര്‍ജിതമാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ലാവോസിനെ എസ്സിഒ പങ്കാളിയായി അംഗീകരിച്ചതായും വാങ് യി പറഞ്ഞു.

അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഷി ജിന്‍പിങിനെ മോദി ക്ഷണിച്ചു. പത്തംഗങ്ങളും രണ്ടു നിരീക്ഷകരും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 14 ചര്‍ച്ചാ പങ്കാളികളും ഉള്‍പ്പെടെ 26 രാഷ്ട്രങ്ങള്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഭാഗമാണ്.

അയല്‍രാജ്യമായ ചൈനയോട് അടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സിപിഎമ്മും സിപിഐയും സ്വാഗതം ചെയ്തു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍ സഹകരിച്ച് പോകുക എന്നത് ലോകത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.പുരാതനമായ രണ്ട് നാഗരികതകളായ ഇന്ത്യയുടെയും ചൈനയുടെയും സഹകരണം സ്വാഗതാര്‍ഹമാണെന്ന് സിപിഐയും വ്യക്തമാക്കി.

Next Story

RELATED STORIES

Share it