ധബോല്‍ക്കര്‍, പന്‍സാരെ വധക്കേസ് പരിഗണിച്ച ജഡ്ജി രാജിവെച്ചു

രാജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അദ്ദേഹം കാരണമെന്തെന്നു വ്യക്തമാക്കിയിട്ടില്ല.

ധബോല്‍ക്കര്‍, പന്‍സാരെ വധക്കേസ് പരിഗണിച്ച ജഡ്ജി രാജിവെച്ചു

മുംബൈ: ഉന്നത ജുഡീഷ്യറിയെ ഞെട്ടിച്ച് ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരി രാജിവച്ചു. രാജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അദ്ദേഹം കാരണമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുമ്പാറ, അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട വേളയില്‍ താന്‍ ഓഫിസ് വിടുകയാണെന്നും ഇതെന്റെ അവസാന ദിവസമാണെന്നും ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തമാശ പറയുകയാണ് എന്നാണ് തോന്നിയത് എന്നും അതു കേട്ട് താന്‍ ഞെട്ടിത്തരിച്ചെന്നും നെടുമ്പാറ പിന്നീട് പറഞ്ഞു.

2003 നവംബര്‍ 14ന് ബോംബെ ഹൈക്കോടതിയില്‍ എത്തിയ ജസ്റ്റിസ് ധര്‍മഗിരി മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാനിരിക്കെയാണ് രാജിവച്ചൊഴിയുന്നത്. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നരേന്ദ്രധഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. യുക്തിവാദി നരേന്ദ്ര ധബോല്‍ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്നതിലെ കാലതാമസത്തെ കുറിച്ച് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ ധര്‍മഗിരി ബോംബെ ഹൈക്കോടതിയിലെ മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ തഹില്‍രമണിയും രാജിവച്ചിരുന്നു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു രാജി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ഖീസ് ബാനു കൂട്ട ബലാല്‍സംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചത് ജസ്റ്റിസ് തഹില്‍ രമണിയായിരുന്നു.

2017ല്‍ ഗുജറാത്ത് ഹൈക്കോടതയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേലും രാജിവച്ചിരുന്നു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ ഒരു ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് ആക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2004ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജസ്റ്റിസ് ജയന്ത് പട്ടേല്‍.

RELATED STORIES

Share it
Top