Sub Lead

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി: മൂന്നംഗ സമിതി അന്വേഷിക്കും

ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ഈ സമിതിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കുക.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി: മൂന്നംഗ സമിതി അന്വേഷിക്കും
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക അതിക്രമ പരാതി ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ഈ സമിതിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കുക.

ജസ്റ്റിസിനെ പീഡനക്കേസില്‍ കുടുക്കാന്‍ ഒരു വലിയ ശക്തി പ്രവര്‍ത്തിച്ചുവെന്ന് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാന്‍ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്. സമിതി ആദ്യം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ജെറ്റ് എയര്‍വെയ്‌സിന്റെ ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ന്‍സ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്‌സിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങള്‍ എഴുതിത്തള്ളാനുമായി നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്ന്‍സിന്റെ വെളിപ്പെടുത്തല്‍. ജെറ്റ് എയര്‍വെയ്‌സില്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

പരാതിക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it